ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Thursday 30 August 2012

നല്ല അധ്യാപകന്‍ റിട്ടയര്‍ ചെയ്യുന്നില്ല !

'വിദ്യാഭ്യാസകാലത്ത് എനിക്കൊരു ഭാഗ്യമുണ്ടായി. നല്ല ഗുരുനാഥന്മാരെ കിട്ടി എന്നതാണ് അത്.' പ്രശസ്ത സാഹിത്യകാരനായ സി.രാധാകൃഷ്ണന്റെ ഒരു ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്.

അതുപോലെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അധ്യാപകനാവാന്‍ കഴിഞ്ഞതാണ് എന്നു പറയുന്ന അധ്യാപകരെയും ധാരാളമായി കാണാം.

അധ്യാപകര്‍ അവര്‍ക്കു കിട്ടിയ കുട്ടികളെ പഠിപ്പിക്കുന്നു. അവരുടെ കഴിവിനും അധ്വാനത്തിനുമനുസരിച്ച് അവര്‍ പഠിപ്പിച്ച കുട്ടികള്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നു. ആ കുട്ടികളിലൂടെ രാജ്യം പുരോഗതിയിലേക്ക് കുതിക്കുന്നു. ഫലത്തില്‍ അധ്യാപകന്റെ മികച്ച സേവനമെന്നത് രാഷ്ട്രസേവനത്തിന്റെ ഉദാത്തമായ മാതൃകയായി മാറുന്നു. അതുകൊണ്ട് നല്ല എഞ്ചിനീയര്‍മാരെയോ നല്ല ഡോക്ടര്‍മാരെയോ നല്ല ശാസ്ത്രജ്ഞന്മാരെയോ ഉണ്ടാക്കുന്നതിലും പ്രധാനമാണ് നല്ല അധ്യാപകരുടെ നിര്‍മാണം എന്നു വരുന്നു.

കല്ലിനെ ശില്പമാക്കുന്ന മാന്ത്രികവിദ്യയിലാണ് ഒരര്‍ഥത്തില്‍ അധ്യാപകര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ട് മികച്ച അധ്യാപകരെ 'രാഷ്ട്രശില്‍പികള്‍' എന്നുതന്നെ വിളിക്കാവുന്നതാണ്.

'എനിക്ക് ആരെയും ഒന്നും പഠിപ്പിക്കാനില്ല. അവരെ ചിന്തിപ്പിക്കാനേ കഴിയൂ' എന്നു പറഞ്ഞ സോക്രട്ടീസിന് അറിയാത്ത കാര്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല! ഇപ്രകാരം തന്റെ ചിന്തയിലൂടെ സ്വന്തം രാജ്യത്തിന്റെ പെരുമ ഉയര്‍ത്തിയവരാണ് എക്കാലത്തെയും മികച്ച അധ്യാപകരായി മാറിയത്.

ഗുരുവിനെ ദൈവതുല്യമായി കരുതിവന്ന ഒരു പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. അതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് 'ഗുരുവും ദൈവവും ഒന്നിച്ചുവന്നാല്‍ ഞാന്‍ ഗുരുവിനെ നമിക്കും' എന്ന് കബീര്‍ പറഞ്ഞത്.

'ഗു' എന്നാല്‍ ഇരുട്ട് എന്നും 'രു' എന്നാല്‍ വെളിച്ചവും എന്നും അര്‍ഥമുണ്ടത്രേ. അതായത് ഇരുട്ടിനെ അകറ്റി വെളിച്ചത്തെ ആനയിക്കുന്ന വ്യക്തിയാണ് യഥാര്‍ഥ ഗുരു. 'ഗുര്‍' എന്ന വാക്കിന് ഉയര്‍ത്തുക എന്നും അര്‍ഥമുണ്ട്.  'ഗുരു' എന്നതിന് ഭാരമുള്ളത് അഥവാ വലിപ്പമുള്ളത് എന്നും അര്‍ഥമുണ്ടല്ലോ.

കേരളത്തിലുമുണ്ടായിരുന്നു മഹത്തായ ഗുരുപരമ്പരകള്‍. കൊടുങ്ങല്ലൂര്‍ ഗുരുകുലം ഒരു ഉദാഹരണമാണ്. തുടര്‍ന്നു വരുന്ന കുടിപ്പള്ളിക്കൂടങ്ങളില്‍ കുട്ടികള്‍ എഴുത്തോലയും നാരായവും തൊണ്ടും മണലും ഉപയോഗിച്ചു പഠിച്ചു.

ഗാന്ധിജിയും ടാഗോറും വിദ്യാഭ്യാസത്തില്‍ പുതുവഴി തേടിയ മഹാന്മാരായിരുന്നു. രാഷ്ട്രത്തിന് താന്‍ പലതും നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും മഹത്തരമായി പരിഗണിക്കുന്നത് താന്‍ ആവിഷ്കരിച്ച വിദ്യാഭ്യാസരീതിയാണെന്ന് മഹാത്മജി തന്നെ പറയുകയുണ്ടായി. ടാഗോറിന്റെ 'ശാന്തിനികേതന്‍' ഇന്നും മഹത്തായ വിദ്യാഭ്യാസരീതിയുടെ അനുപമമാതൃകയായി തുടരുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി ഇന്ത്യയിലെ ക്ലാസ് മുറികളിലാണ് രൂപപ്പെടുന്നത് എന്ന് ദീര്‍ഘദര്‍ശനം ചെയ്തത് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ടയായി കരുതപ്പെടുന്ന കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടാണ്.

'ഇടത്തരം അധ്യാപകര്‍ പറയുന്നു. നല്ല അധ്യാപകര്‍ വിശദീകരിക്കുന്നു. മികച്ച അധ്യാപകര്‍ ചെയ്ത് കാണിക്കുന്നു. എന്നാല്‍ മഹാനായ അധ്യാപകന്‍ പ്രചോദിപ്പിക്കുന്നു.' വില്യം ആര്‍തര്‍ വാര്‍ഡിന്റെ ഈ വാക്കുകള്‍ നമുക്ക് വഴി കാട്ടട്ടെ. പ്രചോദിപ്പിക്കുന്ന അനവധി അധ്യാപകര്‍ നമ്മുടെ അധ്യാപകപരിശീലന കേന്ദ്രങ്ങളില്‍ നിന്നും രൂപപ്പെടട്ടെ.

