ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Thursday 30 August 2012

നല്ല അധ്യാപകന്‍ റിട്ടയര്‍ ചെയ്യുന്നില്ല !

'വിദ്യാഭ്യാസകാലത്ത് എനിക്കൊരു ഭാഗ്യമുണ്ടായി. നല്ല ഗുരുനാഥന്മാരെ കിട്ടി എന്നതാണ് അത്.' പ്രശസ്ത സാഹിത്യകാരനായ സി.രാധാകൃഷ്ണന്റെ ഒരു ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്.

അതുപോലെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അധ്യാപകനാവാന്‍ കഴിഞ്ഞതാണ് എന്നു പറയുന്ന അധ്യാപകരെയും ധാരാളമായി കാണാം.

അധ്യാപകര്‍ അവര്‍ക്കു കിട്ടിയ കുട്ടികളെ പഠിപ്പിക്കുന്നു. അവരുടെ കഴിവിനും അധ്വാനത്തിനുമനുസരിച്ച് അവര്‍ പഠിപ്പിച്ച കുട്ടികള്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നു. ആ കുട്ടികളിലൂടെ രാജ്യം പുരോഗതിയിലേക്ക് കുതിക്കുന്നു. ഫലത്തില്‍ അധ്യാപകന്റെ മികച്ച സേവനമെന്നത് രാഷ്ട്രസേവനത്തിന്റെ ഉദാത്തമായ മാതൃകയായി മാറുന്നു. അതുകൊണ്ട് നല്ല എഞ്ചിനീയര്‍മാരെയോ നല്ല ഡോക്ടര്‍മാരെയോ നല്ല ശാസ്ത്രജ്ഞന്മാരെയോ ഉണ്ടാക്കുന്നതിലും പ്രധാനമാണ് നല്ല അധ്യാപകരുടെ നിര്‍മാണം എന്നു വരുന്നു.

കല്ലിനെ ശില്പമാക്കുന്ന മാന്ത്രികവിദ്യയിലാണ് ഒരര്‍ഥത്തില്‍ അധ്യാപകര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ട് മികച്ച അധ്യാപകരെ 'രാഷ്ട്രശില്‍പികള്‍' എന്നുതന്നെ വിളിക്കാവുന്നതാണ്.

'എനിക്ക് ആരെയും ഒന്നും പഠിപ്പിക്കാനില്ല. അവരെ ചിന്തിപ്പിക്കാനേ കഴിയൂ' എന്നു പറഞ്ഞ സോക്രട്ടീസിന് അറിയാത്ത കാര്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല! ഇപ്രകാരം തന്റെ ചിന്തയിലൂടെ സ്വന്തം രാജ്യത്തിന്റെ പെരുമ ഉയര്‍ത്തിയവരാണ് എക്കാലത്തെയും മികച്ച അധ്യാപകരായി മാറിയത്.

ഗുരുവിനെ ദൈവതുല്യമായി കരുതിവന്ന ഒരു പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. അതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് 'ഗുരുവും ദൈവവും ഒന്നിച്ചുവന്നാല്‍ ഞാന്‍ ഗുരുവിനെ നമിക്കും' എന്ന് കബീര്‍ പറഞ്ഞത്.

'ഗു' എന്നാല്‍ ഇരുട്ട് എന്നും 'രു' എന്നാല്‍ വെളിച്ചവും എന്നും അര്‍ഥമുണ്ടത്രേ. അതായത് ഇരുട്ടിനെ അകറ്റി വെളിച്ചത്തെ ആനയിക്കുന്ന വ്യക്തിയാണ് യഥാര്‍ഥ ഗുരു. 'ഗുര്‍' എന്ന വാക്കിന് ഉയര്‍ത്തുക എന്നും അര്‍ഥമുണ്ട്.  'ഗുരു' എന്നതിന് ഭാരമുള്ളത് അഥവാ വലിപ്പമുള്ളത് എന്നും അര്‍ഥമുണ്ടല്ലോ.

കേരളത്തിലുമുണ്ടായിരുന്നു മഹത്തായ ഗുരുപരമ്പരകള്‍. കൊടുങ്ങല്ലൂര്‍ ഗുരുകുലം ഒരു ഉദാഹരണമാണ്. തുടര്‍ന്നു വരുന്ന കുടിപ്പള്ളിക്കൂടങ്ങളില്‍ കുട്ടികള്‍ എഴുത്തോലയും നാരായവും തൊണ്ടും മണലും ഉപയോഗിച്ചു പഠിച്ചു.

ഗാന്ധിജിയും ടാഗോറും വിദ്യാഭ്യാസത്തില്‍ പുതുവഴി തേടിയ മഹാന്മാരായിരുന്നു. രാഷ്ട്രത്തിന് താന്‍ പലതും നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും മഹത്തരമായി പരിഗണിക്കുന്നത് താന്‍ ആവിഷ്കരിച്ച വിദ്യാഭ്യാസരീതിയാണെന്ന് മഹാത്മജി തന്നെ പറയുകയുണ്ടായി. ടാഗോറിന്റെ 'ശാന്തിനികേതന്‍' ഇന്നും മഹത്തായ വിദ്യാഭ്യാസരീതിയുടെ അനുപമമാതൃകയായി തുടരുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി ഇന്ത്യയിലെ ക്ലാസ് മുറികളിലാണ് രൂപപ്പെടുന്നത് എന്ന് ദീര്‍ഘദര്‍ശനം ചെയ്തത് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ടയായി കരുതപ്പെടുന്ന കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടാണ്.

'ഇടത്തരം അധ്യാപകര്‍ പറയുന്നു. നല്ല അധ്യാപകര്‍ വിശദീകരിക്കുന്നു. മികച്ച അധ്യാപകര്‍ ചെയ്ത് കാണിക്കുന്നു. എന്നാല്‍ മഹാനായ അധ്യാപകന്‍ പ്രചോദിപ്പിക്കുന്നു.' വില്യം ആര്‍തര്‍ വാര്‍ഡിന്റെ ഈ വാക്കുകള്‍ നമുക്ക് വഴി കാട്ടട്ടെ. പ്രചോദിപ്പിക്കുന്ന അനവധി അധ്യാപകര്‍ നമ്മുടെ അധ്യാപകപരിശീലന കേന്ദ്രങ്ങളില്‍ നിന്നും രൂപപ്പെടട്ടെ.

സ്വയം ജ്വലിക്കുന്ന ഒരു വിളക്കിനു മാത്രമേ മറ്റുള്ളവയെ ജ്വലിപ്പിക്കുവാനാവൂ. നല്ല അധ്യാപകര്‍ ഒരിക്കലും റിട്ടയര്‍ ചെയ്യുന്നില്ല എന്നു പറയുന്നത് എത്ര ശരിയാണ് ! കുട്ടികള്‍ ഉറങ്ങിക്കിടക്കുമ്പോഴും അവര്‍ക്കുവേണ്ടി ഉണര്‍ന്നിരിക്കുകയും പുതിയ പാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകുകയും ചെയ്യുന്നവരാണ് മികച്ച അധ്യാപകര്‍. സമൂഹം ഉന്നതമെന്നു കരുതുന്ന മൂല്യങ്ങളുടെ ഇരിപ്പിടമായിരിക്കും അവര്‍. അവരവര്‍ ചെയ്യാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യണമെന്ന് അവര്‍ ഒരിക്കലും നിര്‍ബന്ധം പിടിക്കില്ല.

  • നല്ല ആ അധ്യാപകര്‍ ഒരു പുഞ്ചിരിയിലൂടെ കുഞ്ഞുങ്ങളെ സ്നേഹത്തിന്റെ മഹാഭാഷ പഠിപ്പിക്കുന്നു...
  • തന്റെ ഒരു തലോടലിലൂടെ അവര്‍ കുഞ്ഞുങ്ങളില്‍ ആത്മവിശ്വാസത്തിന്റെ ഊര്‍ജപ്രവാഹം പ്രസരിപ്പിക്കുന്നു...
  • തന്നെ ആശ്രയിക്കുന്ന ഓരോ കുഞ്ഞിനും കുടുംബത്തിനും മുകളില്‍ അവര്‍ സ്നേഹത്തിന്റെ പൂമരമായി പന്തലിക്കുന്നു...

ഇതില്‍പരം മഹത്തായ എന്തുജോലിയുണ്ട് ലഭിക്കാനായി ?
സമര്‍പ്പണത്തിന്റെ ആ മഹാപാതയില്‍ നമുക്ക് അഭിമാനപൂര്‍വം അണിചേരാം.
അതിലേക്ക് പുതുതായി കടന്നു വരുന്നവരെ ഊഷ്മളമായി സ്വീകരിക്കാം.
ഈ വര്‍ഷത്തെ ദേശീയ അധ്യാപകദിനം അത്തരമൊരു ചിന്തയ്ക്ക് തിരികൊളുത്തട്ടെ.  




No comments:

Post a Comment