ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Friday 14 September 2012

മില്ലേനിയം അധ്യാപക പരിശീലനം ആരംഭിച്ചു

പുതിയ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ കഴിയും വിധം അധ്യാപകസമൂഹത്തെ രൂപപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പത്തുദിവസത്തെ മില്ലേനിയം അധ്യാപക പരിശീലനത്തിന് കാസര്‍ഗോഡ് ജില്ലയില്‍ തുടക്കമായി.  ഓരോ വിദ്യാഭ്യാസജില്ലയിലും ഓരോ കേന്ദ്രത്തിലാണ് പരിശീലനം ആരംഭിച്ചിട്ടുള്ളത്. 
കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയില്‍ ഹോസ്ദുര്‍ഗ് ബി.ആര്‍.സി. യില്‍ നടക്കുന്ന പരിശീലനത്തില്‍ 42 പേരും കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയില്‍ ജി.യു.പി.എസ്. കാസര്‍ഗോഡ് നടക്കുന്ന പരിശീലനത്തില്‍ 35 പേരും പങ്കെടുക്കുന്നു.

പ്രൈമറിയിലും ഹൈസ്കൂളിലുമുള്ള അധ്യാപകരുടെ മിശ്രിതഗ്രൂപ്പിലാണ് പരിശീലനം നടക്കുന്നത്. അതുപോലെ ജനറല്‍ വിഭാഗത്തിലും സ്പെഷല്‍ കാറ്റഗറിയിലും പെട്ട അധ്യാപകര്‍ ഒരുമിച്ചു പങ്കെടുക്കുന്ന പരിശീലനമാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. 
അധ്യാപകരുടെ മനോഭാവത്തിലും നൈപുണിയിലും ഒരുപോലെ മാറ്റമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന മോഡ്യൂള്‍ തയ്യാറാക്കിയത് എസ്.സി.ഇ.ആര്‍.ടി.യാണ്.


കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയിലെ പരിശീലനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ ശ്രീകൃഷ്ണ അഗ്ഗിത്തായ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.ഇ.ഒ. സത്യനാരായണ അധ്യക്ഷനായിരുന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ കോഴ്സിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച വിശദീകരണം നല്‍കി. എ.ഇ.ഒ. രവീന്ദ്രനാഥ് സ്വാഗതമാശംസിച്ചു.
 
കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ പരിശീലനത്തിന്റെ ഉദ്ഘാടനം ഡി.ഇ.ഒ. കെ.വേലായുധന്‍ നിര്‍വഹിച്ചു. എസ്.എസ്.എ. ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ.എം. ബാലന്‍ പരിശീലനകേന്ദ്രം സന്ദര്‍ശിച്ചു.
കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയിലെ പരിശീലനത്തിന്റെ അക്കാദമിക മേല്‍നോട്ടം ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി.ആര്‍.ജനാര്‍ദനനും കാഞ്ഞങ്ങാട് കേന്ദ്രത്തിന്റെ അക്കാദമിക ചുമതല ഡയറ്റ് ലക്ചറര്‍ ടി.അബ്ദുള്‍ നാസിറും വഹിക്കുന്നു. ഒരോ കേന്ദ്രത്തിലും പ്രത്യേകപരിശീലനം കിട്ടിയ നാല് റിസോഴ്സ് പേഴ്സണ്‍സ് പരിശീലനത്തില്‍ ഇവര്‍ക്കൊപ്പം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു.
ഏഴു ദിവസത്തെ മാനേജ്മെന്റ് പരിശീലനം കഴിഞ്ഞാല്‍ ഐ.ടി@സ്കൂളിലെ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സഹായത്തോടെ മൂന്നു ദിവസത്തെ ഐ.ടി. പരിശീലനവും ഇവര്‍ക്കു നല്‍കും. ഒരു സ്കൂളില്‍ലിന്നും ഒരു സമയം ഒരധ്യാപകനെ മാത്രമേ പരിശീലനത്തിനു വിളിക്കുന്നുള്ളൂ എന്ന് ബന്ധപ്പെട്ട ഡി.ഇ.ഒ.മാര്‍ ഉറപ്പുവരുത്തുന്നുണ്ട്.

No comments:

Post a Comment