സ്വയം ജ്വലിക്കുന്ന ഒരു വിളക്കിനു മാത്രമേ മറ്റുള്ളവയെ ജ്വലിപ്പിക്കുവാനാവൂ. നല്ല അധ്യാപകര്‍ ഒരിക്കലും റിട്ടയര്‍ ചെയ്യുന്നില്ല എന്നു പറയുന്നത് എത്ര ശരിയാണ് ! കുട്ടികള്‍ ഉറങ്ങിക്കിടക്കുമ്പോഴും അവര്‍ക്കുവേണ്ടി ഉണര്‍ന്നിരിക്കുകയും പുതിയ പാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകുകയും ചെയ്യുന്നവരാണ് മികച്ച അധ്യാപകര്‍. സമൂഹം ഉന്നതമെന്നു കരുതുന്ന മൂല്യങ്ങളുടെ ഇരിപ്പിടമായിരിക്കും അവര്‍. അവരവര്‍ ചെയ്യാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യണമെന്ന് അവര്‍ ഒരിക്കലും നിര്‍ബന്ധം പിടിക്കില്ല.

  • നല്ല ആ അധ്യാപകര്‍ ഒരു പുഞ്ചിരിയിലൂടെ കുഞ്ഞുങ്ങളെ സ്നേഹത്തിന്റെ മഹാഭാഷ പഠിപ്പിക്കുന്നു...
  • തന്റെ ഒരു തലോടലിലൂടെ അവര്‍ കുഞ്ഞുങ്ങളില്‍ ആത്മവിശ്വാസത്തിന്റെ ഊര്‍ജപ്രവാഹം പ്രസരിപ്പിക്കുന്നു...
  • തന്നെ ആശ്രയിക്കുന്ന ഓരോ കുഞ്ഞിനും കുടുംബത്തിനും മുകളില്‍ അവര്‍ സ്നേഹത്തിന്റെ പൂമരമായി പന്തലിക്കുന്നു...

ഇതില്‍പരം മഹത്തായ എന്തുജോലിയുണ്ട് ലഭിക്കാനായി ?
സമര്‍പ്പണത്തിന്റെ ആ മഹാപാതയില്‍ നമുക്ക് അഭിമാനപൂര്‍വം അണിചേരാം.
അതിലേക്ക് പുതുതായി കടന്നു വരുന്നവരെ ഊഷ്മളമായി സ്വീകരിക്കാം.
ഈ വര്‍ഷത്തെ ദേശീയ അധ്യാപകദിനം അത്തരമൊരു ചിന്തയ്ക്ക് തിരികൊളുത്തട്ടെ.  




അധ്യാപകദിനം വിവിധ രാജ്യങ്ങളില്‍

ലോക അധ്യാപകദിനം ഒക്റ്റോബര്‍ 5 നാണ് എന്നും ഇന്ത്യയുടെ ദേശീയ അധ്യാപകദിനം സപ്റ്റംബര്‍ 5 ന് ആണെന്നും മുന്‍പോസ്റ്റുകളില്‍ നാം കണ്ടു.

എന്നാല്‍ ലോകത്തെ പല രാജ്യങ്ങളും അവരുടെ അധ്യാപകദിനം ആചരിക്കുന്നത് ഈ ദിനങ്ങളിലല്ല.

ഓരോ രാജ്യവും അധ്യാപകദിനം തെരഞ്ഞെടുത്തിരിക്കുന്നത് ഓരോ കാരണത്തെ അടിസ്ഥാനമാക്കിയാണ്. ചെക്ക് റിപ്പബ്ലിക്കില്‍ പ്രശസ്ത വിദ്യാഭ്യാസദാര്‍ശനികനായ കൊമേനിയസിന്റെ ജന്മദിനമായ മാര്‍ച്ച് 28 ആണ് അധ്യാപകദിനമായി ആചരിക്കുന്നത്. മറ്റു രാജ്യങ്ങളിലോ ?
കൗതുകകരമായ ഇത്തരം വിവരങ്ങള്‍ക്ക് ഈവിക്കി പേജ് സന്ദര്‍ശിക്കൂ.

ലോക അധ്യാപകദിനം


ഇന്ത്യയില്‍ നാം സപ്റ്റംബര്‍ 5 ന് അധ്യാപകദിനം ആചരിക്കുന്നു. മുന്‍രാഷ്ട്രപതി ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് നമുക്കറിയാം.

എന്നാല്‍ ലോകഅധ്യാപകദിനം എപ്പോഴാണ് ആചരിക്കുന്നത് ? ആരാണ് ഇതിന് ലോകമാകെ നേതൃത്വം നല്‍കുന്നത്? ആ ദിനം അതിനായി തെരഞ്ഞടുത്തത് എന്തുകൊണ്ടാണ് ?

ഒക്റ്റോബര്‍ 5 ആണ് ലോക അധ്യാപകദിനമായി ആചരിക്കുന്നത്. 1994 മുതലാണ് ലോക അധ്യാപകദിനം ആചരിച്ചുതുടങ്ങിയത്. യുണസ്കോയാണ് ഇതിന് പൊതുവില്‍ നേതൃത്വം നല്‍കുന്നത്. സമൂഹത്തിന്റെ വളര്‍ച്ചയില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെയും അവരുടെ സ്ഥാനമഹിമയെയും കണക്കിലെടുത്തുകൊണ്ട് യുണസ്കോയുടെയും ഐ.എല്‍.ഒ.വിന്റെയും നേതൃത്വത്തില്‍ ഒരു രേഖ തയ്യാറാക്കുകയുണ്ടായി. പ്രസ്തുത രേഖയില്‍ അധ്യാപകരുടെ പരിശീലനം, അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, ഫലപ്രദമായ ഉത്തരവാദിത്തനിര്‍വഹണത്തിനുള്ള സാഹചര്യങ്ങള്‍, സേവനവേതന വ്യവസ്ഥകള്‍, സാമൂഹ്യസുരക്ഷ  തുടങ്ങിയവ  സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയിരിക്കുന്നു.  ഇത്തരം കാര്യങ്ങള്‍ അധ്യാപകസംഘടനകളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും രേഖയില്‍ പറഞ്ഞിരിക്കുന്നു. 1966 ഒക്ടോബര്‍ 5 ന് ആണ് ഔപചാരികമായി ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ രേഖയിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ ലോകരാജ്യങ്ങളെ ഓര്‍മിപ്പിക്കുവാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഒക്ടോബര്‍ 5 ലോക അധ്യാപകദിനമായി ആചരിക്കുന്നത്.

ലോക അധ്യാപകദിനാചരണത്തിന് നേതൃത്വവും പ്രചരണവും നല്‍കുന്ന മറ്റൊരു സംഘടന 'എജുക്കേഷന്‍ ഇന്റര്‍നാഷണല്‍' ആണ്. എതാണ്ട് നൂറിലേറെ രാജ്യങ്ങളില്‍ ലോകഅധ്യാപകദിനം ആചരിച്ചുവരുന്നു.

Recommendationconcerning the Status of Teachers എന്ന 1966 ഒക്റ്റോബര്‍ 5 ന്റെ രേഖയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍


അറിവും കഴിവുകളും മൂല്യബോധവുമുള്ള പുതിയ ഒരു തലമുറയെ രൂപപ്പെടുത്തിക്കൊണ്ട് രാജ്യസേവനത്തിന്റെ പാതയിലൂടെ തളരാതെ മുന്നോട്ടു പോകുന്ന അധ്യാപകസമൂഹത്തെ ആദരിക്കുവാനാണ് രാജ്യമെമ്പാടും ദേശീയ അധ്യാപകദിനം ആചരിച്ചുവരുന്നത്. നമ്മുടെ രാഷ്ട്രപതിമാരില്‍ ഒരാളും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപകദിനമായി ആചരിച്ചുവരുന്നത്.

1888 സപ്റ്റംബര്‍ 5 ന് ആണ് തമിഴ്നാട്ടിലെ തിരുത്തണി എന്ന ഗ്രാമത്തില്‍ അദ്ദ്യേഹം ജനിച്ചത്. പിതാവിന്റെ പേര് വീരസ്വാമി. മാതാവിന്റെ പേര് സീതമ്മ.

മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍നിന്നും ഫിലോസഫിയില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദ്യേഹം 1909 ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. ചെറിയകാലം കൊണ്ടുതന്നെ മികച്ച അധ്യാപകനെന്ന പേരു സമ്പാദിച്ച രാധാകൃഷ്ണനെ 1918 ല്‍ മൈസൂര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്ഥാനം തേടിയെത്തി.

1921 ല്‍ പ്രശസ്തമായ കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്നും വന്ന ക്ഷണം അദ്ദ്യേഹം സ്വീകരിച്ചു. 1926 ല്‍ വിശ്വപ്രസിദ്ധമായ ഓക്സ്ഫോര്‍ഡില്‍ അദ്ധ്യാപകനായി മാറിയതോടെ ഭാരതത്തിന്റെ പെരുമ അദ്ദ്യേഹത്തിലൂടെ ലോകത്തിന്റെ നാനാഭാഗത്തുമെത്തി.

എന്നാല്‍ തന്റെ ജന്മനാട്ടില്‍ ഒരു പുതിയ സര്‍വകലാശാല രൂപംകൊണ്ടപ്പോള്‍ അതിന്റെ വൈസ്ചാന്‍സറാലാകണം എന്ന ആവശ്യത്തെ മുന്‍നിര്‍ത്തി ഡോ.രാധാകൃഷ്ണന്‍ സ്വദേശത്തേക്ക് മടങ്ങി. അങ്ങനെ ആന്ധ്രസര്‍കലാശാലയുടെ ആദ്യവൈസ്ചാന്‍സലറായി മാറിക്കൊണ്ട് തന്റെ അറിവും കഴിവും രാജ്യത്തിനായി വിനിയോഗിക്കാന്‍ അദ്ദ്യേഹം ശ്രമിച്ചു.
ഇടയ്ക്ക് ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ഓക്സ്ഫോര്‍ഡിലേക്ക് തിരിച്ചുപോയെങ്കിലും മദന്‍മോഹന്‍ മാളവ്യയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് 1939 ല്‍ ബനാറസ് സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ ചുമതലയേറ്റ അദ്ദേഹം രാജ്യസേവനത്തിന്റെ പാതയില്‍ വീണ്ടും കര്‍മനിരതനായി.

1946 ല്‍ യുണസ്കോയിലേക്ക് രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു ഉന്നതതലസംഘം പോയപ്പോള്‍ അതിന്റെ തേതൃസ്ഥാനത്ത് ഡോ.രാധാകൃഷ്ണനായിരുന്നു ഉണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം അല്പകാലം സോവിയറ്റ് യൂണിയനിലെ അമ്പാസിഡര്‍ ആയും അദ്ദേഹം പ്രവര്‍ത്തിച്ചു.

1952 മുതല്‍ ആദ്യത്തെ ഉപരാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്‍ 1962 ല്‍ രാഷ്ട്രപതിയായും തെരഞ്ഞെടുക്കപ്പെട്ടു.

1954 ല്‍ രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ 'ഭാരതരത്നം' നല്‍കി രാഷ്ട്രം അദ്ദേഹത്തിന്റെ സേവനത്തെ ആദരിച്ചു.

തീര്‍ച്ചയായും ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണനിലൂടെ ആദരിക്കപ്പെട്ടത് സമര്‍പ്പിതചിത്തനായ ഒരധ്യാപകനായിരുന്നു. അദ്ദ്യേഹത്തിന്റെ ജന്മദിനത്തെ അധ്യാപകദിനമായി തെരഞ്ഞെടുത്തതിലൂടെ രാജ്യം മഹത്തായ ഒരു സന്ദേശമാണ് അധ്യാപകലോകത്തിനു നല്‍കിയത് എന്നതില്‍ സംശയമില്ല. സ്വന്തം നേട്ടങ്ങള്‍ക്കപ്പുറം തന്റെ വിദ്യാര്‍ഥികളുടെയും അതുവഴി രാജ്യത്തിന്റെയും നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയാണ് അധ്യാപകര്‍ ചെയ്യേണ്ടത്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരെയാണ് അധ്യാപക അവാര്‍ഡ് നല്‍കി ഈ സുദിനത്തില്‍ നാം ആദരിക്കുന്നത്.


Wednesday 29 August 2012

സ്വീഡനിലെ വിദ്യാഭ്യാസം

വിദ്യാഭ്യാസ രംഗത്ത് വളരെയേറെ മുന്നേറിയ രാജ്യമാണ് സ്വീഡന്‍. മുനിസിപ്പാലിറ്റികളാണ് ഇവിടെ സ്കൂള്‍  വിദ്യാഭ്യാസത്തിന്റെ മുഖ്യനേതൃത്വം വഹിക്കുന്നത്. കുട്ടികളുടെ അവകാശത്തെ ഇത്രയേറെ വിലമതിക്കുന്ന രാജ്യങ്ങള്‍ ഏറെയില്ല.  സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലടക്കം  കുട്ടിളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും കുട്ടികളെ അങ്ങേയറ്റം മാനിക്കാനും ഇവര്‍ പുലര്‍ത്തുന്ന ശ്രദ്ധ ആരെയും അത്ഭുതപ്പെടുത്തും. സ്വീഡനിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട കാസര്‍ഗോഡ് ഡയറ്റ് ഫാക്കല്‍ട്ടി അംഗം പി.ഭാസ്കരന്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ വിദ്യാഭ്യാസജാലകം എന്ന ലിങ്കില്‍ കാണാം.

Tuesday 28 August 2012

കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ലോകനീക്കങ്ങള്‍

1989 ല്‍ നവമ്പര്‍ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ കുട്ടികളുടെ അവകാശത്തെ സംബന്ധിച്ച അതിപ്രധാനമായ ഉടമ്പടിയില്‍ ലോകരാഷ്ട്രങ്ങള്‍  ഒപ്പിട്ടത്.

എന്നാല്‍ ഇതിനും എത്രയോ മുമ്പുതന്നെ കുട്ടികളുടെ അവകാശത്തെ സംബന്ധിച്ച പ്രാഥമികധാരണകള്‍ ലോകവേദികളില്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. ഉദാഹരണമായി 1924 ല്‍ ലീഗ് ഓഫ് നേഷന്‍സ് കുട്ടികളുടെ അവകാശത്തെ സംബന്ധിച്ച ജനീവ പ്രഖ്യാപനം അംഗീകരിക്കുകയുണ്ടായി. അതില്‍ ഭൗതികവും മാനസികവുമായ വളര്‍ച്ചയ്ക്കുള്ള കുട്ടികളുടെ അവകാശത്തെ ഊന്നിയതോടൊപ്പം വിശപ്പ്, രോഗം, ശാരീരികാവശതകള്‍ എന്നിവയില്‍നിന്നും സാമ്പത്തികചൂഷണത്തില്‍ നിന്നും മോചിക്കപ്പെടാനുള്ള അവകാശവും കുട്ടികള്‍ക്കുണ്ടെന്ന് വിളംബരം ചെയ്യുകയുണ്ടായി.

1948 ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച മനുഷ്യാവകാശപ്രഖ്യാപനത്തിലും കുട്ടികളുടെ അവകാശത്തെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.

1959 ല്‍ യു.എന്‍ ജനറല്‍ അസംബ്ലി കുട്ടികളുടെ അവകാശപ്രഖ്യാപനം പുതുക്കിയ കാര്യവും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പ്രത്യേക അവകാശ സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച് കുട്ടികള്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന് ഈ രേഖയില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നു.

1966 ലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക അവകാശസമത്വത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മേളനത്തെ കുറിച്ചുള്ള പ്രഖ്യാപനത്തിലും കുട്ടികളെ ചൂശണത്തില്‍ നിന്ന് മോചിപ്പിക്കുവാനും വിദ്യാഭ്യാസം നല്‍കുവാനും അംഗരാഷ്ട്രങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് പ്രഖ്യാപിക്കുകയുണ്ടായി. 1979  കുട്ടികളുടെ അന്താരാഷ്ട്ര വര്‍ഷമായി പ്രഖ്യാപിക്കപ്പെട്ട സന്ദര്‍ഭത്തിലും കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നടപടികള്‍ ലോകത്ത് നടക്കുകയുണ്ടായി.

1989 നവംബര്‍ 20 ന് നടന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ രൂപപ്പെട്ട  അന്താരാഷ്ട്ര ഉടമ്പടി 1990 സപ്റ്റംബര്‍  2 ന് നിലവില്‍ വന്നു. ഇന്ന് ലോകത്ത് 192 രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചവരാണ്. ഈ ഉടമ്പടി നടപ്പിലാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഇന്ത്യ 2009 ല്‍ വിദ്യാഭ്യാസ അവകാശനിയമം പാസ്സാക്കിയത്.

1989 ല്‍ ഒപ്പിട്ട അന്താരാഷ്ട്ര ഉടമ്പടി നേരിട്ടു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കുട്ടികളുടെ അവകാശത്തെ സംബന്ധിച്ച സമഗ്രമായ പോര്‍ട്ടലിലേക്കാണ്  ഈ ലിങ്ക് നിങ്ങളെ നയിക്കുക.

Sunday 26 August 2012

വിദ്യാഭ്യാസ അവകാശനിയമം - സംശയനിവാരണം

വിദ്യാഭ്യാസ അവകാശനിയമത്തെ സംബന്ധിച്ച് ഒട്ടേറെ സംശയങ്ങളാണ് പലപ്പോഴും ഉയര്‍ന്നു വരുന്നത്. അവയെല്ലാം ഒറ്റയടിക്ക് ദൂരീകരിക്കുക എളുപ്പമല്ല. എങ്കിലും നിയമത്തെ സംബന്ധിച്ച് പൊതുവെ ഉയര്‍ന്നു വന്നിട്ടുള്ള  പല സംശയങ്ങള്‍ക്കും നിവാരണം വരുത്താന്‍ സഹായകമായ ചില വിവരങ്ങള്‍ അടങ്ങിയ ഒരു കുറിപ്പ് ഇവിടെ ലഭ്യമാണ്. നിയമത്തിന്റെ രൂപീകരണത്തില്‍ പങ്കുവഹിച്ചിട്ടുള്ള വ്യക്തി കൂടിയായ ശ്രീ.വിനോദ് റെയ്ന തയ്യാറാക്കിയിട്ടുള്ള ആ കുറിപ്പ് നിങ്ങള്‍ക്ക് ഇവിടെ വായിക്കാം

വിദ്യാഭ്യാസ അവകാശനിയമം - ചട്ടങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ 2010 ലാണ് വിദ്യാഭ്യാസ അവകാശനിയമം പാസ്സാക്കിയത്. എന്നാല്‍ ഇന്ത്യ വളരെയേറെ വൈവിധ്യങ്ങള്‍ ഉള്ള ഒരു രാജ്യമാണ്. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. കൂടാതെ വിദ്യാഭ്യാസം എന്നത് കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട ഒരു വിഷയവുമാണ്. അതുകൊണ്ട് വിദ്യാഭ്യാസ അവകാശനിയമത്തില്‍ തന്നെ, ഏതാനും കാര്യങ്ങളെ സംബന്ധിച്ച് സംസ്ഥാനങ്ങളുടെ നിലപാടുകള്‍ ആവശ്യമുണ്ടെന്നും അവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചട്ടങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ ഉടന്‍ രൂപീകരിക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി. കേരളമടക്കം മിക്കവാറും സംസ്ഥാനങ്ങള്‍ അവരവരുടെ സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ചട്ടങ്ങള്‍ രൂപീകരിച്ചുകഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ ചട്ടങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് കൗതുകകരമായിരിക്കും. അതിനു സഹായകമാംവിധം വിവിധ സംസ്ഥാനങ്ങളുടെ ചട്ടങ്ങള്‍ ഒരിടത്തുനിന്ന് കിട്ടുന്ന ഒരു സൈറ്റിലേക്കുള്ള ലിങ്ക് ഇവിടെ ചേര്‍ക്കുന്നു

Friday 24 August 2012

ഒന്ന, രണ്ട് ക്ലാസ്സുകളിലേക്കുള്ള മൊഡ്യൂളുകള്‍

പഠനപ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം പോകുന്ന കുട്ടികളെ കൂടി പ്രത്യേകം കണ്ടുകൊണ്ട് എസ്.എസ്.എ കാസര്‍ഗോഡ് തയ്യാറാക്കിയ 
പഠനപ്പാക്കേജിന്റെ കോപ്പികള്‍ക്ക് താഴെ ക്ലിക്ക് ചെയ്യുക.
നിലവിലുള്ള അധ്യാപക സഹായിയിലെ പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ചു കൊണ്ടല്ല ഇവ പ്രയോജനപ്പെടുത്തേണ്ടത് എന്ന് ഓര്‍ക്കുമല്ലോ.
ദിശ-ഒന്നാം ക്ലാസിലേക്കുള്ള പ്രവര്‍ത്തന പാക്കേജ്
ദിശ-രണ്ടാം ക്ലാസിലേക്കുള്ള പ്രവര്‍ത്തന പാക്കേജ്

ഓണാഘോഷം

ഓണാഘോഷം എന്‍. എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാശിയേറിയ പൂക്കളമത്സരത്തില്‍ രണ്ടാംവര്‍ഷ മലയാളം ബാച്ച് ഒന്നാം സ്ഥാനവും ഒന്നാം വര്‍ഷ കന്നട ബാച്ച് രണ്ടാം സ്ഥാനവും നേടി. തുടര്‍ന്ന് മ്യൂസിക്കല്‍ ചെയര്‍, കമ്പവലി എന്നീ മത്സരങ്ങളും നടന്നു.

Thursday 23 August 2012

K-TET ഫോണ്‍-ഇന്‍ പ്രോഗ്രാം

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്ററുമായി (K-TET) ബന്ധപ്പെട്ട് പരീക്ഷാര്‍ഥികള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുള്ള ഒരു  ഫോണ്‍-ഇന്‍-പ്രോഗ്രാം ഐ.റ്റി. @ സ്കൂള്‍ വിക്ടേഴ്സ് ചാനല്‍ സംഘടിപ്പിക്കുകയുണ്ടായി. ആഗസ്റ്റ് 18 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്നു.  ഫോണ്‍-ഇന്‍-പരിപാടിയില്‍ പരീക്ഷാഭവന്‍ സെക്രട്ടറി ജോണ്‍സ്.വി.ജോണ്‍, എസ്.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ രവീന്ദ്രന്‍ നായര്‍ എന്നിവര്‍ പരീക്ഷാര്‍ഥികളുമായി സംവദിച്ചു. പ്രസ്തുത പരിപാടി കാണാന്‍ കഴിയാതെ പോയവര്‍ക്ക് താഴെ ക്ലിക്ക് ചെയ്താല്‍ അതു കാണാവുന്നതാണ്.

Wednesday 22 August 2012

ടി.ടി.ഐ.കലോത്സവം ഉദ്ഘാടനം ചെയ്തു


കാസര്‍ഗോഡ് റവന്യൂ ജില്ലാ ടി.ടി.ഐ.കലോത്സവം ബഹുമാനപ്പെട്ട കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മധൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.മാധവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ.ശ്രീകൃഷ്ണ അഗ്ഗിത്തായ സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് മുഹമ്മദ് മായിപ്പാടി നന്ദിയും പറഞ്ഞു. ഡി.ഇ.ഒ, ഡി.പി.ഒ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശംസിച്ചു


ಡಯಟ್ ಮಾಯಿಪ್ಪಾಡಿ ಯಲ್ಲಿ ಕಾಸರಗೋಡು ರೆವೆನ್ಯು ಜಿಲ್ಲಾ ಟಿಟಿಐ ಕಲೋತ್ಸವ
ಕಾಸರಗೋಡು ರೆವೆನ್ಯು ಜಿಲ್ಲಾ ಟಿಟಿಐ ಕಲೋತ್ಸವವನ್ನು ಜಿಲ್ಲಾ ಪಂಚಾಯತ್ ಅಧ್ಯಕ್ಷೆ ಎಡ್ವ. ಪಿ .ಪಿ .ಶ್ಯಾಮಲಾದೇವಿ ಉದ್ಫಾಟಿಸಿದರು.

ഡയറ്റ് ബ്ലോഗിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി നിര്‍വഹിക്കുന്നു

അധ്യക്ഷത : മധൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.മാധവന്‍ മാസ്റ്റര്‍

സ്വാഗതം : ഡി.ഡി.ഇ.ശ്രീകൃഷ്ണ അഗ്ഗിത്തായ

കലാപരിപാടികളില്‍ നിന്ന്...
...കലാപരിപാടികളില്‍ നിന്ന്
സമ്പന്നമായ സദസ്സ്
കലോത്സവത്തില്‍ കണ്ണിവയല്‍ ടി.ടി.ഐ. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം നായന്മാര്‍ ടി.ഐ.ടി.ടി.ഐ. നേടി. മൂന്നാം സ്ഥാനം  മായിപ്പാടി ഡയറ്റും എസ്.എന്‍.ടി.ടി.ഐ. നീലേശ്വരവും പങ്കിട്ടു.
ಕಣ್ಣಿವಯಲ್ ಟಿಟಿಐ ಸಮಗ್ರ ಪ್ರಶಸ್ತಿ ಪಡೆಯಿತು . ನಾಯಮ್ಮಾರ್ ಮೂಲೆ ಟಿ.ಐ. ಟಿ ಟಿ ಐ ದ್ವಿತೀಯ ಸ್ಥಾನಿಯಾಯಿತು.
ಎಸ್ಎನ್ ಟಿಟಿ ನೀಲೇಶ್ವರ ಮತ್ತು ಡಯಟ್ ಮಾಯಿಪ್ಪಾಡಿ ಜಂಟಿಯಾಗಿ ತೃತೀಯ ಸ್ಥಾನ ಹಂಚಿ ಕೊಂಡವು.

Tuesday 21 August 2012

K-TET ഹാള്‍ ടിക്കറ്റ്

K-TET പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്, ടൈം ടേബിള്‍ എന്നിവ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒന്നരമാസം പിന്നിടുമ്പോള്‍...

'ഡയറ്റ് കാസര്‍ഗോഡ് ' എന്ന ബ്ലോഗ് ഒന്നര മാസത്തെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയ വിവരം സസന്തോഷം അറിയിക്കുന്നു. ഇക്കാലയളവിനുള്ളില്‍ 28 പോസ്റ്റുകളാണ് നാം നടത്തിയത്. 11 കമന്റുകള്‍ നമുക്ക് ലഭിക്കുകയുണ്ടായി.
ചില കമന്റുകള്‍ നോക്കാം.

               "Visited DIET Kasardgod blog and i am happy to express my pleasure to  see such a blog.
 Important educational informations are available in the blog.
 I have a suggestion-publish this blog in cyberjalakam then more people can read it."

SK JAYADEVAN, DIET KOZHIKODE


ബ്ലോഗ്‌ വളരെ നന്നായിരിക്കുന്നു.നവീനമായ ആശയങ്ങളുമായി മുന്നേറുക.ബ്ലോഗുകള്‍ ഇപ്പോള്‍ ഏറെയുണ്ട് ..വ്യത്യസ്തത പുലര്‍ത്താന്‍ സാധിച്ചാല്‍ ലക്‌ഷ്യം നേടാം.

Rajeev Joseph
www.english4keralasyllabus.com


10 രാജ്യങ്ങളില്‍ നിന്നായി 1850 ഓളം പേജ് കാഴ്ചകള്‍ ഇതിനകം ഉണ്ടായി.
ഇതിന്റെ വിശദാംശം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ബ്ലോഗിന്റെ ഉള്ളടക്കം, ലിങ്കുകള്‍, ക്രമീകരണം, കാഴ്ച തുടങ്ങിയ ഘടകങ്ങളെ സംബന്ധിച്ച് ആഴത്തിലുള്ള നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും മറ്റും  രേഖപ്പെടുത്തുമല്ലോ.

Monday 20 August 2012

ചര്‍ച്ചാവേദി

ബ്ലോഗിന്റെ ഔദ്യോഗികമായ ഉദ്ഘാടനത്തിന്റെ ഭാഗമായി  
"ചര്‍ച്ചാവേദി" 
എന്ന ഒരു പേജ്  ആരംഭിക്കുന്നു. വിദ്യാഭ്യാസസംബന്ധമായ   വിഷയങ്ങളില്‍ ആശയവ്യക്തത വരുത്താന്‍ ബ്ലോഗ് എന്ന ഫോറത്തെ ഉപയോഗിക്കാനാവുമോ എന്ന പരിശോധന കൂടിയാണിത്. ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഒരു രൂപം എന്ന നിലയില്‍ ഇത് വികസിച്ചുവരണം എന്നാണ് ആഗ്രഹം. നിലവിലുള്ള പാഠ്യപദ്ധതി സമീപനത്തെ മുന്‍നിര്‍ത്തിയാണ് നിലപാടുകള്‍ രൂപപ്പെടുത്തുക. ആ സമീപനത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രതികരണങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ആദ്യത്തെ വിഷയം 'സി.ഡി.യുടെ ഉപയോഗം ക്ലാസ് മുറിയില്‍' എന്നതാണ്. 
"ചര്‍ച്ചാവേദി" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

Friday 17 August 2012

ഇഫ്താര്‍ വിരുന്ന്

























ഡയറ്റിലെ പ്രീ-സര്‍വീസ് ഫാക്കല്‍ട്ടിയുടെയും എന്‍.എസ്.എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗംഭീരമായ ഇഫ്താര്‍ പാര്‍ടി നത്തി.  ത്യാഗത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഈ സ്നേഹവിരുന്നില്‍ 180 ഓളം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. ജാതിമതഭേദമെന്യേ ഒരു ദിവസത്തെ നോമ്പെടുത്തുകൊണ്ടാണ് പലരും പരിപാടിക്കെത്തിയത്. ഏഴുമണിയോടെ ആരംഭിച്ച പരിപാടികള്‍ പത്തുമണി വരെ നീണ്ടുനിന്നു. നോമ്പുമുറിക്കല്‍, കലാപരിപാടികള്‍, നോമ്പുതുറ എന്നിവ ഉണ്ടായി. ഇത്രയും ഗംഭീരമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിച്ച സംഘാടകരെ അതിഥികളായെത്തിയവര്‍ ഏറെ അഭിനന്ദിച്ചു. മതത്തിന്റെയും ജാതിയുടെയും പേരില്‍ പോരടിക്കാതെ പരസ്പരസ്നേഹത്തോടെ കഴിയാന്‍ ഇത്തരം പരിപാടികള്‍ വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. മധൂര്‍ ഗ്രാമപ്പഞ്ചായത്ത്  മെമ്പര്‍ സിന്ധു, പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് മായിപ്പാടി, എസ്.എസ്.ജി. മെമ്പര്‍ രാഘവന്‍ മാസ്റ്റര്‍, ലാബ് സ്കൂള്‍ അധ്യാപകന്‍ നാസര്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫാക്കല്‍ട്ടി അംഗങ്ങളായ എ.മധുസൂദനന്‍, എം.ജലജാക്ഷി, കെ.രമേശന്‍, പി.വി.പുരുഷോത്തമന്‍, ഓഫീസ് സ്റ്റാഫ് എലിസബത്ത്, ഇന്ദു എന്നിവരും സന്നിഹിതരായിരുന്നു. ഏതാനും രക്ഷിതാക്കളും പങ്കെടുത്തു.

