ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Friday, 28 September 2012

കൈത്താങ്ങായി മാറുന്ന റിസോഴ്സ് ടീച്ചര്‍


ജന്മനാ ബാധിച്ച രോഗം കാരണം മറ്റു കുട്ടികള്‍ക്കൊപ്പം  പഠിക്കാന്‍ കഴിയാത്ത സഹോദരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകരുന്ന  എസ്.എസ്.എ  റിസോര്‍സ് അധ്യാപികയുടെ പ്രവര്‍ത്തനത്തെ കുറിച്ച് എടച്ചാക്കൈ എ. യു. പി സ്‌കൂളിന്റെ 
" എന്റെ വിദ്യാലയം " എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് ഏറെ സന്തോഷത്തോടെ ഡയറ്റിന്റെ ബ്ലോഗില്‍ പുന:പ്രസിദ്ധീകരിക്കുന്നു.

ദീനക്കിടക്കയില്‍ അക്ഷരമധുരം നുകര്‍ന്ന്  അസീറയും ആമിനയും




അപൂര്‍വരോഗം ചലനസ്വാതന്ത്ര്യം നിഷേധിച്ചപ്പോള്‍ അക്ഷരവെളിച്ചം പകരാനെത്തുന്ന ടീച്ചറമ്മ കുട്ടികള്‍ക്ക് സാന്ത്വനമാകുന്നു. എടച്ചാക്കൈ പാലത്തേരയിലെ യാസിര്‍ അറഫാത്ത് കുഞ്ഞായിഷ ദമ്പതികളുടെ ഏഴു വയസ്സുകാരി അസീറയും നാലു വയസ്സുകാരി ആമിനയുമാണ് ജന്മനാ ബാധിച്ച രോഗത്തിന്റെ തളര്‍ച്ചയിലും അക്ഷരലോകത്ത് പിച്ചവെക്കുന്നത്. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി എസ്.എസ്.എ ആവിഷ്‌കരിച്ച ഐ.ഇ.ഡി.സി പദ്ധതി പ്രകാരം ചന്തേര ബി.ആര്‍.സിയിലെ റിസോര്‍സ് അധ്യാപിക ബി.രോഷ്ണിയാണ് ഇവര്‍ക്ക് വീട്ടിലെത്തി അക്ഷരമധുരം പകര്‍ന്നുനല്‍കുന്നത്.

ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അതിജീവിച്ച് മറ്റുകുട്ടികള്‍ക്കൊപ്പം എത്തിക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ വീട്ടിലെത്തുന്ന ടീച്ചറെ കാത്തിരിക്കുകയാണ് കുട്ടികള്‍ എന്നും പേശികള്‍ക്ക് ബലമില്ലാതെ തളര്‍ന്നു പോകുന്ന അസുഖമാണിരുവര്‍ക്കും. കൈകാലുകളിലെ സ്വാധീനക്കുറവുകാരണം ശരീരം നേരെ നിര്‍ത്താന്‍ പോലും കഴിയുന്നില്ല. എടച്ചാക്കൈ എ.യു.പി സ്‌കൂളില്‍ രണ്ടാം തരത്തില്‍ എത്തി നില്‍ക്കുന്ന അസീറ ആദ്യകാലങ്ങളില്‍ ഉമ്മയുടെ സഹായത്താല്‍ സ്‌കൂളില്‍ എത്തിയിരുന്നു. ക്ലാസന്തരീക്ഷത്തില്‍ കുട്ടിക്ക് പാഠങ്ങള്‍ ഗ്രഹിക്കാന്‍ പറ്റാതായപ്പോഴാണ് ടീച്ചര്‍ വീട്ടിലെത്തി പാഠം ആരംഭിച്ചത്. അനുജത്തി ആമിന തൊട്ടടുത്ത അങ്കണവാടിയില്‍ പോകുന്നുണ്ടെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട രോഷ്ണിടീച്ചര്‍ എത്തുന്ന ദിവസങ്ങളില്‍ അവധിയെടുക്കും. ടീച്ചറെത്തുമ്പോഴേക്കും പാഠപുസ്തകങ്ങളുമെടുത്ത് നേരത്തെ തന്നെ പഠിക്കാന്‍ തയ്യാറായിരിക്കും. ആഴ്ചയില്‍ രണ്ടു ദിവസമാണ് ക്ലാസ്.  കണ്ണുകളും കൈകളും ഏകോപിപ്പിച്ചുകൊണ്ടുള്ള ലളിതമായ പാഠങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്. മുത്തുകള്‍ നൂലില്‍ കോര്‍ക്കുക, കളറിംഗ്, പാട്ടുപാടല്‍, എണ്ണല്‍ തുടങ്ങിയവയാണ് ഇപ്പോഴത്തെ പഠനരീതി. ഇരുവരും നന്നായി പാടുകയും ചിത്രം വരയ്ക്കുകയും ചെയ്യും. ആദ്യകാലങ്ങളില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പ്രയാസം അനുഭവപ്പെട്ടിരുന്നെങ്കിലും രോഷ്ണി ടീച്ചറുടെ സമീപ്യം ഇവര്‍ക്ക് അനുഗ്രഹമാവുകയായിരുന്നു. ടീച്ചറുടെ മുടങ്ങാതെയുള്ള ശിക്ഷണമാണ് ഇവരെ ഇങ്ങനെയെങ്കിലുമാക്കിയെടുത്തതെന്ന് കുട്ടികളുടെ മാതാവ് കുഞ്ഞായിഷ പറയുന്നു.

ഇവരുടെ ബലഹീനതകള്‍ ലഘൂകരിക്കാനുതകുന്ന ഉപകരണങ്ങളും കസേരകളും എസ്.എസ്.എ നല്‍കിയിട്ടുണ്ട്. ജന്മനാ കണ്ടുവന്ന രോഗത്തിന്റെ ചികില്‍സക്കായി നിരവധി ഡോക്ടര്‍മാരെ കാണിച്ചിരുന്നുവെങ്കിലും കാര്യമായ മാറ്റങ്ങള്‍ കൈവന്നിട്ടില്ല. 

സമപ്രായക്കാരായ കുട്ടികള്‍ സ്‌കൂള്‍ വിശേഷങ്ങള്‍ പറയുമ്പോള്‍ ഇവര്‍ക്കിപ്പോള്‍ സങ്കടമില്ല...കാരണം ഇവര്‍ക്കുമുണ്ട് പറയാനേറെ പഠന വിശേഷങ്ങള്‍...

യു.എന്‍ അംഗസംഖ്യ

1945 ല്‍ ചേര്‍ന്ന ഐക്യരാഷ്ട്രയുടെ ആദ്യസമ്മേളനത്തില്‍ 51 രാഷ്ട്രങ്ങളാണ് പങ്കെടുത്തത്. എന്നാല്‍ ഇന്ന് ഐക്യരാഷ്ട്രസംഘടനയില്‍ 193 രാജ്യങ്ങള്‍ അംഗങ്ങളാണ്. ഇക്കാലയളവിനുള്ളില്‍ സംഘടനയ്ക്കുണ്ടായ വളര്‍ച്ച വ്യക്തമാക്കുന്ന ഒരു അനിമേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. (അവലംബം : വിക്കി കോമണ്‍സ് )

യു. എന്‍. ദിനം ആഘോഷിക്കാം

ലോകസമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പതാകാവാഹകരായ ഐക്യരാഷ്ട്രസഭയുടെ ജന്മദിനം 2012 ഒക്റ്റോബര്‍ 24 ന് വീണ്ടും വന്നെത്തുകയായി. ഐക്യരാഷ്ട്രസഭയെ കുറിച്ചും അതിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും യു.പി.തൊട്ടുള്ള കുട്ടികളില്‍ അവബോധം ജനിപ്പിക്കുന്നതിനുള്ള അവസരമായി ഈ ദിനത്തെ പ്രയോജനപ്പെടുത്തുമല്ലോ. സോഷ്യല്‍ സയന്‍സ് ക്ലബ്ബിന് ഇക്കാര്യത്തില്‍ പ്രത്യേക പങ്കു വഹിക്കാനാവും.

