ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Tuesday 28 January 2014

സ്മാര്‍ട്ട് @ 10 പദ്ധതിക്കു തുടക്കമായി

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 18 വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാക്കി മാറ്റാന്‍ ഉദ്ദേശിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച സ്മാര്‍ട്ട് @ 10 പദ്ധതിക്ക് തുടക്കമായി. ജി എച്ച് എച്ച് എസ് എസ് കുട്ടമത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നല്‍കിയ എല്‍ സി ഡി പ്രൊജക്റ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മം കൂടി അവര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സ്വാഗതമോതി. ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്ത്യായനി അധ്യക്ഷയായിരുന്നു.
പത്താം തരത്തിലേക്ക് തയ്യാറാക്കിയ ഡി വി ഡി കളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി ജനാര്‍ദ്ദനനും മികവ് വായനാസാമഗ്രിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ സുജാതയും നിര്‍വഹിച്ചു.
ചടങ്ങിന് എം സരോജിനി, വി ചന്ദ്രന്‍, ടി നാരായണന്‍, ഡോ. ഗീത, പി രാമപ്പ, ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് നന്ദി പ്രകാശിപ്പിച്ചു.


Wednesday 22 January 2014

കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ പരിശീലനം

2014 ജനവരി - മാര്‍ച്ച് മാസത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തിയ പ്രഥമാധ്യാകപ പരിശീലനം വെള്ളച്ചാല്‍ എം ആര്‍ എച്ച് എസ് എസി ല്‍ നടന്നു. ഡി ഇ ഒ മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി പി വേണുഗോപാലന്‍ എന്നിവര്‍ ക്ലാസെടുത്തു

Tuesday 21 January 2014

പ്രധാനാധ്യാപക പരിശീലനം

ചെറുവത്തൂര്‍ ഉപജില്ലയിലെ പ്രധാനാധ്യാപക പരിശീലനം ബി ആര്‍ സി ഹാളില്‍ നടന്നു. പരിശീലനത്തിന് എ ഇ ഒ പ്രകാശ് കുമാര്‍ , ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി പി വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് തുക മുന്‍ ബി പി ഒ, ഒ ആര്‍ രാജഗോപാലന്‍ വിതരണം ചെയ്തു.





Monday 20 January 2014

വികസനസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കര്‍മപരിപാടികളുമായി പുഞ്ചാവി സ്കൂള്‍

നവതിയോടടുക്കുന്ന പുഞ്ചാവി ഗവ:എല്‍.പി.സ്കൂളിന്റെ വികസനസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സഹായവാഗ്ദാനങ്ങളുമായി പൂര്‍വവിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും രംഗത്ത്.
ഈ ആവേശം നിലനിര്‍ത്താനായാല്‍  ലക്ഷ്യമിട്ട കാര്യങ്ങള്‍ ഉദ്ദേശിച്ചസമയത്തിനു മുമ്പുതന്നെ പൂര്‍ത്തിയകുമെന്ന ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളുമായി കാഞ്ഞങ്ങാട് എം.എല്‍.എ  ഇ.ചന്ദ്രശേഖരന്‍ കൂടി തദവസരത്തില്‍ എത്തിയത് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആവേശം പകര്‍ന്നു.

