ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Sunday, 23 December 2012

കിനാവ് - 2013

ഡയറ്റ് ലാബ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രീ സര്‍വീസ് ട്രെയിനികളുടെ നേതൃത്വത്തില്‍ നടന്ന ദ്വിദിന സഹവാസക്യാമ്പ് , കിനാവ് - 2013 ഏറെ ശ്രദ്ധേയമായി. 2013 ഡിസംബര്‍ 21,22 തീയതികളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍മ്മല്‍ കാറടുക്ക നിര്‍വഹിച്ചു. പി. ടി. എ. പ്രസിഡന്റ് മുഹമ്മദ് മായിപ്പാടി അധ്യക്ഷത വഹിച്ചു. ക്യാംപ് കോര്‍ഡിനേറ്റര്‍ എം. വി. ഗംഗാധരന്‍ വിശദീകരണം നടത്തി. സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി. രാജന്‍, എം. ജലജാക്ഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രണ്ടാം വര്‍ഷ അധ്യാപകവിദ്യാര്‍ഥികളായ മഷൂദ സ്വാഗതവും നസീമ നന്ദിയും പറഞ്ഞു.

Saturday, 22 December 2012

NEET-UG/2012 ഓണ്‍ലൈന്‍ കറക്ഷന്‍

NEET-UG/2012 ന് അപേക്ഷിച്ചവര്‍ക്ക് അവരുടെ അപേക്ഷയില്‍ എന്തെങ്കിലും തിരുത്തുകള്‍ ആവശ്യമുണ്ടെങ്കില്‍ അതിനുള്ള ഒരവസരം ലഭ്യമാക്കിയിരിക്കുന്നു. 2013 ഫെബ്രുവരി 1 മുതല്‍ 28 വരെ ഇതിനുള്ള അവസരം www.cbseneet.nic.in. എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. അയച്ച അപേക്ഷയുടെ നിജസ്ഥിതിയും 2013 ജനവരി 15 മുതല്‍ ഇതേ സൈറ്റില്‍ ലഭ്യമാകും.

മദ്രസാ അധ്യാപക പരിശീലനം

കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം മദ്രസകളെ നവീകരിക്കുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ മദ്രസാ അധ്യാപകര്‍ക്കുള്ള പരിശീലനം നടന്നു. ബേക്കല്‍ ബി. ആര്‍. സി. യില്‍ നടന്ന പരിശീലനത്തില്‍ ഇരുപതോളം അധ്യാപകര്‍ പങ്കെടുത്തു. 1 മുതല്‍ 10 വരെയുള്ള സ്കൂള്‍ വിഷയങ്ങളില്‍ കുട്ടികളെ സഹായിക്കുന്നതിനുള്ള പരിശീലനമാണ്  പ്രത്യേകസ്കീം അനുസരിച്ച് അടുത്തിടെ നിയമിതരായ അധ്യാപകര്‍ക്ക് നല്‍കിയത്. ഡയറ്റിനായിരുന്നു പരിശീലനച്ചുമതല.


ജില്ലയിലെ പരിശീലനത്തിന്റെ ഉദ്ഘാടനം ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഡി. ഡി. ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ നിര്‍വഹിച്ചു. എ. ഇ. ഒ. രവിവര്‍മന്‍, ബി പി. ഒ. വസന്തന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡയറ്റ് ഫാക്കല്‍ട്ടി ​അംഗങ്ങള്‍, ഡി. ആര്‍. ജി. മാര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.

Sunday, 16 December 2012

സ്കൂള്‍ കുട്ടികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ രേഖ (UID)

കേരളത്തിലെ മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ്, ഗ്രാന്റ്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, മത്സരങ്ങളിലേക്കുള്ള എന്‍ട്രി തുടങ്ങിയ പല കാര്യങ്ങളും UID യുടെ അടിസ്ഥാനത്തിലാണ് നിര്‍വഹിക്കപ്പെടുക എന്നതിനാല്‍  മുഴുവന്‍ കുട്ടികള്‍ക്കും അടിയന്തിരമായി ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. അധ്യാപക പാക്കേജ്, വിദ്യാഭ്യാസ അവകാശനിയമം തുടങ്ങി മറ്റനേകം കാര്യങ്ങള്‍ക്കും UID ആവശ്യമാണ് എന്നതിനാല്‍ സമയബന്ധിതമായും തെറ്റുകൂടാതെയും UID നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചേ പറ്റൂ എന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു.

സ്കൂള്‍ കുട്ടികള്‍ക്ക് UID നല്‍കുന്നതിനുള്ള പൊതുചുമതല ഐ. ടി. @ സ്കൂളിനാണ്. സ്കൂളിലെത്തി UID പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ചുമതല അക്ഷയ, കെല്‍ട്രോണ്‍ എന്നീ ഏജന്‍സികളെ ഏല്‍പിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ഓരോ പ്രദേശത്തും ഈ ചുമതല ഏത് ഏജന്‍സിക്കാണെന്ന് കാണിക്കുന്ന പട്ടികയ്ക്ക് താഴെ ക്ലിക്ക് ചെയ്യാവുന്നതാണ്.
ഈ ഏജന്‍സി ബന്ധപ്പെടുന്നതിനനുസരിച്ച് വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കേണ്ട ചുമതല സ്കൂള്‍ ഹെഡ് മാസ്റ്റര്‍ക്കാണ്. കുട്ടിയുടെ വിവരങ്ങള്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ നിന്നും കുട്ടിയുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടും കൃത്യമായി ലഭ്യമാക്കുന്നതിനുള്ള ചുമതല ക്ലാസ് ടീച്ചര്‍ക്കാണ് നല്‍കിയിരിക്കുന്നത് . ഇതെല്ലാം സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള സര്‍ക്കുലറുകള്‍ക്ക് താഴെ ക്ലിക്ക് ചെയ്യുക.
UID ലഭിക്കുന്ന മുറയ്ക്ക് പ്രസ്തുത വിവരങ്ങള്‍ ബന്ധപ്പെട്ട് വെബ്സൈറ്റില്‍ ചേര്‍ക്കേണ്ട ചുമതല സ്കൂള്‍ ഹെഡ് മാസ്റ്റര്‍ക്കും ക്ലാസ് ടീച്ചര്‍ക്കുമായിരിക്കും. താഴെ ചേര്‍ത്ത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബന്ധപ്പെട്ട സൈറ്റില്‍ ലോഗിന്‍ ചെയ്യാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ തൊട്ടുതാഴെയുള്ള ലിങ്കിലും നല്‍കിയിരിക്കുന്നു. കൂടുതല്‍ സംശയങ്ങള്‍ എന്തുണ്ടായാലും ഐ. ടി. @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെടാന്‍ മടിക്കരുത്.

