ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday 28 December 2013

അനീസ മിണ്ടാന്‍ തുടങ്ങി...പരീക്ഷയ്ക്കിടയില്‍ യദു സംശയം ചോദിച്ചു...!


അനീസയ്ക്കും യദുവിനും ചിറകു കുരുത്തിരിക്കുന്നു.അവര്‍ക്കും ഇനി മറ്റുളളവര്‍ക്കൊപ്പം പറക്കാം.അതിന്റെ ആവേശത്തില്‍ അനീസ മിണ്ടാന്‍ തുടങ്ങി.അവള്‍ക്ക് ശബ്ദം തിരിച്ചു കിട്ടിയിരിക്കുന്നു.
ഇന്നലെ 'മുന്‍പേ പറക്കാം' ക്ലാസില്‍ അതു സംഭവിച്ചു.അനീസ ബോര്‍ഡിലെഴുതിയ വാക്യങ്ങള്‍ ഉറക്കെ വായിച്ചു.അവളുടെ ശബ്ദം കേട്ട് മറ്റുളളവര്‍ ഞെട്ടി.ഈ ഒച്ച ഇത്രനാള്‍ ഇവള്‍ എവിടെ ഒളിപ്പിച്ചു ?
"അനീസേ അധികം ഒച്ച വേണ്ട. ഓട് പാറും...”
രാഹുലിന്റേതാണ് കമന്റ്.
അതു കേട്ട് അനീസ ചിരിച്ചു.
അനീസ ആറാം ക്ലാസിലാണ്. അവളുടെ അടുത്തകൂട്ടുകാരികളോട് മാത്രം സംസാരിക്കും. കഷ്ടിച്ചു വായിക്കും. എഴുത്തില്‍ മുഴുവന്‍ അക്ഷരത്തെറ്റ്. മാഷ് എന്തെങ്കിലും ചോദിച്ചാല്‍ ഒന്നും മിണ്ടില്ല. വെറുതെ എഴുന്നേറ്റു നില്‍ക്കും. അഥവാ ഉരിയാടിയാല്‍തന്നെ ആരും കേള്‍ക്കില്ല.
ആ അനീസ ഇപ്പോള്‍ ഉറക്കെ വായിക്കാന്‍ തുടങ്ങിയിരിക്കുന്നു......‌

യദു ഏഴാം ക്ലാസിലാണ്. എല്ലാ കാര്യങ്ങളിലും മിടുമിടുക്കന്‍. പഠനത്തിലൊഴികെ. യദുവിന് എഴുത്തും വായനയും പ്രയാസമാണ്. എന്നാല്‍ ഈ കഴിഞ്ഞ പരീക്ഷയ്ക്കിടയില്‍ അവന്‍ സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഏഴുവര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇങ്ങനെയെന്ന് ഗംഗാധരന്‍ മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു....

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മുന്‍പേ പറക്കാം പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണ് ഈ രണ്ടു കുട്ടികളും. കാനത്തൂര്‍ യു പി സ്കൂളില്‍ ഇവരെ കൂടാതെ 16കുട്ടികള്‍ വേറെയുമുണ്ട്. രാവിലെ 9 മണിമുതലാണ് ക്ലാസ്. ഒരു മണിക്കൂര്‍. ക്ലാസ് കുട്ടികള്‍ക്ക് ആഹ്ലാദകരമായ അനുഭവമായി മാറുകയാണ്. കുട്ടികള്‍ അവരുടെ ആത്മവിശ്വാസം പതുക്കെ വീണ്ടെടുക്കുകയാണ്.....

No comments:

Post a Comment