എണ്‍പതുവര്‍ഷത്തിലധികം കാലം വാടകക്കെടട്ടിടത്തില്‍ പ്രവര്‍ത്തിച്ച ഈ കടലോരവിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിതിട്ട് ആറുവര്‍ഷമേ ആയിട്ടുള്ളൂ. കെട്ടിടം നിൽക്കുന്ന 12 1/4 സെന്റു സ്ഥലമല്ലാതെ ഒരിഞ്ചു സ്ഥലം പോലും സ്വന്തമായി ഇല്ല എന്നത് വിദ്യാലയവികസനത്തിനു തടസ്സമായി ഇപ്പോഴും നില്‍ക്കുന്നു. വിദ്യാലയത്തിനു ചുറ്റുമുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുട്ടികളെ ഈ വിദ്യാലയത്തിലേക്കയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിച്ചതോടെ കുട്ടികളുടെ എണ്ണം വര്‍ഷം കഴിയുംതോറും കുറയുന്ന അവസ്ഥയുമായി. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് സമീപത്തുള്ള സ്വകാര്യ - അണ്‍ അയിഡഡ് വിദ്യാലയങ്ങള്‍ വാഹനങ്ങളുമായി എത്തിയതോടെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ അവിടങ്ങളിലേക്ക് പോകുന്ന അവസ്ഥയുമായി. ഈ സ്ഥിതി തുടര്‍ന്നാല്‍ വിദ്യാലയം അടച്ചുപൂട്ടുന്ന അവസ്ഥ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ നാട്ടുകാര്‍ വിദ്യാലയവികസനസമിതി രൂപീകരിച്ച് വിദ്യാലയസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട് നഗരസഭയുടെ ബഡ്ജറ്റില്‍ തുക നീക്കിവെച്ചുകൊണ്ട് 30 സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങള്‍ ഉടന്‍ തന്നെ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍. സ്ഥലമുടമയുടെ സമ്മതപത്രം ഉള്‍പ്പെടെ ആവശ്യമായ മുഴുവന്‍ രേഖകളും ഇതിനകം മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. അടുത്ത  നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തുകൊണ്ട് സര്‍ക്കാര്‍ അനുമതിയോടെ ഈ സാമ്പത്തികവര്‍ഷംതന്നെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ ഹസീന താജുദ്ദീൻന്‍ വിദ്യാലയവികസനസമിതി ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി.

എം.എൽ.എ ഫണ്ടില്‍ നിന്ന് ബസ് വാങ്ങാന്‍ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂള്‍ ബസ് വാങ്ങുന്നതോടെ പുഞ്ചാവിയിലെ ‘മുഴുവൻ കുട്ടികളും പുഞ്ചാവി സ്കൂളില്‍‘ എന്ന ലക്ഷ്യം  നിറവേറ്റാന്‍ കഴിയും എന്ന് വികസനസമിതി അംഗങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ട്. അധികാരികളിൽ നിന്നു കിട്ടുന്ന സഹായങ്ങള്‍ക്കപ്പുറം വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി 10 ലക്ഷം രൂപയുടെ വിദ്യാലയവികസനനിധി  സംഭാവനയായി  സ്വരൂപിക്കാനുള്ള പ്രവര്‍ത്തനത്തിനു നല്ല പ്രതികരണമാണു നാട്ടുകാരില്‍ നിന്നും  ലഭിച്ചുകൊണ്ടിരിക്കുന്നത്. പൂര്‍വവിദ്യാര്‍ഥിയായ കമലാക്ഷന്‍ പുഞ്ചാവിയില്‍ നിന്നും ആദ്യസംഭാവന സ്വീകരിച്ചുകൊണ്ട് സാമ്പത്തിക സമാഹരണത്തിന്റെ ഉല്‍ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ സി.ജാനകിക്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇതേ വേദിയില്‍ വെച്ച് രക്ഷിതാക്കളില്‍ നിന്നുള്ള സംഭാവനയുടെ ആദ്യവിഹിതം മുന്‍.എം.പി.ടി.എ പ്രസിഡന്റ് സുജയും പൊതുജനങ്ങളിൽ നിന്നുള്ള  ആദ്യസംഭാവന  ഡോ:ബാബുവിനുവേണ്ടി ഭാര്യ ധന്യയും എം.എല്‍.എ യ്ക്കു കൈമാറി. വിദ്യാലയ വികസനപദ്ധതിയുടെ രൂപരേഖയും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ അവതരിപ്പിച്ചു. നഗരസഭാ കൌണ്‍സിലര്‍മാരായ മോഹനന്‍ പി.വി, പ്രദീപന്‍ മരക്കാപ്പ്,വികസനസമിതി വൈസ് ചെയര്‍മാന്‍ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡ് കൌണ്‍സിലറും വിദ്യാലയവികസനസമിതി ചെയര്‍പേഴ്സണുമായ നജ്മ റാഫി സ്വാഗതവും, കെ.എന്‍.സുരേഷ്മാഷ് നന്ദിയും പറഞ്ഞു.

Saturday 11 January 2014

പത്താംതരം സ്മാര്‍ട്ടാവുന്നു...



ജില്ലയിലെ 18 വിദ്യാലയങ്ങളില്‍ പത്താംതരം പഠനം ഈ അധ്യനവര്‍ഷത്തില്‍ തന്നെ സ്മാര്‍ട്ടാവുന്നു. ജില്ലാ പഞ്ചായത്തിന്റെ smart@10 പദ്ധതിയാണ് ഇതിന് സഹായകമാവുന്നത്. ഈ പദ്ധതിയില്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തപ്പെട്ട വിദ്യാലയങ്ങള്‍ക്ക് രണ്ട് എല്‍ സി ഡി പ്രൊജക്റ്ററുകള്‍ ലഭിക്കും. കൂടാതെ പത്താം തരത്തിലെ പന്ത്രണ്ടു വിഷയങ്ങളും പഠിപ്പിക്കാന്‍ ആവശ്യമായ ഡി വി ഡി കളും അവര്‍ക്ക് സൗജന്യമായി ലഭ്യമാക്കും. ഡയറ്റും ഐ ടി @ സ്കൂളും ചേര്‍ന്ന് തയ്യാറാക്കിയ ഡി വി ഡി കള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും മികച്ച സൗകര്യങ്ങളുള്ള പ്രൊജക്റ്റര്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഐ ടി @ സ്കൂളില്‍ വെച്ചു നടന്നു.
പരിശീലനം ഡയറ്റ് പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എസ് എസ് എല്‍ സി വിജയശതമാനം ഇനിയും മെച്ചപ്പെടുത്താനുള്ള യത്നങ്ങള്‍ക്ക് ഈ പദ്ധതി ഒരു കൈത്താങ്ങാവുമെന്ന പ്രത്യാശ അവര്‍ പങ്കുവെച്ചു.
പദ്ധതി സംബന്ധിച്ച വിശദീകരണം ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് നിര്‍വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതമോതി. മാസ്റ്റര്‍ ട്രെയിനര്‍ നായായണ ഡി വി ഡി ഡമോണ്‍സ്ടേഷന്‍ നടത്തി.






Sunday 5 January 2014

ജീവിതത്തിലേക്കു തുറക്കുന്ന നേര്‍ക്കാഴ്ചകളുമായി ഫിലിം ക്ലബ്ബ്

ദൃശ്യ മാധ്യമങ്ങള്‍ വികലമാക്കുന്ന കുട്ടികളുടെ കാഴ്ചാശീലങ്ങളെ തിരിച്ചു പിടിക്കുക എന്ന ഉദ്ദേശത്തോടെ കാനത്തൂര്‍ ജി യു പി എസില്‍ ആരംഭിച്ച ഫിലിം ക്ലബ്ബിന്റെ പ്രവര്‍ത്തനം സജീവമാകുന്നു.കഴിഞ്ഞ നാലു മാസത്തിനിടയില്‍  വിവിധ ഭാഷകളിലായി നിരവധി സിനിമകള്‍ കുട്ടികള്‍ കണ്ടു കഴിഞ്ഞു.
ഓരോ പ്രദര്‍ശനത്തിനു ശേഷവും സിനിമയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയുണ്ടാകും.സിനിമയുടെ തീം, കഥാപാത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ചര്‍ച്ച.ആഴ്ച്ചയില്‍ ഒരു തവണയാണ് പ്രദര്‍ശനം.