ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Thursday 30 August 2012

ലോക അധ്യാപകദിനം


ഇന്ത്യയില്‍ നാം സപ്റ്റംബര്‍ 5 ന് അധ്യാപകദിനം ആചരിക്കുന്നു. മുന്‍രാഷ്ട്രപതി ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് നമുക്കറിയാം.

എന്നാല്‍ ലോകഅധ്യാപകദിനം എപ്പോഴാണ് ആചരിക്കുന്നത് ? ആരാണ് ഇതിന് ലോകമാകെ നേതൃത്വം നല്‍കുന്നത്? ആ ദിനം അതിനായി തെരഞ്ഞടുത്തത് എന്തുകൊണ്ടാണ് ?

ഒക്റ്റോബര്‍ 5 ആണ് ലോക അധ്യാപകദിനമായി ആചരിക്കുന്നത്. 1994 മുതലാണ് ലോക അധ്യാപകദിനം ആചരിച്ചുതുടങ്ങിയത്. യുണസ്കോയാണ് ഇതിന് പൊതുവില്‍ നേതൃത്വം നല്‍കുന്നത്. സമൂഹത്തിന്റെ വളര്‍ച്ചയില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെയും അവരുടെ സ്ഥാനമഹിമയെയും കണക്കിലെടുത്തുകൊണ്ട് യുണസ്കോയുടെയും ഐ.എല്‍.ഒ.വിന്റെയും നേതൃത്വത്തില്‍ ഒരു രേഖ തയ്യാറാക്കുകയുണ്ടായി. പ്രസ്തുത രേഖയില്‍ അധ്യാപകരുടെ പരിശീലനം, അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, ഫലപ്രദമായ ഉത്തരവാദിത്തനിര്‍വഹണത്തിനുള്ള സാഹചര്യങ്ങള്‍, സേവനവേതന വ്യവസ്ഥകള്‍, സാമൂഹ്യസുരക്ഷ  തുടങ്ങിയവ  സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയിരിക്കുന്നു.  ഇത്തരം കാര്യങ്ങള്‍ അധ്യാപകസംഘടനകളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും രേഖയില്‍ പറഞ്ഞിരിക്കുന്നു. 1966 ഒക്ടോബര്‍ 5 ന് ആണ് ഔപചാരികമായി ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ രേഖയിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ ലോകരാജ്യങ്ങളെ ഓര്‍മിപ്പിക്കുവാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഒക്ടോബര്‍ 5 ലോക അധ്യാപകദിനമായി ആചരിക്കുന്നത്.

ലോക അധ്യാപകദിനാചരണത്തിന് നേതൃത്വവും പ്രചരണവും നല്‍കുന്ന മറ്റൊരു സംഘടന 'എജുക്കേഷന്‍ ഇന്റര്‍നാഷണല്‍' ആണ്. എതാണ്ട് നൂറിലേറെ രാജ്യങ്ങളില്‍ ലോകഅധ്യാപകദിനം ആചരിച്ചുവരുന്നു.

Recommendationconcerning the Status of Teachers എന്ന 1966 ഒക്റ്റോബര്‍ 5 ന്റെ രേഖയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment