ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

റിപ്പോര്‍ട്ടുകള്‍ ക്ഷണിക്കുന്നു

കാസര്‍ഗോഡ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍  ഈ പേജില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. സ്കൂളുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് മികച്ചവയെന്ന് ബോധ്യപ്പെടുന്നവയാകും ഇവിടെ ചേര്‍ക്കുക. ബന്ധപ്പെട്ട സബ് ജില്ലയുടെ അക്കാദമിക ചുമതലയുള്ള ഫാക്കല്‍ട്ടി അംഗങ്ങളെ റിപ്പോര്‍ട്ടുകള്‍ ഏല്‍പ്പിക്കുകയോ താഴെ ചേര്‍ത്ത മെയില്‍ അഡ്രസ്സില്‍ അയച്ചുതരികയോ ചെയ്യാവുന്നതാണ്.  ഫോട്ടോകള്‍, ചെറിയ വീഡിയോ ക്ലിപ്പിങ്ങുകള്‍ എന്നിവയും കൂടെ നല്‍കേണ്ടതാണ്.

   dietksd@gmail.com

1. ജി.യു.പി.എസ് കാഞ്ഞിരപ്പൊയില്‍  
   സജീവമായ സ്കൂള്‍പ്രവര്‍ത്തനങ്ങളുടെ ഒരു മാസക്കാഴ്ച


ജി.യു.പി.എസ് കാഞ്ഞിരപ്പൊയിലിന്റെ 2012 ജൂലായ് മാസത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു നേര്‍ക്കാഴ്ച സ്കൂളിന്റെ ബ്ലോഗില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു...

  • വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനത്തിന്റെ ഭാഗമായി ഓരോ ക്ലാസ്സിലെയും കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകൾ സ്കൂള്‍ അസംബ്ലിയില്‍ പ്രകാശനം ചെയ്യപ്പെട്ടു
  • മുഴുവന്‍ കുട്ടികള്‍ക്കുമുള്ള സൌജന്യ യൂണിഫോമിന്റെ വിതരണോല്‍ഘാടനം പി.ടി..പ്രസിഡന്റ് എം.രാജന്‍ നിര്‍വഹിച്ചു
  • ഒന്നാം ക്ലാസ്സിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നാടന്‍ പലഹാരങ്ങളുടെ ഗംഭീരമായ പ്രദര്‍ശനം നടന്നു
  • അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ ജനറല്‍ബോഡി യോഗവും സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയുടെ  രൂപീകരണവും നടന്നു
  • പുതിയ  അടുപ്പിന്റെ നിര്‍മ്മാണം നടന്നു
  • ജൂലായ് 21 ന് ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പതിപ്പിന്റെ പ്രകാശനം അസംബ്ലിയില്‍ നടന്നു. ഒപ്പം ചാന്ദ്രദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പദപ്രശ് നത്തിന് കുട്ടികള്‍ ഉത്തരം തേടുന്ന പ്രവര്‍ത്തനം സംഘടിപ്പിച്ചു. ബഹിരാകാശ ഫോട്ടോ പ്രദര്‍ശനവും അതിൽനിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി റേഡിയോ ക്വിസ്സും സംഘടിപ്പിക്കപ്പെട്ടു
  • ഗണിതപഠനത്തിന്റെ ഭാഗമായി ഏഴാം ക്ലാസ്സിലെ കുട്ടികള്‍ രാകേഷ് മാഷിനൊപ്പം ബാങ്കിലേക്ക് പഠനയാത്ര നടത്തി
  • ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ പ്രേംചന്ദിനെ അനുസ്മരിച്ചു. ഒപ്പം ഹിന്ദി ക്ലബ് അംഗങ്ങള്‍ സംഗീതശില്‍പം അവതരിപ്പിച്ചു
പ്രവര്‍ത്തനങ്ങളുടെ നിര നീളുന്നു...

വൈവിധ്യമാര്‍ന്ന ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച അധ്യാപകര്‍ക്കും രക്ഷാകര്‍ത്തൃ സമിതിക്കും അഭിനന്ദനങ്ങള്‍
ഒപ്പം ഈ വിവരങ്ങള്‍ ഒരു ബ്ലോഗിലൂടെ പൊതുസമൂഹവുമായി പങ്കുവെച്ചുകൊണ്ട് ബ്ലോഗിനെ എങ്ങനെ സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷനുള്ള ഒരു ഉപാധിയാക്കി മാറ്റാം എന്നും  സ്കൂള്‍ അധികൃതര്‍ തെളിയിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്കൂളിന്റെ ബ്ലോഗ് അഡ്രസ്സില്‍ ക്ലിക്ക് ചെയ്യുക

http://kanhirappoyilschool.blogspot.in 

2. പുഞ്ചാവി ഗവ: എല്‍. പി. സ്കൂള്‍
   അധ്യാപകരുടെ ലക്ഷ്യപ്രഖ്യാപനം
          'ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് പുറത്തിറങ്ങുന്ന കുട്ടികളെക്കാൾ മെച്ചപ്പെട്ട രീതിയിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് എന്റെ ലക്‌ഷ്യം.' ഇംഗ്ലീഷ് പഠിപ്പിക്കുന്ന സുരേഷ് മാഷുടെ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് രക്ഷിതാക്കള്‍ സ്വീകരിച്ചത്.പുഞ്ചാവി ഗവ:എൽ.പി.സ്കൂളിൽ അധ്യയന വർഷത്തിൻറെ ആദ്യ ആഴ്ചയിൽ ത്തന്നെ സംഘടിപ്പിച്ച രക്ഷാകര്‍തൃ സംഗമത്തിൽ ,ക്ലാസ്സുമുറികളിൽ ഒരു വർഷക്കാലം നടക്കുന്ന പഠന പ്രവർത്തനങ്ങളെ ക്കുറിച്ചും അതുവഴി കുട്ടികള്‍ കൈവരിക്കേണ്ട ശേഷികളെ ക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അധ്യാപകനായ കെ.എൻ.സുരേഷ്.
             തുടര്‍ന്ന്  ഓരോ ക്ലാസ്സിലെയും അധ്യാപകര്‍ ക്ലാസ് റൂം  പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് തങ്ങളുടെ ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളെയും നിശ്ചിത ശേഷികള്‍ കൈവരിക്കുന്നവരായി മറ്റാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും  ഇതിനായി മുഴുവന്‍ രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങൾ അഭ്യര്‍ഥിക്കുകയും  ചെയ്തു. ഇംഗ്ലീഷ് പഠനത്തിനു പ്രത്യേക പരിഗണന നല്‍കുന്നതിനായി   ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളില്‍ ഒരേ അദ്ധ്യാപകന്‍ തന്നെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന രീതിയാണ്  ഈ വര്‍ഷം ഈ വിദ്യാലയം സ്വീകരിച്ചിരിക്കുന്നത്.
             പ്രതിമാസ ക്ലാസ് പി.ടി.എ യോഗങ്ങളില്‍ അധ്യാപകരുടെ ക്ലാസ്സും കുട്ടികളുടെ പ്രകടനങ്ങളും നേരില്‍ കാണാല്‍ രക്ഷിതാക്കള്‍ക്ക് അവസരം ഒരുക്കും.കുട്ടികളുടെയും വിദ്യാലയത്തിന്റെയും  മികവുകള്‍ രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുന്നതിനായി മാര്‍ച് അവസാനവാരം 'മികവുല്‍സവം' സംഘടിപ്പിക്കാനും രക്ഷാകര്‍തൃ സംഗമത്തില്‍ ധാരണയായി.സ്കൂള്‍ മാനേജ്മെന്റു കമ്മിറ്റി ചെയര്‍പേഴ്സന്‍ ചിത്രലേഖ.ടി  സംഗമം  ഉൽഘാടനം ചെയ്തു. മദര്‍ പി.ടി.എ പ്രസിഡണ്ട്  സുജ ഇ. അധ്യക്ഷത വഹിച്ചു. അധ്യാപകരായ പ്രമീള, പരമേശ്വരി, സന്തോഷ്‌ കുമാർ, ജാബിര്‍ എന്നിവർ ക്ലാസ് തല ലക്ഷ്യ പ്രഖ്യാപനം നടത്തി.പ്രധാനാധ്യാപകന്‍ കെ.നാരായണല്‍ സ്വാഗതവും കെ.എന്‍.സുരേഷ് നന്ദിയും പറഞ്ഞു.

3. കാനത്തൂര്‍ ഗവ: യു. പി. സ്കൂള്‍
    കാനത്തൂരിന്റെ ഇന്നലെകള്‍


കാനത്തൂരിന്റെ ഇന്നലെകളെക്കുറിച്ച് അന്വേഷിച്ചിറങ്ങിയതായിരുന്നു കുട്ടികള്‍. വീടുവീടാന്തരം കയറിയിറങ്ങി അവര്‍ ശേഖരിച്ചത് നിരവധി പുരാവസ്തുക്കള്‍. വീട്ടിലെ വിറകുപുരയിലോ ആലയിലോ ആണ് ഇന്നവയുടെ സ്ഥാനം.നൂറടപ്പു മുതല്‍ ഏത്താംകൊട്ട വരെ ഇതില്‍ പെടും.ഇവയില്‍ പലതും ചിതലരിക്കാന്‍ തുടങ്ങിയിരുന്നു.കാനത്തൂരിന്റെ പോയ്പോയ കാലത്തെക്കുറിച്ച് ഇവയ്ക്കു പലതും പറയാനുണ്ടാകും.മണ്‍മറഞ്ഞുപോയ ഒരു ജനതയുടെ ജീവിതത്തെക്കുറിച്ച്. .. അവരുടെ സംസ്ക്കാരത്തെക്കുറിച്ച്.. സാങ്കേതിക വിദ്യയെക്കുറിച്ച്..

ഇവയുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കുട്ടികള്‍.പ്രദര്‍ശനത്തിനു അവര്‍ ഒരു പേരിട്ടു- കൊരമ്പ. ഇതിന്റെ പ്രചരണാര്‍ത്ഥം അവര്‍ പോസ്റ്ററും നോട്ടീസും തയ്യാറാക്കി.ടൗണില്‍ കൊണ്ടുപോയി ഒട്ടിച്ചു. കാണുന്നവരോടെല്ലാം പറഞ്ഞു.കണ്ടെടുത്ത ഓരോ വസ്തുവിനെക്കുറിച്ചും പ്രായം ചെന്നവരെ കണ്ട് ചോദിച്ച് കുറിപ്പുകള്‍ തയ്യാറാക്കി.


       

തുടര്‍ന്നു നടന്ന പുരാവസ്തു പ്രദര്‍ശനം ശേഖരിക്കപ്പെട്ട വസ്തുക്കളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രദര്‍ശനത്തില്‍ ഓടില്‍ തീര്‍ത്ത ചെല്ലപ്പെട്ടി മുതല്‍ പറ പ്രചാരത്തില്‍ വരുന്നതിനു മുന്നേ നെല്ല് അളന്നു കൊടുക്കാന്‍ ഉപയോഗിച്ചിരുന്ന കാട്ടുവള്ളികൊണ്ടു മടഞ്ഞുണ്ടാക്കിയ കളസ്യവരെ പെടും. വ്യത്യസ്ത ഇനത്തില്‍പ്പെട്ട ഏതാണ്ട് എണ്‍പതോളം പുരാവസ്തുക്കളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

തൈര് കടയാന്‍ഉപയോഗിച്ചിരുന്ന പാല്‍ക്കുറ്റി ,കരിങ്കല്ലില്‍ തീര്‍ത്ത തൂക്കക്കട്ടികള്‍,ഉപ്പും മുളകും ജീരകവും ഇട്ടുവെക്കാന്‍ ഉപയോഗിക്കുന്ന  മരം കൊണ്ടുണ്ടാക്കിയ മെരിയ,ചെമ്പ് കൊണ്ടുണ്ടാക്കിയ മണ്ണെണ്ണ വിളക്കുകള്‍,പാത്രങ്ങള്‍,മെതിയടികള്‍,ജലസേചനത്തിനു ഉപയോഗിച്ചിരുന്ന ഏത്താംകൊട്ട  തുടങ്ങി   കൗതുകമുണര്‍ത്തുന്ന നിരവധി വസ്തുക്കളില്‍  പലതും ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്കുതന്നെ അന്യമാണ്.

കാനത്തൂരെയും പരിസരപ്രദേശങ്ങളിലെയും വീടുകളില്‍ നിന്നും കുട്ടികള്‍ തന്നെയാണ് ഇവ ശേഖരിച്ചത്.പ്രായമായവരോട് ചോദിച്ചും അന്വേഷിച്ചും കുട്ടികള്‍  തയ്യാറാക്കിയ കുറിപ്പുകളും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു,

തൊണ്ണൂറു വയസ്സുകഴിഞ്ഞ ശ്രീ ബൈരന്‍ മൂപ്പനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സ്കൂള്‍ ഹെ‍‍ഡ്മാസ്റ്റര്‍ ശ്രീ ബാലകൃഷ്ണന്‍,പി ടി എ പ്രസിഡണ്ട് ശ്രീ മാധവന്‍,സോഷ്യല്‍ക്ലബ്ബ് കണ്‍വീനര്‍ അശ്വതി, അഭിജിത്ത്, ദിലീപ്,വിഷ്ണുനാഥ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

പ്രദര്‍ശന ഹാളിനു മുന്നില്‍ തൂക്കിയിട്ട കടലാസില്‍ കുട്ടികള്‍ ഇങ്ങനെ കുറിച്ചിട്ടു.
'പുരാവസ്തുക്കള്‍ ഒരു ജനതയുടെ ജീവിതമാണ്.
അവരുടെ സംസ്ക്കാരമാണ്.
പുരാവസ്തുക്കള്‍ സംരക്ഷിക്കുക.
ഇല്ലെങ്കില്‍ ഓര്‍മകളില്ലാത്ത ഒരു ജനതയായ് നാം മാറും.'


2 comments: