ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Friday 28 September 2012

കൈത്താങ്ങായി മാറുന്ന റിസോഴ്സ് ടീച്ചര്‍


ജന്മനാ ബാധിച്ച രോഗം കാരണം മറ്റു കുട്ടികള്‍ക്കൊപ്പം  പഠിക്കാന്‍ കഴിയാത്ത സഹോദരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകരുന്ന  എസ്.എസ്.എ  റിസോര്‍സ് അധ്യാപികയുടെ പ്രവര്‍ത്തനത്തെ കുറിച്ച് എടച്ചാക്കൈ എ. യു. പി സ്‌കൂളിന്റെ 
" എന്റെ വിദ്യാലയം " എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് ഏറെ സന്തോഷത്തോടെ ഡയറ്റിന്റെ ബ്ലോഗില്‍ പുന:പ്രസിദ്ധീകരിക്കുന്നു.

ദീനക്കിടക്കയില്‍ അക്ഷരമധുരം നുകര്‍ന്ന്  അസീറയും ആമിനയും




അപൂര്‍വരോഗം ചലനസ്വാതന്ത്ര്യം നിഷേധിച്ചപ്പോള്‍ അക്ഷരവെളിച്ചം പകരാനെത്തുന്ന ടീച്ചറമ്മ കുട്ടികള്‍ക്ക് സാന്ത്വനമാകുന്നു. എടച്ചാക്കൈ പാലത്തേരയിലെ യാസിര്‍ അറഫാത്ത് കുഞ്ഞായിഷ ദമ്പതികളുടെ ഏഴു വയസ്സുകാരി അസീറയും നാലു വയസ്സുകാരി ആമിനയുമാണ് ജന്മനാ ബാധിച്ച രോഗത്തിന്റെ തളര്‍ച്ചയിലും അക്ഷരലോകത്ത് പിച്ചവെക്കുന്നത്. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി എസ്.എസ്.എ ആവിഷ്‌കരിച്ച ഐ.ഇ.ഡി.സി പദ്ധതി പ്രകാരം ചന്തേര ബി.ആര്‍.സിയിലെ റിസോര്‍സ് അധ്യാപിക ബി.രോഷ്ണിയാണ് ഇവര്‍ക്ക് വീട്ടിലെത്തി അക്ഷരമധുരം പകര്‍ന്നുനല്‍കുന്നത്.

ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അതിജീവിച്ച് മറ്റുകുട്ടികള്‍ക്കൊപ്പം എത്തിക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ വീട്ടിലെത്തുന്ന ടീച്ചറെ കാത്തിരിക്കുകയാണ് കുട്ടികള്‍ എന്നും പേശികള്‍ക്ക് ബലമില്ലാതെ തളര്‍ന്നു പോകുന്ന അസുഖമാണിരുവര്‍ക്കും. കൈകാലുകളിലെ സ്വാധീനക്കുറവുകാരണം ശരീരം നേരെ നിര്‍ത്താന്‍ പോലും കഴിയുന്നില്ല. എടച്ചാക്കൈ എ.യു.പി സ്‌കൂളില്‍ രണ്ടാം തരത്തില്‍ എത്തി നില്‍ക്കുന്ന അസീറ ആദ്യകാലങ്ങളില്‍ ഉമ്മയുടെ സഹായത്താല്‍ സ്‌കൂളില്‍ എത്തിയിരുന്നു. ക്ലാസന്തരീക്ഷത്തില്‍ കുട്ടിക്ക് പാഠങ്ങള്‍ ഗ്രഹിക്കാന്‍ പറ്റാതായപ്പോഴാണ് ടീച്ചര്‍ വീട്ടിലെത്തി പാഠം ആരംഭിച്ചത്. അനുജത്തി ആമിന തൊട്ടടുത്ത അങ്കണവാടിയില്‍ പോകുന്നുണ്ടെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട രോഷ്ണിടീച്ചര്‍ എത്തുന്ന ദിവസങ്ങളില്‍ അവധിയെടുക്കും. ടീച്ചറെത്തുമ്പോഴേക്കും പാഠപുസ്തകങ്ങളുമെടുത്ത് നേരത്തെ തന്നെ പഠിക്കാന്‍ തയ്യാറായിരിക്കും. ആഴ്ചയില്‍ രണ്ടു ദിവസമാണ് ക്ലാസ്.  കണ്ണുകളും കൈകളും ഏകോപിപ്പിച്ചുകൊണ്ടുള്ള ലളിതമായ പാഠങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്. മുത്തുകള്‍ നൂലില്‍ കോര്‍ക്കുക, കളറിംഗ്, പാട്ടുപാടല്‍, എണ്ണല്‍ തുടങ്ങിയവയാണ് ഇപ്പോഴത്തെ പഠനരീതി. ഇരുവരും നന്നായി പാടുകയും ചിത്രം വരയ്ക്കുകയും ചെയ്യും. ആദ്യകാലങ്ങളില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പ്രയാസം അനുഭവപ്പെട്ടിരുന്നെങ്കിലും രോഷ്ണി ടീച്ചറുടെ സമീപ്യം ഇവര്‍ക്ക് അനുഗ്രഹമാവുകയായിരുന്നു. ടീച്ചറുടെ മുടങ്ങാതെയുള്ള ശിക്ഷണമാണ് ഇവരെ ഇങ്ങനെയെങ്കിലുമാക്കിയെടുത്തതെന്ന് കുട്ടികളുടെ മാതാവ് കുഞ്ഞായിഷ പറയുന്നു.

ഇവരുടെ ബലഹീനതകള്‍ ലഘൂകരിക്കാനുതകുന്ന ഉപകരണങ്ങളും കസേരകളും എസ്.എസ്.എ നല്‍കിയിട്ടുണ്ട്. ജന്മനാ കണ്ടുവന്ന രോഗത്തിന്റെ ചികില്‍സക്കായി നിരവധി ഡോക്ടര്‍മാരെ കാണിച്ചിരുന്നുവെങ്കിലും കാര്യമായ മാറ്റങ്ങള്‍ കൈവന്നിട്ടില്ല. 

സമപ്രായക്കാരായ കുട്ടികള്‍ സ്‌കൂള്‍ വിശേഷങ്ങള്‍ പറയുമ്പോള്‍ ഇവര്‍ക്കിപ്പോള്‍ സങ്കടമില്ല...കാരണം ഇവര്‍ക്കുമുണ്ട് പറയാനേറെ പഠന വിശേഷങ്ങള്‍...

2 comments:

  1. നെറ്റിൽ ചുറ്റിത്തിരിയുമ്പോൾ യാദൃച്ഛികമായി ഈ ബ്ലോഗ് കാണാനിടയായി. പുതിയ സാങ്കേതികസൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ വ്യക്തികളും സ്ഥാപനങ്ങളും മടിച്ചു നില്ക്കുമ്പോൾ ഡയറ്റ് കാസർഗോഡിൻറെ ഈ ഉദ്യമം അവർക്ക് മാതൃകയാകുമെന്ന് കരുതട്ടെ. ആശംസകൾ

    ReplyDelete
  2. ബ്ലോഗ് ശ്രദ്ധയില്‍പ്പെട്ടു. ഉദ്യമത്തിന് അഭിനന്ദനം..ഏറെ മുന്നേറാന്‍ കഴിയട്ടെ!
    രാമചന്ദ്രന്‍ പാലക്കാട് ഡയറ്റ്

    ReplyDelete