ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday, 25 April 2015

ഫാക്കല്‍ട്ടി അംഗങ്ങള്‍ക്ക് യാത്രയയപ്പ്

ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളെന്ന നിലയില്‍ ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലം നേതൃത്ത്വം നല്‍കിയ സീനിയര്‍ ലക്ചറര്‍മാരായ ടി സുരേഷ്, എം ജലജാക്ഷി എന്നിവര്‍ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. ഡയറ്റില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രീ സര്‍വീസ് ഫാക്കല്‍ട്ടി ഹെഡ് എന്ന നിലയില്‍ ജില്ലയിലെ ഡി എഡ് കോഴ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ ടി സുരേഷ് ശ്രദ്ധേയമായ നേതൃത്ത്വം നല്‍കി. നിലവിലുള്ള ഡി എഡ് കരിക്കുലം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ സംഭാവനകള്‍ സംസ്ഥാന തലത്തില്‍ അദ്ദേഹം നല്‍കുകയുണ്ടായി. ഗണിതാധ്യാപകനെന്ന നിലയില്‍ സ്കൂള്‍ പാഠ്യപദ്ധതി രൂപീകരണത്തിലും പാഠപുസ്തകങ്ങള്‍, അധ്യാപകസഹായികള്‍ എന്നിവ തയ്യാറാക്കുന്നതിലും പരിശീലനം സംഘടിപ്പിക്കുന്നതിലും വളരെക്കാലം അദ്ദേഹം മുന്നിട്ടു പ്രവര്‍ത്തിക്കുകയുണ്ടായി.
ഡയറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിസ്തുലസേവനമാണ് ഇക്കാലമത്രയും ജലജാക്ഷി ടീച്ചര്‍ നല്‍കിപ്പോന്നിരുന്നത്. മികച്ച ഇംഗ്ലീഷ് അധ്യാപിക, ടീച്ചര്‍ എജുക്കേറ്റര്‍, ഡി ആര്‍ യു ഫാക്കല്‍ട്ടി സീനിയര്‍ ലക്ചറര്‍, ഐ ഇ ഡി സി - സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ജില്ലയിലെ ഏകോപനം എന്നിങ്ങനെ സംസ്ഥാനത്തും ജില്ലയിലും നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ദിശാബോധം പകര്‍ന്നു. കന്നടയും മലയാളവും  അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ കന്നട മൊഡ്യൂളുകള്‍ തയ്യാറാക്കുന്നതില്‍ സംസ്ഥാന തലത്തില്‍ തന്നെ അവര്‍ക്കു പകരം വെക്കാന്‍  മറ്റൊരാളില്ല.
ഇപ്രകാരം ജില്ലയിലെയും സംസ്ഥാനത്തെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു പ്രവര്‍ത്തിച്ച ഈ രണ്ട് അധ്യാപകരുടെയും വേര്‍പാട് ഡയറ്റിനെ സംബന്ധിച്ച് വലിയ വിടവാണ് സ‍ൃഷ്ടിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു
തുടര്‍ന്ന് ടി ആര്‍ ജനാര്‍ദ്ദനന്‍, ഗോപാലകൃഷ്ണ ഭട്ട്, എ ശ്രീകുമാര്‍, യു കെ അനസ്, പി സുന്ദരി, സന്തോഷ് സക്കറിയ, ഡോ. പി വി പുരുഷോത്തമന്‍, ടി എം രാമനാഥന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
എം ജയജാക്ഷി, ടി സുരേഷ് എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി. സഹപ്രവര്‍ത്തകര്‍ നല്‍കി വന്ന പിന്തുണയ്ക്ക് അവര്‍ നന്ദി രേഖപ്പെടുത്തി.
സ്റ്റാഫ് സംക്രട്ടറി എ എസ് എന്‍ പ്രസാദ് സ്വാഗതവും അശോക്‍കുമാര്‍ എ നന്ദിയും പറഞ്ഞു. വിരമിക്കുന്ന അധ്യാപകരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ഡയറ്റിന്റെ വക ഉപഹാരങ്ങള്‍ പ്രിന്‍സിപ്പല്‍ വിതരണം ചെയ്തു.


No comments:

Post a Comment