Saturday, 15 December 2012

LASER ശില്പശാല

ശാസ്ത്രപഠനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഐ. ടി. @ സ്കൂളുമായിച്ചേര്‍ന്ന് കാസര്‍ഗോഡ് ഡയറ്റ് ആവിഷ്കരിച്ച LASER (Learning Advancement in Science through Experiments & educational technology Resources) പദ്ധതിയ്ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള ആസൂത്രണശില്പശാലയ്ക്ക് ഐ. ടി. @ സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍ തുടക്കമായി.
ഐ. ടി. ഫാക്കല്‍ട്ടി അംഗം സുരേഷ് കോക്കോട്ട് സ്വാഗതമാശംസിച്ചു.
ഈ വര്‍ഷം ഏതാനും സ്കൂളുകളില്‍ ട്രൈ ഔട്ട് നടത്തുന്ന 'ലേസര്‍' ഫലപ്രാപ്തി വിലയിരുത്തിയശേഷം അടുത്ത വര്‍ഷം കൂടുതല്‍ സ്കൂളുകളില്‍ വ്യാപിപ്പിക്കുമെന്ന് പദ്ധതി രൂപരേഖ അവതരിപ്പിച്ചുകൊണ്ട് ഡയറ്റിലെ സയന്‍സ് ഫാക്കല്‍ട്ടി ഡോ. രഘുറാം ഭട്ട് സൂചിപ്പിച്ചു.
ശാസ്ത്രപഠനത്തിന്റെ അന്വേഷണാത്മകതയ്ക്ക് കോട്ടം തട്ടാതെ വേണം ഐ. ടി. ഉപയോഗിക്കേണ്ടതെന്ന് ഐ. ടി. ഫാക്കല്‍ട്ടി സീനിയര്‍ ലക്ചറര്‍ പി. വി. പുരുഷോത്തമന്‍ വ്യക്തമാക്കി.
ഐ. സി. ടി. സാമഗ്രികള്‍ ടീച്ചിങ്ങ് മാനുവലില്‍ ലിങ്ക് ചെയ്തുകൊണ്ടുള്ള e-TM, അധ്യാപകര്‍ക്കുള്ള അധികവിഭവങ്ങള്‍, ഹാന്റ് ബുക്കിന്റെയും പാഠപുസ്തകത്തിന്റെയും ഡിജിറ്റല്‍ കോപ്പികള്‍ എന്നിവ ഉബുണ്ടുവിന്റെ സയന്‍സ് റിസോഴ്സസ് ലിങ്ക് വഴി കാണാന്‍ പറ്റുന്ന രൂപത്തില്‍ ഉത്പന്നങ്ങള്‍ തയ്യാറാക്കാമെന്ന് മാസ്റ്റര്‍ ട്രെയിനര്‍മാരായ ശങ്കരന്‍, ബാബു ​എന്നിവര്‍ വിശദീകരിച്ചു.
സി. ഡി. ഉപയോഗിച്ച് അധ്യാപകര്‍ക്കുതന്നെ സ്വയം ഇന്‍സ്റ്റാള്‍ കഴിയുന്ന രൂപത്തില്‍ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കാവുന്നതാണെന്ന് മാസ്റ്റര്‍ ട്രെയിനര്‍ രാജന്‍ അഭിപ്രായപ്പെട്ടു.
ശശിധര, മുരളീധരന്‍, ജനാര്‍ദ്ദനന്‍, ബാലാമണി, ദിലീപന്‍, നാരായണന്‍, രാജീവന്‍, അനൂപ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ന്ന് ഏഴാം തരത്തിലെ 'പുളിയുടെ രഹസ്യം' , 'പാത്രത്തിന്റെ  ശാസ്ത്രം' എന്നീ അധ്യായങ്ങള്‍ പരീക്ഷണങ്ങള്‍, ഐ. സി. ടി. ഉപാധികള്‍, മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉപയോഗിച്ച് സമയബന്ധിതമായും ഫലപ്രദമായും പഠിപ്പിക്കുന്നതിനുള്ള ടീച്ചിങ്ങ് മൊഡ്യൂളുകള്‍ വികസിപ്പിച്ചു.
ജനവരി ആദ്യവാരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ അധ്യാപകര്‍ക്കുള്ള പരിശീലനം നടക്കും. 2013 ജനവരി 15 മുതല്‍ ഫിബ്രവരി 15 വരെയാണ് സ്കൂള്‍തല നിര്‍വഹണം.
 


Thursday, 13 December 2012

വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഏകദിനശില്പശാല

ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഏകദിനശില്പശാല ജില്ലാ പഞ്ചായത്ത് കോള്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ശ്രീകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷനായിരുന്നു.
തുടര്‍ന്ന് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാനേജ്മെന്റ് പരിശീലനം, ക്ലസ്റ്റര്‍ എന്നിവയുടെ ഫലപ്രാപ്തിയും പങ്കാളിത്തവും അവലോകനം ചെയ്തു. കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയില്‍ നടന്ന സ്കൂള്‍ മോണിറ്ററിങ്ങും ബേക്കല്‍ സബ് ജില്ലയില്‍ ക്ലസ്റ്റര്‍ പരിശീലനത്തില്‍ അധ്യാപകരെ പങ്കെടുപ്പിക്കാന്‍ നടന്ന ശ്രമവും മാതൃകാപരമാണെന്ന വിലയിരുത്തലുണ്ടായി. അടുത്ത ടേമിലെ പ്രവര്‍ത്തനങ്ങളില്‍ ഏതേത് മേഖലകളില്‍ ഊന്നണമെന്ന് തീരുമാനിച്ചു.
അടുത്ത ഒരാഴ്ചക്കുള്ളില്‍ നടക്കേണ്ട ഹെഡ് മാസ്റ്റര്‍ പരിശീലനത്തിന്റെ മൊഡ്യൂള്‍ സീനിയര്‍ ലക്ചറര്‍ കമലാക്ഷന്‍ അവതരിപ്പിച്ചു. സബ് ജില്ലാ തലത്തില്‍ ഗ്രൂപ്പായിരുന്ന് നടത്തിയ ചര്‍ച്ചകള്‍ക്ക് ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ പി. വി. പുരുഷോത്തമന്‍, വേണുഗോപാലന്‍, രാമചന്ദ്രന്‍ എന്നിവര്‍ മറുപടികള്‍ നല്‍കി.
മൊത്തം ചര്‍ച്ചകളെ ക്രോഡീകരിച്ചുകൊണ്ട് അടുത്ത ഹെഡ് മാസ്റ്റര്‍ കോണ്‍ഫറന്‍സ് വന്‍വിജയമാക്കേണ്ടതിന്റെ പ്രാധാന്യം ഡയറ്റ് പ്രിന്‍സിപ്പല്‍ സി. എം. ബാലകൃഷ്ണന്‍ ഊന്നിപ്പറഞ്ഞു.
ഡയറ്റിന്റെ പരിശീലനങ്ങളെ സംബന്ധിച്ച് സീനിയര്‍ ലക്ചറര്‍ ഡോ. പി. രാജനും എസ്. എസ്. എ യുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യതീശ്വര്‍ റായിയും ഐ. ടി. @ സ്കൂള്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷും വിശദീകരണങ്ങള്‍ നല്‍കി.
എസ്. എസ്. എ ജില്ലാ കോര്‍ഡിനേറ്റര്‍ ഭാസ്കരന്‍, ഡി. ഇ. ഒ മാരായ വേലായുധന്‍, സത്യനാരായണറാവു എന്നിവരും  വിവിധ സബ് ജില്ലകളെ പ്രതിനിധീകരിച്ചെത്തിയ എ. ഇ. ഒ, ബി. പി. ഒ, ഹെഡ് മാസ്റ്റര്‍ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Thursday, 6 December 2012

ടി.ടി.സി. - മുന്‍വര്‍ഷത്തെ ചോദ്യങ്ങള്‍

ടി.ടി. സി. പരീക്ഷ മാര്‍ച്ച് 11 മുതല്‍ 21 നടക്കുമെന്ന അറിയിപ്പ് വന്നുകഴിഞ്ഞു. ഒന്നാം വര്‍ഷക്കാര്‍ക്ക് വിദ്യാഭ്യാസത്തിന്റെ മന:ശാസ്ത്രപരമായ അടിത്തറ, വിദ്യാഭ്യാസത്തിന്റെ ദാര്‍ശനികവും സാമൂഹ്യശാസ്ത്രപരവും ചരിത്രപരവുമായ അടിത്തറ എന്നിങ്ങനെ രണ്ടു പേപ്പറുകളിലാണ് പരീക്ഷ. ഫെബ്രുവരി മാസമാകുമ്പോഴേക്കും ബാഹ്യപരീക്ഷാ ബോര്‍ഡ് എത്തും. ഇനി രണ്ടുമാസം ബാക്കി. അതില്‍ ഒരാഴ്ച സ്കൂള്‍ സന്ദര്‍ശനത്തിനുള്ള കാലമാണ്. അതിനുമുമ്പേ തിയറി ക്ലാസുകളും സി. ഇ. പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകണം.

ടി. ടി. സി. ഒന്നാം വര്‍ഷ മന:ശാസ്ത്രം പേപ്പറുമായി ബന്ധപ്പെട്ട ഒട്ടേറെ സാമഗ്രികള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കുറച്ചുപേരെങ്കിലും അവ പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

2009, 2010, 2011, 2012 വര്‍ഷങ്ങളില്‍ മന:ശാസ്ത്രത്തില്‍ പൊതുപരീക്ഷയ്ക്കു വന്ന ചോദ്യങ്ങള്‍
'ടി. ടി. സി. സഹായി' എന്ന  ലിങ്കില്‍ നിന്നും ലഭ്യമാകുന്നതാണ്. പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ചോദ്യമാതൃകകളുമായുള്ള ബന്ധം സഹായകമാവും.  

NEET(UG) - 2013 ന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ഏറെ

അഖിലേന്ത്യാ തലത്തില്‍ MBBS, BDS കോഴ്സുകള്‍ക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവേശനപരീക്ഷയായ NEET(UG) - 2013 ന് അപേക്ഷിക്കാന്‍ സമയമായിരിക്കുന്നു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പിഴ കൂടാതെ 2012 ഡിസംബര്‍ 31 നുള്ളിലും പിഴയോടു കൂടിയാണെങ്കില്‍ 2013 ജനവരി 31 ന് ഉള്ളിലും ഓള്‍ലൈന്‍ അപേക്ഷ നല്‍കണം.

അപേക്ഷാഫീസ് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വഴിയോ, കനറാ ബാങ്ക് / സിന്റിക്കേറ്റ് ബാങ്ക് / പോസ്റ്റ്  ഓഫീസ് വഴിയോ  അടക്കാം. ഇതിനുള്ള ചെലാന്‍ CBSE യുടെ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.
തുടര്‍ന്ന് 1000 രൂപ CBSE യുടെ അക്കൗണ്ടില്‍ അടക്കണം. അതിനുള്ള സഹായം ബാങ്ക് / പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും.

ഫീസ് അടച്ചതിന്റെ വിവരങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് കണ്‍ഫര്‍മേഷന്‍ പേജ് കിട്ടാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പേജ് വലിപ്പത്തില്‍ കണ്‍ഫര്‍മേഷന്‍ പേജ് വരും. അത് പ്രിന്റ് ചെയ്യണം. ഇതിനെല്ലാമുള്ള സഹായങ്ങള്‍ ഇന്റര്‍നെറ്റ് സെന്ററുകളില്‍ നിന്ന് ലഭിക്കും.

പ്രിന്റ് ഇന്റര്‍നെറ്റ് എക്സ് പ്ലോളററിന്റെ വേര്‍ഷന്‍ 7 അഥവാ 8 ഉപയോഗിച്ച് എടുക്കുകയാണെങ്കില്‍ A4 സൈസില്‍ തന്നെ കിട്ടും. അങ്ങനെയല്ലെങ്കില്‍ പലപ്പോഴും A3 പ്രിന്റ് ആണ് ലഭിക്കുന്നതായി കാണുന്നത്. 

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അയക്കാന്‍ ഉപയോഗിക്കേണ്ട കവറിന്റെ വലിപ്പമാണ്. A5 സൈസിലുള്ള കവര്‍ എന്നും ബ്രാക്കറ്റില്‍ 12 X 10 ഇഞ്ച് വലിപ്പമെന്നും പറഞ്ഞിരിക്കുന്നു. യഥാര്‍ഥത്തില്‍ A5 സൈസ് എന്നത് 12 X 10 ഇഞ്ച് വലിപ്പത്തിന്റെ പകുതിയേ കാണൂ. അതു പോരാ. 
അതിനാല്‍ A4 സൈസിലുള്ള കവര്‍ തന്നെ വാങ്ങുന്നതാണ് നല്ലത്. ഇതിന് എതാണ്ട് 12 X 10 ഇഞ്ച് വലിപ്പം വരും.

കണ്‍ഫര്‍മേഷന്‍ പേജില്‍ കുട്ടി, രക്ഷിതാവ്, HSS സ്കൂളിന്റെ പ്രിന്‍സിപ്പല്‍ അഥവാ ഗസറ്റഡ് ഓഫീസര്‍ എന്നിവരുടെ ഒപ്പു വേണം. ഒപ്പം കുട്ടിയുടെ ഇടതു ചുണ്ടുവിരലിന്റെ അടയാളവും വേണം. രണ്ട് ഫോട്ടോയാണ് ഒട്ടിക്കേണ്ടത്. ഒന്നില്‍ നേരത്ത സൂചിപ്പിച്ച ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഒപ്പിട്ടിരിക്കണം. ഫോട്ടോവിന്റെ പിറകില്‍ കുട്ടിയുടെ പേര്, അപ്ലിക്കേഷന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ബോള്‍ പോയിന്റ് പേന കൊണ്ട് എഴുതണം. കവറിന്റെ മുകളില്‍ ഒട്ടിക്കാനുള്ള അഡ്രസ് പേജ് സൈറ്റില്‍ നിന്നു തന്നെ ഡൗണ്‍ലോഡ് ചെയ്യണം.

