ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Sunday, 23 September 2012

ഉന്നതമായ ലക്ഷ്യം, ഉറച്ച കാല്‍വെപ്പുകള്‍...




ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ സമാനതയില്ലാത്ത മുന്നേറ്റം.
പതിനായിരങ്ങള്‍ ഒരേ മനസ്സോടെ, ഒരേ താളത്തില്‍, ഇരമ്പിനീങ്ങിയ അപൂര്‍വമായ സമരമാതൃക.
അതായിരുന്നു ചരിത്രപ്രധാനമായ ദണ്ഡിമാര്‍ച്ച്.

ഇന്ത്യയിലെ കടല്‍വെള്ളം വാറ്റി ഉപ്പുണ്ടാക്കാന്‍ ഇന്നാട്ടുകാര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. അസ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നേരിട്ട് അനുഭവപ്പെട്ട ഒന്നായിരുന്നു ഉപ്പിനു നല്‍കേണ്ടിവന്ന നികുതി. ഈ അസ്വാതന്ത്ര്യത്തെ ലംഘിച്ചുകൊണ്ട് ഇന്ത്യക്കാരന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഗാന്ധിജി തന്നെ നേരിട്ട് 
രംഗത്തിറങ്ങിയപ്പോള്‍ ആയിരങ്ങള്‍ അദ്ദേഹത്തോടൊപ്പം അണിചേര്‍ന്നു. 

1929 ല്‍ ലാഹോറില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനമാണ് സിവില്‍ നിയമലംഘനം  ആരംഭിക്കാന്‍ തീരുമാനമെടുത്തത്. 1930 ജനവരി 26 ന് ഇന്ത്യയൊട്ടുക്കും "പൂര്‍ണസ്വാതന്ത്യദിന"മായി ആചരിച്ചു. തുടര്‍ന്ന് സിവില്‍ നിയമലംഘനമാരംഭിക്കാനുള്ള ചുമതല ഗാന്ധിജിയെ ഏല്‍പിച്ചു. സിവില്‍ നിയമലംഘനത്തിന്റെ ആദ്യപടിയെന്ന നിലക്കാണ് ഗാന്ധിജി ഉപ്പുനിയമം ലംഘിക്കാന്‍ തീരുമാനിച്ചത്. 

1930 മാര്‍ച്ച് 12 ന് സബര്‍മതി ആശ്രമത്തില്‍ നിന്ന് 78 അനുയായികള്‍ക്കൊപ്പം ഗാന്ധിജി തന്റെ സമരപ്രയാണം ആരംഭിച്ചു. അദ്ദേഹം നടന്ന വഴികളിലെല്ലാം ആയിരങ്ങള്‍ തടിച്ചുകൂടി. അനവധിയാളുകള്‍ ആവേശഭരിതരായി ജാഥയ്ക്കൊപ്പം സഞ്ചരിച്ചു.  ഒടുവില്‍ ഏപ്രില്‍ 6 ന് , 24 ദിവസം നീണ്ടുനിന്ന യാത്രക്കൊടുവില്‍, 320 കി. മീ.  സഞ്ചരിച്ച് അവര്‍ ദണ്ഡി കടപ്പുറത്തെത്തി. പുലര്‍ച്ചെ 6.30 ന് ഒരു പിടി ഉപ്പ് വാറ്റിയെടുത്തുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തെ ഗാന്ധിജിയും സമരഭടന്മാരും വെല്ലുവിളിച്ചു. തുടക്കത്തില്‍ സമരത്തെ അവഗണിച്ച ബ്രിട്ടീഷ് ഭരണാധികാരികള്‍ പിന്നീട് സമരത്തെ എങ്ങനെ നേരിടണമെന്നറിയാതെ വിഷമിച്ചു. ദണ്ഡിയില്‍ നിന്ന് വീണ്ടും മുന്നോട്ടുപോയ ഗാന്ധിജിയെ മെയ് 4 ന് അറസ്റ്റുചെയ്തു. അപ്പോഴേക്കും ഇന്ത്യയൊട്ടുക്കും അനവധിയാളുകള്‍ അതത് പ്രദേശത്ത് ഉപ്പുനിയമം ലംഘിച്ചുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തില്‍ അണിചേര്‍ന്നിരുന്നു. ഫലത്തില്‍ നിയമലംഘനപ്രസ്ഥാനം ഇന്ത്യയൊട്ടുക്കും പടര്‍ന്നു പിടിച്ചു. ഉപ്പുസത്യഗ്രഹത്തില്‍ തുടങ്ങിയ സിവില്‍നിയമലംഘന പ്രസ്ഥാനം വിദേശവസ്ത്രഷാപ്പ് പിക്കറ്റിങ്ങ് , മദ്യഷാപ്പ് പിക്കറ്റിങ്ങ് , നിയമനിഷേധം തുടങ്ങിയ പരിപാടികളിലൂടെ വികസിച്ചു. ഫലത്തില്‍ ഇന്ത്യന്‍ സമരത്തിന് പുതിയ  ദിശാബോധവും വര്‍ധിച്ച ആവേശവും പകരാന്‍ ഉപ്പ് എന്ന സമരായുധത്തിലൂടെ ഗാന്ധിജിക്ക് കഴിഞ്ഞു.
ഉപ്പുസത്യഗ്രഹത്തിന്റെ പ്രശസ്തമായ വീഡിയോ ദൃശ്യത്തിന് താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ 


ഉപ്പുസത്യഗ്രഹത്തിന്റെ അലയൊലി കേരളത്തിലും ഉണ്ടായി. കോഴിക്കോടും പയ്യന്നൂരും നടന്ന സത്യഗ്രഹത്തില്‍ അനവധിയാളുകള്‍ പങ്കുകൊണ്ടു. കെ.കേളപ്പന്‍, മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ കേരളത്തില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കി.



No comments:

Post a Comment