Wednesday 15 August 2012

ന്യൂ-മാറ്റ്സ്

ദേശീയ ഗണിതവര്‍ഷാചരണത്തിന്റെ ഭാഗമായി എസ്.സി.ഇ.ആര്‍.ടി. 6)o ക്ലാസിലെ തെരഞ്ഞടുത്ത 74 കുട്ടികള്‍ക്കായി സംസ്ഥാനതലത്തില്‍ അടുത്ത ഏപ്രില്‍, മെയ് മാസങ്ങളില്‍ 10 മുതല്‍ 15 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഗണിതക്യാമ്പ് നടത്തുന്നു. ഒരു സ്കൂളില്‍നിന്ന് 5 കുട്ടികളെ പങ്കെടുപ്പിക്കാം. 100 രൂപയാണ്  അപേക്ഷാഫീസ്.  ആദ്യം സബ് ജില്ലയിലും പിന്നീട് സംസ്ഥാനതലത്തിലും നടക്കുന്ന അഭിരുചി പരീക്ഷയിലൂടെയാണ് അര്‍ഹരായവരെ കണ്ടെത്തുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പത്താം ക്ലാസുവരെ ക്യാമ്പുകളില്‍ പങ്കെടുക്കാം. മികച്ച അദ്ധ്യാപകരായിരിക്കും അവര്‍ക്ക് ക്ലാസെടുക്കുക.
  • സ്കൂള്‍തല തെരഞ്ഞെടുപ്പിന്റെ അവസാനതീയതി - 2012 സപ്റ്റംബര്‍ 30
  • സബ് ജില്ലാതല തെരഞ്ഞടുപ്പ് - 2012 നവംബര്‍
  • സംസ്ഥാനതല അഭിരുചി പരീക്ഷ - 2013 ജനുവരി 19 ശനി
  • തെരഞ്ഞടുക്കപ്പെട്ട കുട്ടികളുടെ ക്യാമ്പ് - 2013 ഏപ്രില്‍/മെയ്
കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday 14 August 2012

ഓണപ്പരീക്ഷ - തീയതികളില്‍ മാറ്റം

ഓണപ്പരീക്ഷയുടെ തീയതികളില്‍ ചില മാറ്റങ്ങള്‍ വന്നിരിക്കുന്നു. ആഗസ്റ്റ് 21 നും 24 നും നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകള്‍ സപ്റ്റംബര്‍ 10 നും 11 നുമായിരിക്കും നടക്കുക.

സ്നേഹസ്പര്‍ശം - വിദ്യാഭ്യാസമന്ത്രിയുടെ കത്ത്

സ്വാന്ത്ര്യദിനവും തിരുവോണവും റംസാനും ഒത്തുചേരുന്നതിന്റെ ഭാഗമായി ബഹു.കേരളാ വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് പി.ടി.എ.പ്രസിഡണ്ടുമാര്‍ക്ക് അയച്ച പ്രത്യേക കത്തിന്റെ കോപ്പിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Friday 10 August 2012

ഓണപ്പരീക്ഷ - പുതുക്കിയ ടൈംടേബിള്‍

ഓണപ്പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ ലഭ്യമായിരിക്കുന്നു. ഇവിടെ ക്ലിക്ക് ചെയ്യുക

Thursday 9 August 2012

ഹിരോഷിമ-നാഗസാക്കി ദിനാചരണം

ഈ വര്‍ഷത്തെ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് കാസര്‍ഗോഡ് ഡയറ്റ് എന്‍.എസ്.എസ്.യൂണിറ്റിന്റെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിന്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്ത് പരിസരത്തുനിന്ന് ആരംഭിച്ച് മായിപ്പാടിയില്‍ സമാപിച്ച റാലിയില്‍ ടി.ടി.സി.വിദ്യാര്‍ഥികളും ലാബ്സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും അണിനിരന്നു. മധൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി സിന്ധു റാലി ഫ്ലാഗ്ഓഫ് ചെയ്തു. 
 

ഡയറ്റ് പ്രിന്‍സിപ്പാള്‍ .സി.എം.ബാലകൃഷ്ണന്‍, പി.ടി.എ.പ്രസിഡണ്ട്  മുഹമ്മദ് മായിപ്പാടി, രാഘവന്‍ മാസ്റ്റര്‍, സത്യനാരായണറാവു, ശശിധര്‍ എന്നിവര്‍ സന്നിഹിതരായി. കെ.രമേശന്‍ മാസ്റ്റര്‍, അനില്‍കുമാര്‍ മാസ്റ്റര്‍, ഡോ.കെ.രഘുറാം ഭട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

മായിപ്പാടിയില്‍ നടന്ന സമാപനസമ്മേളനം പി.ടി.എ.പ്രസിഡണ്ട് മുഹമ്മദ് മായിപ്പാടിയുടെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി സിന്ധു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ യുദ്ധവിരുദ്ധസന്ദേശം നല്‍കി. രാഘവന്‍ മാസ്റ്റര്‍, ശിവരാമറായ്, രാഘവചെട്ടിയാര്‍ എന്നിവര്‍ സംസാരിച്ചു. കെ.രമേശന്‍ മാസ്റ്റര്‍ സ്വാഗതവും അനില്‍കുമാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.  












ടി.ടി.ഐ.കലോല്‍സവം

ഈ വര്‍ഷത്തെ കാസര്‍ഗോഡ് ജില്ലാ ടി.ടി.ഐ.കലോല്‍സവം കാസര്‍ഗോഡ് ഡയറ്റിന്റെ നേതൃത്വത്തില്‍ മായിപ്പാടിയില്‍ വെച്ച് നടക്കും. സ്വാഗതസംഘ രൂപീകരണയോഗം 2012 ആഗസ്റ്റ്  9 ന് ഡയറ്റില്‍ നടന്നു. യോഗത്തില്‍ ശ്രീ. വേണുഗോപാല്‍ (AA,DDE) അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി സിന്ധു യോഗം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീ.സി.എം.ബാലകൃഷ്ണന്‍ പരിപാടി വിശദീകരിച്ചു. നിയുക്ത ഡി.ഡി.ഇ. ശ്രീ. കെ.ശ്രീകൃഷ്ണ അഗ്ഗിത്തായ സംസാരിച്ചു. തുടര്‍ന്ന് വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു.
സ്റ്റേജിതര പരിപാടികള്‍ ആഗസ്റ്റ് 17 നും മറ്റുള്ളവ ആഗസ്റ്റ് 22 നും ഡയറ്റില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.
എന്‍ട്രി ഫോമിന് ഇവിടെ ക്ലിക്ക് ചെയ്യുക



Tuesday 7 August 2012

വിദ്യാഭ്യാസ മന:ശാസ്ത്രം

വിദ്യാഭ്യാസ മന:ശാസ്ത്രവുമായി ബന്ധപ്പെട്ട് ടി.ടി.സി.വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പേജ് ആരംഭിക്കുന്നു. ഇത് പ്രയോജനപ്പെടുത്തുന്നവര്‍ അവര്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ കമന്റുകളായി ചേര്‍ത്താല്‍ അവയ്ക്കുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ ഫാക്കല്‍ട്ടി അംഗങ്ങള്‍ ശ്രമിക്കുന്നതായിരിക്കും
താല്‍പര്യമുള്ളവര്‍ "വിദ്യാഭ്യാസമന:ശാസ്ത്രം" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

K-TET പരിഷ് കരിച്ച മാര്‍ഗരേഖ

K-TET സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി.യുടെ പരിഷ് കരിച്ച മാര്‍ഗരേഖ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Monday 6 August 2012

മാനേജ്മെന്റ് പരിശീലനം

ഈ വര്‍ഷത്തെ അധ്യാപക പരിശീലനത്തിന് 2012 ജൂലായ് 30 ന് തുടക്കമായി. അധ്യാപകര്‍ക്ക് 7 ദിവസത്തെ മാനേജ്മെന്റ്  പരിശീലനമാണ്  ആദ്യഘട്ടത്തില്‍ നല്‍കുന്നത്. മാനേജ്മെന്റ് രംഗത്തെയും അക്കാദമികരംഗത്തെയും വിദഗ്ധരുടെ സഹായത്തോടെ എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ പരിശീലന മൊഡ്യൂളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. 




സംസ്ഥാന-ജില്ലാ കോര്‍ ടീമുകളുടെ പരിശീലനത്തെ തുടര്‍ന്ന് ആദ്യബാച്ച് അധ്യാപകരുടെ പരിശീലനം എല്ലാ ജില്ലകളിലും ആരംഭിച്ചു. അധ്യാപകസംഘടനാ പ്രതിനിധികള്‍ക്കാണ് ആദ്യം പരിശീലനം നല്‍കുന്നത്. മാനേജ്മെന്റ് പരിശീലനത്തെ തുടര്‍ന്ന് 3 ദിവസത്തെ ഐ.ടി. പരിശീലനം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. 









കാസര്‍ഗോഡ് ജില്ലയിലെ പരിശീലനം ചെര്‍ക്കള മാര്‍ത്തോമാ ഹൈസ്കൂളില്‍ നടന്നു വരുന്നു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ എം.ജലജാക്ഷി, ലക്ചറര്‍മാരായ പി.ഭാസ്കരന്‍, അബ്ദുള്‍ നാസര്‍, ട്രെയിനര്‍മാരായ കെ.എം.ബാലകൃഷ്ണന്‍, പി.വി.സുജാത എന്നിവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ‍ഡയറ്റും എസ്.എസ്. എ.യും പരിശീലനത്തിന് നേതൃത്വം  നല്‍കുന്നു. 30 അധ്യാപകരാണ് ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
 
 

Sunday 5 August 2012

സൗജന്യ ഗണിതമാഗസിന്‍

അസിം പ്രേംജി സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള ഗണിതമാഗസിന്‍ സൗജന്യമായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യൂ.

Friday 3 August 2012

ടി.ടി.സി. ഒന്നാം വര്‍ഷം

കാസര്‍ഗോഡ് ഡയറ്റിലെ ഒന്നാം വര്‍ഷ ടി.ടി.സി. ബാച്ചിന്റെ പ്രവേശനം നടന്നു. കന്നട ബാച്ചില്‍ ആകെയുള്ള 40 സീറ്റുകളിലെയും അഡ് മിഷന്‍ പൂര്‍ത്തിയായി. മലയാളം ബാച്ചിലെ 40 സീറ്റില്‍ 35 സീറ്റുകളിലേക്കുള്ള അഡ് മിഷനാണ് പൂര്‍ത്തീകരിച്ചത് .  പുതുതായി അഡ് മിഷന്‍ നേടിയ ട്രെയിനികളുടെയും അവരുടെ  രക്ഷിതാക്കളുടെയും യോഗം 2012 ആഗസ്റ്റ് 1 ന്  ഡയറ്റില്‍ നടന്നു. പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്‍, പ്രീ-സര്‍വീസ് സീനിയര്‍ ലക്ചറര്‍ എ. മധുസൂദനന്‍ എന്നിവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. ക്ലാസുകള്‍ ആഗസ്റ്റ് 6 ന് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Wednesday 1 August 2012

K - TET ഇളവുകള്‍

K - TET പരീക്ഷ പാസാവുന്നതില്‍ നിന്നും കൂടുതല്‍ വിഭാഗങ്ങളെ സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നു.  എം.എഡ്. യോഗ്യതയുള്ളവര്‍, 31.03.2012 നോ അതിനു മുമ്പോ റഗുലര്‍ വേക്കന്‍സിയില്‍ നിയമിതരായവര്‍ തുടങ്ങിയവര്‍ ഇതില്‍ പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

K - TET പരീക്ഷാ തീയതികള്‍

K - TET പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
കാറ്റഗറി ഒന്ന് - ആഗസ്റ്റ് 25
കാറ്റഗറി രണ്ട് - ആഗസ്റ്റ് 27
കാറ്റഗറി മൂന്ന് - സപ്റ്റംബര്‍ 1

ഡി.ഡി.ഇ, ഡി.ഇ.ഒ നിയമനം

ഡി.ഡി.ഇ മാരുടെയും ഡി.ഇ.ഒ മാരുടെയും നിയമന ഉത്തരവുകള്‍ പുറത്തിറങ്ങിയിരിക്കുന്നു. ഇതുപ്രകാരം ശ്രീ. കെ.ശ്രീകൃഷ്ണ അഗ്ഗിത്തായ കാസര്‍ഗോഡ് ഡി.ഡി.ഇ. ആയും ശ്രീ.കെ.സത്യനാരായണ കാസര്‍ഗോഡ് ഡി.ഇ.ഒ ആയും നിയമിതരായിരിക്കുന്നു. പോസ്റ്റിങ്ങ് ഓര്‍ഡറിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഓണപ്പരീക്ഷ

ഈ വര്‍ഷത്തെ ഓണപ്പരീക്ഷ  2012 ആഗസ്റ്റ് 14 ന് ആരംഭിക്കുന്നു.
മുസ്ലീം സ്കൂളുകളിലെ പരീക്ഷ  2012 സപ്റ്റംബര്‍ 10 നാണ് ആരംഭിക്കുന്നത്.