ചുരുക്കത്തില്‍ വളരെ ശ്രദ്ധയോടെ വേണം ഓരോ കാര്യവും ചെയ്യാന്‍. അല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഇതൊക്കെ എളുപ്പമാണെങ്കിലും സാധാരണക്കാര്‍ക്ക് അല്പം പ്രയാസപ്പെടേണ്ടിവരും. കമ്പ്യൂട്ടര്‍ സെന്ററുകാര്‍ കാര്യങ്ങള്‍ ചെയ്തുതരുമെങ്കിലും നമ്മുടെ ശ്രദ്ധയും പ്രധാനമാണ്.

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ പേജ്, നിശ്ചിതഫീസടച്ചതിന്റെ രേഖ സഹിതം  CBSE യുടെ അസിസ്റ്റന്റ് സെക്രട്ടരിയുടെ പേരില്‍ 10.01.2013 ന് ഉള്ളില്‍ അയക്കണം.

വിലാസം :

The Assistant Secretary (NEET)
Central Board of Secondary Education,
Shiksha Kendra, 2, Community Centre,
Preet Vihar, Delhi-110 092.


2013 മെയ് 5 ന് ആണ് പ്രവേശന പരീക്ഷ. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവയാണ് അപേക്ഷാകേന്ദ്രങ്ങള്‍. ഒറ്റഘട്ടത്തില്‍ അവസാനിക്കുന്ന എഴുത്തുപരീക്ഷ വഴിയാണ് അര്‍ഹരായവരെ കണ്ടെത്തുക. ഇത് ഒബ്ജക്റ്റീവ് രീതിയിലുള്ള പരീക്ഷ ആയിരിക്കും.

NEET (UG) - 2013 നെ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് ഇവിടെ ക്ലിക്ക് ചെയ്യാം. ഇതില്‍ ഈ പരീക്ഷയെ സംബന്ധിച്ചും അപേക്ഷിക്കേണ്ട രീതിയെ കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഉണ്ട്.

മറ്റു വിവരങ്ങളും അപേക്ഷാഫോമും www.cbseneet.nic.in  എന്ന സൈറ്റില്‍ ക്ലിക്ക് ചെയ്താല്‍ ലഭ്യമാണ്.

Wednesday, 5 December 2012

JEE(Main) - 2013 പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ഏറെ

ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ - 2013 വഴിയാണ് ഈ വര്‍ഷം അഖിലേന്ത്യാ തലത്തിലുള്ള എന്‍ജിനീയറിങ്ങ് പ്രവേശനത്തിന് അര്‍ഹരായവരെ കണ്ടെത്തുക. ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ ഇതിനകം തന്നെ വരികയുണ്ടായി.

പ്രസ്തുത പരീക്ഷ രണ്ടു ഘട്ടങ്ങളായാണ് നടക്കുക. ഒന്നാം ഘട്ട പരീക്ഷയുടെ പേര്  JEE(Main) എന്നാണ് . ഈ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 15 ആണ്. പ്രസ്തുത അപേക്ഷയുടെ പ്രിന്റ് എടുത്ത് അയക്കേണ്ട അവസാനതീയതി ഈ മാസം 26 ആണ്.

അപേക്ഷ ഓണ്‍ലൈനില്‍ അയക്കുന്ന പ്രക്രിയയ്ക്ക് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. ഒന്നാം ഘട്ടത്തില്‍ ബന്ധപ്പെട്ട സൈറ്റില്‍ കയറി ആവശ്യപ്പടുന്ന വിവരങ്ങള്‍ നല്‍കണം. രണ്ടാം ഘട്ടത്തില്‍ ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്നും ഡി. ഡി. എടുത്ത് അതിന്റെ വിവരങ്ങള്‍ നല്‍കണം. മൂന്നാം ഘട്ടം കൂടി പിന്നിടുമ്പോള്‍ ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ പേജാണ് അപേക്ഷയെന്ന നിലയില്‍ പോസ്റ്റല്‍ ആയി അയക്കേണ്ടത്.

ഈ കണ്‍ഫര്‍മേഷന്‍ പേജില്‍ കുട്ടി, രക്ഷിതാവ്, HSS പ്രിന്‍സിപ്പല്‍ അഥവാ ഒരു ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ടിരിക്കണം. കുട്ടിയുടെ ഇടതുകൈവിരലിന്റെ ചുണ്ടൊപ്പും വേണം. രണ്ട് ഫോട്ടോവാണ് ഒട്ടിക്കേണ്ടത്. ഫോട്ടോയുടെ സൈസ്  3 X 4 ഇഞ്ച് ആണ് വേണ്ടത്. ഇത്  സാധാരണ പാസ്പോര്‍ട്ട്സൈസിനെക്കാളും അല്‍പം കുറവാണ്. ഇതില്‍ ഒരു ഫോട്ടോ നേരത്തെ സൂചിപ്പിച്ച ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണം.

പ്രിന്റ് എടുക്കുമ്പോള്‍ ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കണം. A4 സൈസ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കിട്ടണമെങ്കില്‍ ഇന്റര്‍നെറ്റ് എക്സ് പ്ലോററിന്റെ വേര്‍ഷന്‍ 7 അഥവാ 8 ഉപയോഗിച്ച് പ്രിന്റ് എടുക്കണം. അങ്ങനെയല്ലെങ്കില്‍ A3 സൈസിലുള്ള പ്രിന്റ് ആണ് കിട്ടുക. ഇന്റര്‍നെറ്റ് സെന്ററുകാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നില്ല.

ഡി. ഡി.യുടെ പിറകില്‍ കുട്ടിയുടെ പേര്, അപ്ലിക്കേഷന്‍ നമ്പര്‍ എന്നിവ എഴുതാന്‍ മറക്കരുത്.

അയക്കുന്നതിന് മുമ്പ്  എല്ലാറ്റിന്റെയും ഓരോ ഫോട്ടോ കോപ്പി എടുത്ത് വയ്ക്കുന്നത് നല്ലതാണ്.

JEE(Main) ന് രണ്ട് പേപ്പറുകളുണ്ട്. ഒന്നാം പേപ്പര്‍ മാത്രമായോ രണ്ടുപേപ്പറും ചേര്‍ത്തോ എഴുതാം. ഒന്നാം പേപ്പര്‍ എഴുത്ത് പരീക്ഷാ രീതിയിലോ ഓണ്‍ലൈന്‍ രീതിയിലോ എഴുതാം. രണ്ടാം പേപ്പര്‍ എഴുത്തു പരീക്ഷ മാത്രമാണ്. ആര്‍ക്കിടെക്റ്റ് / പ്ലാനിങ്ങ്  കോഴ്സിനു ചേരാന്‍ ആഗ്രഹിക്കുന്നവരേ രണ്ടാം പരീക്ഷ എഴുതേണ്ടതുള്ളൂ. രണ്ടു പേപ്പറുകളുടെയും എഴുത്തു പരീക്ഷകള്‍ 2013 ഏപ്രില്‍ 7 ന് രാവിലെയും വൈകുന്നേരവുമായി നടക്കും. ഒന്നാം പേപ്പറിന്റെ കമ്പ്യൂട്ടര്‍ രീതിയിലുള്ള പരീക്ഷ ഏപ്രില്‍ 8 മുതല്‍ 25 വരെയുള്ള ഏതെങ്കിലും ഒരു ദിവസമായിരിക്കും. NIT കള്‍ , IIIT കള്‍, CFTI കള്‍ , SFI കള്‍, വിവിധ സംസ്ഥാനങ്ങളിലെ എന്‍ജിനീയറിങ്ങ് കോളേജുകള്‍ എന്നിവിടങ്ങളിലെ പ്രവേശനം ഈ പരിക്ഷയിലെ സ്കോറും +2 മാര്‍ക്കും യഥാക്രമം 60%, 40% എന്ന തോതില്‍  പരിഗണിച്ചുകൊണ്ടായിരിക്കും.

രണ്ടാം ഘട്ട പരീക്ഷയുടെ പേര്  JEE(Advanced) എന്നാണ്. JEE(Main) പരീക്ഷയില്‍ മുന്നില്‍ വരുന്ന 1,50,000 പേരെയാണ് JEE(Advanced) എഴുതാന്‍ അനുവദിക്കുക.  IIT കള്‍, ISM Dhanbad എന്നിവിടങ്ങളിലേക്ക് പ്രവേശനം കിട്ടണമെങ്കില്‍ JEE(Advanced) പരീക്ഷയില്‍  മുന്നില്‍ വരണം. ഈ പരീക്ഷ 2013 ജൂണ്‍ 2 ന് നടക്കും.

വിശദാംശങ്ങള്‍ അടങ്ങിയ ബുള്ളറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.

അപേക്ഷാഫാറത്തിനും മറ്റു വിവരങ്ങള്‍ക്കും www.jeemain.nic.in എന്ന വെബ്സൈറ്റ് നോക്കുക.

Tuesday, 4 December 2012

എയ്ഡ്സ് ബോധവത്കരണ റാലി

കാസര്‍ഗോഡ് ഡയറ്റിലെ എന്‍. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എയ്ഡ്സ് ബോധവത്കരണ റാലി നടത്തി. പുത്തിഗെ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്ത പാട്ടാളി റാലി ഉദ്ഘാടനം ചെയ്തു. മധൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സിന്ധു ആശംസകള്‍ നേര്‍ന്നു. ഒന്നാം വര്‍ഷ ടി. ടി. സി. വിദ്യാര്‍ഥികളായ സൂര്യ സ്വാഗതവും ജയപ്രസാദ് നന്ദിയും ആശംസിച്ചു. എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. കെ. രഘുരാമഭട്ട് റാലിക്ക് നേതൃത്വം നല്‍കി.
ഉദ്ഘാടനം : ജയന്ത പാട്ടാളിഉച്ചയ്ക്ക് ശേഷം മായിപ്പാടി ഡയറ്റ് ക്യാമ്പസില്‍ നടന്ന ആരോഗ്യക്ലാസില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജിയിലെ എയ്ഡ്സ് സെല്‍ മേധാവി ലിജി ക്ലാസ് കൈകാര്യം ചെയ്തു.

LSS, USS മാതൃകാ ചോദ്യങ്ങള്‍

എല്‍. എസ്. എസ്, യു. എസ്. എസ്. പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 2010 - 11 വര്‍ഷം മുതല്‍ രണ്ടിന്റെയും ചോദ്യരീതിയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ രീതിയിലുള്ള ചോദ്യമാതൃകകള്‍ കുട്ടികള്‍ പരിചയപ്പെടുന്നത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കും എന്നതില്‍ സംശയമില്ല. ഇത്തരം ചോദ്യങ്ങള്‍ ശേഖരിച്ചും മാതൃക പ്രകാരം നിര്‍മിച്ചു നല്‍കിയും കുട്ടികളെ സഹായിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കുമല്ലോ. ചില മാതൃകാ ചോദ്യാവലികള്‍ ചുവടെ ചേര്‍ക്കുന്നു.

Monday, 3 December 2012

സ്കൂള്‍ ഐ. ടി. കോര്‍ഡിനേറ്റര്‍ പരിശീലനം

കാസര്‍ഗോഡ് ജില്ലയിലെ പ്രൈമറി സ്കൂള്‍ ഐ. ടി. കോര്‍ഡിനേറ്റര്‍മാരുടെ ആദ്യബാച്ചുകളുടെ പരിശീലനം ആരംഭിച്ചു. കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വര്‍ ഉപജില്ലകളിലെ അധ്യാപകരുടെ പരിശീലനം ഐ. ടി.@ സ്കൂളിന്റെ ജില്ലാ റിസോഴ്സ് സെന്ററില്‍ ഐ. ടി.@ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. ഐ. ടി @ സ്കൂള്‍ പ്രോജക്റ്റിലൂടെ കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ഉണ്ടായ അഭിമാനകരമായ വളര്‍ച്ചയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ പുരുഷോത്തമന്‍ കോഴ്സിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ച് സംസാരിച്ചു. മാസ്റ്റര്‍ ട്രെയിനര്‍ ബാബു സ്വാഗതമാശംസിച്ചു. മാസ്റ്റര്‍ ട്രെയിനര്‍മാരായ ബാബു, രാജന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഉച്ചയ്ക്കുശേഷം ഡി. ഡി. ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ, ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്‍ എന്നിവര്‍ സെന്റര്‍ സന്ദര്‍ശിച്ചു.
 ഹോസ്ദുര്‍ഗ്, ചിറ്റാരിക്കല്‍, ബേക്കല്‍, ചെറുവത്തൂര്‍ സബ് ജില്ലകളിലെ അധ്യാപകരുടെ പരിശീലനം സമാന്തരമായി പെരിയ ഹയര്‍ സെക്കന്ററി സ്കൂളിലാണ് നടന്നത്. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ജലജാക്ഷി കോഴ്സിന്റെ വിശദീകരണം നടത്തി. മാസ്റ്റര്‍ ട്രെയിനര്‍മാരായ ശ്രീധരന്‍, വിജയന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡയറ്റ് ലക്ചറര്‍ സുരേഷ് കൊക്കോട് സെന്ററില്‍ സന്ദര്‍ശനം നടത്തി.
ഈ ബാച്ചുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചവരെ കൂടി ഉള്‍പ്പെടുത്തി റിസോഴ്സ് ടീമിനെ വികസിപ്പിക്കാനും കൂടുതല്‍ ബാച്ചുകള്‍ക്ക് ഒരേ സമയം പരിശീലനം നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്.

Friday, 23 November 2012

രണ്ടാം പാദവാര്‍ഷിക പരീക്ഷ

2012 - 13 വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 13 മുതല്‍ 21 വരെ നടക്കും. പരീക്ഷയുടെ ടൈം ടേബിളിന് താഴെ ക്ലിക്ക് ചെയ്യുക. 1 മുതല്‍ 7 വരെ ക്ലാസുകളിലേക്കുള്ള ചോദ്യങ്ങള്‍ എസ്. എസ്. എ യും 8 മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള ചോദ്യങ്ങള്‍ എസ്. സി. ഇ. ആര്‍. ടി യും തയ്യാറാക്കും.
രണ്ടാം പാദവാര്‍ഷിക പരീക്ഷയില്‍ ഒന്നാം ടേമില്‍ നിന്ന് 20% ചോദ്യങ്ങളും രണ്ടാം ടേമില്‍ നിന്ന് 80% ശതമാനം ചോദ്യങ്ങളുമാണ് ഉണ്ടാവുക.

Wednesday, 21 November 2012

ന്യൂ മാത് സ് സബ് ജില്ലാതല റിസല്‍ട്ട്

നവമ്പര്‍ 17 നു നടന്ന ഉപജില്ലാതല ന്യൂ മാത് സ് മത്സരപരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു തുടങ്ങി. റിസല്‍ട്ടിന് താഴെ ക്ലിക്ക് ചെയ്യുക.

ഐ മാത്ത് ക്യാംപ് - 2012

ദേശീയ ഗണിതവര്‍ഷാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ഡയറ്റും എസ്.എസ്. എ യും ജില്ലാ മാത് സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഐ മാത് ഗണിതശാസ്ത്രക്യാംപ് - 2012 ശ്രദ്ധേയമായി. ജില്ലയിലെ 1500 ഓളം പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളും 225 ഓളം അധ്യാപകരും രണ്ടു ദിവസം നീണ്ടുനിന്ന സഹവാസക്യാംപില്‍ സജീവമായി പങ്കെടുത്തു. ജില്ലയിലെ 38 പഞ്ചായത്തുകളിലെയും 3 മുനിസിപ്പാലിറ്റികളിലെയും മുഴുവന്‍ യു. പി. സ്കൂള്‍ വിദ്യാര്‍ഥികളും ക്യാംപിന്റെ ഭാഗമായി. നവമ്പര്‍ 14, 15 തീയതികളില്‍ 21 കേന്ദ്രങ്ങളില്‍ ഒരേസമയത്ത് ഗണിതവിസ്മയത്തിന്റെ ആകാശങ്ങളിലൂടെ കുട്ടികള്‍ ഒരേ മനസ്സോടെ സഞ്ചരിക്കുകയായിരുന്നു. ഒരേസമയം നടന്ന ഇത്തരമൊരു കൂട്ടായ്മ കാസര്‍ഗോഡ് ജില്ലയെ സംബന്ധിച്ച് പുതിയ ഒരനുഭവമായിരുന്നു.

 ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം കുന്നുംകൈ യു. പി. സ്കൂളില്‍ വെച്ചു നടന്നു. കാസര്‍ഗോഡ് ഡപ്യൂട്ടി കളക്ടര്‍ ആണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. ഡി. ഡി. ഇ, ഡയറ്റ് പ്രിന്‍സിപ്പല്‍, ഡി.ഇ.ഒ മാര്‍, എ. ഇ. ഒ മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കുട്ടികളില്‍ ചിന്തയുടെ ഗണിതവല്‍കരണം വികസിപ്പിക്കുന്നതില്‍ ക്യാംപ് വലിയ പങ്കു വഹിച്ചു.

Saturday, 17 November 2012

ഓര്‍ക്കാം, ചാച്ചാജിയെ

കുട്ടികളുടെ പ്രിയകൂട്ടുകാരനും ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണ് ഇക്കഴിഞ്ഞ നവംബര്‍ 14ന് കടന്നുപോയത്.
മോത്തിലാല്‍ നെഹ്റുവിന്റെയും സ്വരൂപ്റാണിയുടെയും പുത്രനായി 1889 നായിരുന്നു ജവഹറിന്റെ ജനനം. 'ജവഹര്‍' എന്ന അറബിവാക്കിന്റെ അര്‍ഥം അമൂല്യരത്നം എന്നത്രെ. 'ലാല്‍' എന്നാല്‍ പ്രിയപ്പെട്ടവന്‍ എന്നും.
നെഹ്റു ഉന്നതവിദ്യാഭ്യാസം നേടിയത് ബ്രിട്ടനില്‍ നിന്നായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും അതിലും മികച്ച ലോകവീക്ഷണവുമായാണ് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയത്.
1916 ലെ ലക് നോ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ് നെഹ്റു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. ആ യുവാവിന്റെ വര്‍ധിച്ച കര്‍മോത്സുകതയും പുരോഗമനപരമായ കാഴ്ചപ്പാടുകളും ഗാന്ധിജിയെ അതിവേഗം ആകര്‍ഷിച്ചു. ഗാന്ധിജിയുടെ പ്രതീക്ഷയ്ക്കൊത്ത് സ്വാതന്ത്ര്യകാംക്ഷികളായ ഇന്ത്യക്കാരുടെ  പ്രിയനേതാക്കളില്‍ ഒരാളായി  നെഹ്റു അതിവേഗം മാറി; സ്വാതന്ത്ര്യാനന്തരം കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായും.
കുട്ടികളെ അത്രയേറെ ഇഷ്ടപ്പെട്ട നെഹ്റുവിനെ ചാച്ചാജി എന്ന് അവര്‍ സ്നേഹത്തോടെ വിളിച്ചു.


കമ്പ്യൂട്ടര്‍ പരിശീലനം കന്നഡയില്‍

ഡയറ്റിലെ കന്നഡ മീഡിയം അധ്യാപകവിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക കമ്പ്യൂട്ടര്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയായി. കന്നഡ മീഡിയത്തില്‍ തന്നെ പരിശീലനം നടത്താന്‍ ഐ.ടി.അറ്റ് സ്കൂളിലെ മാസ്റ്റര്‍ ട്രെയിനര്‍മാരായ ബര്‍ണാര്‍ഡ്, നാരായണ എന്നിവരുടെ സേവനം ലഭ്യമായി. കന്നഡയില്‍ കീബോര്‍ഡ് ക്രമീകരിക്കാനും അതുവഴി വിവരണം തയ്യാറാക്കല്‍, പ്രസന്റേഷന്‍ തയ്യാറാക്കല്‍, മെയില്‍ അയക്കല്‍, ശബ്ദം നല്‍കല്‍ തുടങ്ങിയവ നിര്‍വഹിക്കാനും കഴിഞ്ഞത് അധ്യാപകരാവാന്‍ തയ്യാറെടുക്കുന്ന പഠിതാക്കള്‍ക്ക് വലിയ ആത്മവിശ്വാസം പ്രദാനം ചെയ്തു. കൂടാതെ സൗണ്ട്, വീഡിയോ എന്നിവ എഡിറ്റ് ചെയ്യാനും ശബ്ദം, ചിത്രം, വീഡിയോ തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യാനും പഠിച്ചത് ഭാവിയിലെ അധ്യാപകരാവാനുള്ള അവരുടെ ശേഷി പതിന്മടങ്ങ് വര്‍ധിപ്പിച്ചതായി പഠിതാക്കള്‍ വിലയിരുത്തി.കമ്പ്യൂട്ടര്‍ പരിശീലനം കൂടി നേടി അധ്യാപകരാവാന്‍ തയ്യാറെടുക്കുന്ന പുതിയ തലമുറയെ പഴയ തലമുറയില്‍ പെട്ട തന്നെപ്പോലുള്ളവര്‍ അസൂയയോടെയാണ് വീക്ഷിക്കുന്നതെന്ന് കോഴ്സ് ഉദ്ഘാടനം ചെയ്ത ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.കമലാക്ഷന്‍ പറഞ്ഞു. ഇത്തരം സാങ്കേതികവിദ്യകള്‍ പുതിയ കാലത്തെ അധ്യാപനത്തില്‍ അനന്തസാധ്യതകള്‍ ഒരുക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കന്നഡ ടീച്ചര്‍ എജുക്കേറ്റര്‍ കെ.വി.സത്യനാരായണറാവു അധ്യക്ഷത വഹിച്ചു. പി.വി.പുരുഷോത്തമന്‍, നാരായണ എന്നിവര്‍ പ്രസംഗിച്ചു.

Saturday, 10 November 2012

TTC പരീക്ഷ മാര്‍ച്ച് 11 മുതല്‍

2012 - 13 വര്‍ഷത്തെ TTC പരീക്ഷ മാര്‍ച്ച് 11 മുതല്‍ 21 വരെ നടക്കും. വിശദാംശങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന് ഇവിടെ ക്ലിക്ക് ചെയ്യുക

LSS,USS 2013 പരീക്ഷ

2012-13 വര്‍ഷത്തെ LSS, USS പരീക്ഷയുടെയും പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയുടെയും തീയതികള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
  •  LSS പരീക്ഷ - 2013 ഫെബ്രുവരി 2 ശനി
  •  USS പരീക്ഷ - 2013 ഫെബ്രുവരി 2 ശനി
  •  പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷ - 2013 ഫെബ്രുവരി 16  ശനി
കൂടുതല്‍ വിശദാംശങ്ങള്‍  അടങ്ങിയ നോട്ടിഫിക്കേഷന് ഇവിടെ ക്ലിക്ക് ചെയ്യുക                              

Thursday, 8 November 2012

ചലച്ചിത്രമേള

ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്‍ഡ്യ സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്രോല്‍സവത്തിന്റെ  ജില്ലാതല ഉദ്ഘാടനം കാസര്‍ഗോഡ് ഡയറ്റില്‍ ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ നിര്‍വഹിച്ചു.

തദവസരത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ ശ്രീകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷനായിരുന്നു. ജില്ലാ ഇല്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുള്‍ റഹിമാന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഡോ. വിജയന്‍ ചാലോട്, മുഹമ്മദ് മായിപ്പാടി, രാഘവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണന്‍ സ്വാഗതവും സന്തോഷ് സക്കറിയ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശിവന്‍ സംവിധാനം ചെയ്ത 'കേശു'വിന്റെ പ്രദര്‍ശനം നടന്നു.
 Wednesday, 31 October 2012

' വരല്ലേ ഈ വഴിയേ '

ലഹരിവിരുദ്ധ സന്ദേശവുമായി ഡയറ്റ് കാമ്പസില്‍ എത്തിയ എക്സൈസ് സംഘം അക്ഷരാര്‍ഥത്തില്‍ അധ്യാപകവിദ്യാര്‍ഥികളെ കൈയിലെടുത്തു. കണ്ണൂര്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച്  ' വരല്ലേ ഈ വഴിയേ ' എന്ന നാടകം അവതരിപ്പിച്ചുവരുന്ന കലാകാരസംഘമാണ് ഡയറ്റില്‍ കഴിഞ്ഞയാഴ്ച എത്തിച്ചേര്‍ന്നത്. ലഹരിക്കടിപ്പെടുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയായി നാടകം മാറിയപ്പോള്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട് എന്ന തിരിച്ചറിവിലേക്കാണ് അധ്യാപകവിദ്യാര്‍ഥികള്‍ എത്തിച്ചേര്‍ന്നത്.

എക്സൈസ് ജീവനക്കാരായ പി.സി.പ്രഭുനാഥ്, എന്‍.ടി.ധൃവന്‍, സി.വി.ദിലീപ്, കെ.ഉത്തമന്‍, ബി.നസീര്‍, പി.വി.സുലൈമാന്‍, എം.വി.ഇബ്രാഹിംകുട്ടി എന്നിവര്‍ അരങ്ങിലും സിജിന്‍, പുരുഷോത്തമന്‍ എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിച്ചു.

 

മായിപ്പാടി ഡയറ്റിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെയാണ് കാമ്പസില്‍ നാടകാവതരണം നടന്നത്. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.കരുണാകരന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. വിജയന്‍ ചാലോട്, ഡോ. പി.രാജന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേന്ദ്രന്‍ സ്വാഗതവും എം.എസ്.മറിയാമത്ത് മഷൂദ് നന്ദിയും പറഞ്ഞു. എന്‍.എസ്.എസ്. യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഡോ.രഘുറാം ഭട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Sunday, 28 October 2012

കേരളപ്പിറവിദിനം

വീണ്ടും ഒരു കേരളപ്പിറവിദിനം വന്നെത്തിയിരിക്കുന്നു.
മേളകളുടെയും കലോത്സവങ്ങളുടെയും തിരക്കില്‍ ഈ ദിനം മുങ്ങിപ്പോകാതിരിക്കട്ടെ.
ഒരുകാലത്ത് നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഒരു ദേശത്തെ ജനതയെ ഭാഷയുടെ ചരടുകൊണ്ട് ബന്ധിപ്പിക്കപ്പെട്ടത് 1956 നവമ്പര്‍ 1 ന് ആണ്.
തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായ ചില പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ് കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടത്. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കര്‍ക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍ - കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍ക്കോടു താലൂക്കും ചേര്‍ത്താണ് കേരള സംസ്ഥാനത്തിന് രൂപം കൊടുത്തത്.
സംസ്ഥാനത്തിന്റെ തലവനായി  ബി. രാമകൃഷ്‌ണറാവു ആദ്യ ഗവര്‍ണറായി ചുമതലയേറ്റു. തിരുവിതാംകൂര്‍ - കൊച്ചിയില്‍ പ്രസിഡന്റ്‌ ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. സംസ്ഥാനത്തെ ചീഫ്‌ ജസ്റ്റിസ്‌ കെ. ടി കോശിയായിരുന്നു. ആദ്യ ചീഫ്‌ സെക്രട്ടറി എന്‍. ഇ. എസ്‌. രാഘവാചാരിയും ആദ്യ പോലീസ്‌ ഐ ജി, എന്‍. ചന്ദ്രശേഖരന്‍നായരും ആയിരുന്നു. കേരള സംസ്ഥാനത്തിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
ചരിത്രത്തിന്റെ ഭാഗമായ ഇത്തരം കാര്യങ്ങളും കേരളത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ മറ്റനേകം വശങ്ങളും  കുട്ടികളിലെത്തിക്കാന്‍ ഈ വേളയില്‍ നമുക്കു ശ്രമിക്കാം. ആഗോളവത്കരണത്തിന്റെ കുത്തൊഴുക്കില്‍ പ്രാദേശികഭാഷകള്‍ നിലനില്‍പിനായി പാടുപെടുന്ന ഈ സന്ദര്‍ഭത്തില്‍ സ്വന്തം ഭാഷയെ നിലനിര്‍ത്താനും വളര്‍ത്താനുമുള്ള ശ്രമമാണ് ലോകമാകെ നടക്കുന്നത്.
മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളിലാണ് നമ്മുടെ സര്‍ക്കാരും സാംസ്കാരികനായകന്മാരും ഏര്‍പ്പെട്ടിരിക്കുന്നത്. ഈ ശ്രമത്തില്‍ നമുക്ക് വിജയിക്കാനാവുമെന്ന് പ്രത്യാശിക്കാം. മലയാളഭാഷ പലവിധത്തിലുമുള്ള വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണിത്. എല്ലാ മലയാളികളും മലയാളം പഠിക്കുകയും ഒപ്പം മറ്റു ഭാഷകളെ അറിവുനേടാനും മറ്റുമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരു സമീപനമാണ് വേണ്ടത്. കന്നട, തമിഴ് പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അതത് ഭാഷകളും സംസ്കാരവും സംരക്ഷിക്കാനും വളര്‍ത്താനുമുള്ള സന്ദര്‍ഭവും ലഭിക്കേണ്ടതുണ്ട്.
അതുകൊണ്ട് ഉത്സവങ്ങളുടെയും മേളകളുടെയും  തിരക്കിലും ഭാഷയെ ഓര്‍ക്കാനും ശക്തിപ്പെടുത്താനും കിട്ടുന്ന ഈ അവസരത്തെ പ്രയോജനപ്പെടുത്താന്‍ ഓരോ കേരളീയനും പരിശ്രമിക്കുമെന്നു പ്രത്യാശിക്കാം.
മലയാളഭാഷയുടെ മഹിമ ലോകമൊട്ടുക്കുമെത്തിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശ്വമലയാള മഹോത്സവത്തിന് ഒക്റ്റോബര്‍ 30 ന് തിരിതെളിയുകയാണ്. ആഫ്രിക്കന്‍ നോവലിസ്റ്റും ബുക്കര്‍ പ്രൈസ് ജേതാവുമായ ബെന്‍ ഒക്രി ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക ഭാഷകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നല്ല ബോധ്യമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ഈ സമ്മേളനത്തിന്റെ മഹത്വം വര്‍ധിപ്പിക്കും.

Saturday, 27 October 2012

യു.എന്‍.ക്വിസ് - ഫലപ്രഖ്യാപനം

യു.എന്‍ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. സഹകരിച്ചവര്‍ക്കെല്ലാം ഡയറ്റിന്റെ നന്ദി രേഖപ്പെടുത്തുന്നു. വാശിയേറിയ മത്സരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും  ശരിയുത്തരങ്ങള്‍ നല്‍കിയത് ഒരാള്‍ മാത്രം . സ്കൂള്‍ അധ്യാപകന്‍ കൂടിയായ 
ശ്രീ. എ. ശ്രീകുമാര്‍ ആണ് വിജയി. അദ്ദേഹത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍ !
ശരിയുത്തരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 16 October 2012

യു.എന്‍.ക്വിസില്‍ പങ്കെടുക്കാം


ഒക്റ്റോബര്‍ 24 യു.എന്‍.ദിനമാണല്ലോ. ദിനാചരണവുമായി ബന്ധപ്പെട്ട് പല പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന് ഇതിന്റെ നേതൃത്വം ഏറ്റെടുക്കാം. ഈ സന്ദര്‍ഭത്തില്‍ ഏവര്‍ക്കും (വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍)പങ്കെടുക്കാവുന്ന ഒരു ക്വിസ് മത്സരം ഒരുക്കുന്നു.
മുഴുവന്‍ ഉത്തരങ്ങളും ശരിയാക്കുന്ന എല്ലാവരുടെയും പേരുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.
ഒരാള്‍ ഒരു പ്രാവശ്യമേ പങ്കെടുക്കാവൂ. താഴെ ചേര്‍ത്ത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ക്വിസ് ചോദ്യങ്ങളടങ്ങിയ പേജില്‍ എത്താനാവും. ആദ്യം പേരും വിലാസവും നല്‍കണം. തുടര്‍ന്ന്  ഓരോ ചോദ്യത്തോടൊപ്പവുമുള്ള ഉത്തരങ്ങളില്‍ നിന്ന് ശരിയായ ഉത്തരം കണ്ടെത്തണം. ശരിയായ ഉത്തരത്തോടൊപ്പമുള്ള വൃത്തത്തില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം. ഒടുവില്‍ കീഴേയുള്ള submit ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരം രേഖപ്പെടുത്തപ്പെടും.
  • കൃത്യമായ വിലാസം നല്‍കുന്നവരുടെ ഉത്തരമേ പരിഗണിക്കൂ
  • 2012 ഒക്റ്റോബര്‍ 24 വരെയാണ് സമയപരിധി
വേഗമാകട്ടേ. എവിടെ നിന്നും ആരില്‍ നിന്നും ഉത്തരം തേടാം. പഠിക്കാനും പ്രകടിപ്പിക്കാനുമുള്ള ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തൂ.
വിജയാശംസകള്‍ !
ചോദ്യാവലി

Monday, 15 October 2012

കമ്പ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയായി

ഡയറ്റിലെ ഒന്നാം വര്‍ഷ ടി.ടി.സി. (മലയാളം ബാച്ച് ) വിദ്യാര്‍ഥികളുടെ രണ്ടാംഘട്ട കമ്പ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയായി. ഇന്റര്‍നെറ്റ്, ഇ-മെയില്‍, സൗണ്ട് എഡിറ്റിങ്ങ് , ബ്ലോഗ് സര്‍ച്ചിങ്ങ്, വീഡിയോ ഡൗണ്‍ലോഡിങ്ങ്, വീഡിയോ കണ്‍വേര്‍ട്ടിങ്ങ് തുടങ്ങിയവയിലായിരുന്നു ഈ ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ രാജന്‍ മാസ്റ്റര്‍, ബാബു മാസ്റ്റര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ പി.വി.പുരുഷോത്തമന്‍, സുരേഷ് കൊക്കോട് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.