എന്തൊക്കെ പ്രവര്‍ത്തനങ്ങളാവാം ?

  • യുദ്ധത്തിന്റെ ഭീകരത വെളിവാക്കുന്ന വീഡിയോ പ്രദര്‍ശനം 
  • ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ഉണ്ടാക്കിയ കെടുതികളെ സംബന്ധിച്ച വിശദീകരണങ്ങള്‍
  • ഐക്യരാഷ്ട്രസഭ രൂപപ്പെട്ടതിന്റെ ചരിത്രവും മറ്റും ഉള്‍പ്പെടുത്തിയ പ്രദര്‍ശനം
  • ഐക്യരാഷ്ട്രസഭയെ കുറിച്ചും അനുബന്ധ സംഘടനകളെ കുറിച്ചും കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ക്വിസ്
  • ഐക്യരാഷ്ട്രസഭയുടെ പ്രസക്തി, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗ-പ്രബന്ധമത്സരങ്ങള്‍...
ഈ വിഷയത്തില്‍ കൂടുതല്‍ വിഭവങ്ങളുമായി വരും ദിനങ്ങളില്‍ ഡയറ്റ് കാസര്‍ഗോഡ് നിങ്ങള്‍ക്കൊപ്പമുണ്ടാകും.

Sunday, 23 September 2012

ഗാന്ധി ക്വിസ്

ഏവര്‍ക്കും പങ്കെടുക്കാവുന്ന ഒരു ക്വിസ് പരിപാടി ഒരുക്കുന്നു.
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത്  ക്വിസില്‍ പങ്കെടുക്കാം.
ഉത്തരം കണ്ടെത്തി ടിക് ചെയ്ത്  submit ചെയ്താല്‍ മതി.
ശരിയുത്തരങ്ങള്‍ 2012 ഒക്റ്റോബര്‍ 2 ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ക്വിസ് ചോദ്യാവലി

ഉന്നതമായ ലക്ഷ്യം, ഉറച്ച കാല്‍വെപ്പുകള്‍...




ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ സമാനതയില്ലാത്ത മുന്നേറ്റം.
പതിനായിരങ്ങള്‍ ഒരേ മനസ്സോടെ, ഒരേ താളത്തില്‍, ഇരമ്പിനീങ്ങിയ അപൂര്‍വമായ സമരമാതൃക.
അതായിരുന്നു ചരിത്രപ്രധാനമായ ദണ്ഡിമാര്‍ച്ച്.

ഇന്ത്യയിലെ കടല്‍വെള്ളം വാറ്റി ഉപ്പുണ്ടാക്കാന്‍ ഇന്നാട്ടുകാര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. അസ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നേരിട്ട് അനുഭവപ്പെട്ട ഒന്നായിരുന്നു ഉപ്പിനു നല്‍കേണ്ടിവന്ന നികുതി. ഈ അസ്വാതന്ത്ര്യത്തെ ലംഘിച്ചുകൊണ്ട് ഇന്ത്യക്കാരന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഗാന്ധിജി തന്നെ നേരിട്ട് 
രംഗത്തിറങ്ങിയപ്പോള്‍ ആയിരങ്ങള്‍ അദ്ദേഹത്തോടൊപ്പം അണിചേര്‍ന്നു. 

1929 ല്‍ ലാഹോറില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനമാണ് സിവില്‍ നിയമലംഘനം  ആരംഭിക്കാന്‍ തീരുമാനമെടുത്തത്. 1930 ജനവരി 26 ന് ഇന്ത്യയൊട്ടുക്കും "പൂര്‍ണസ്വാതന്ത്യദിന"മായി ആചരിച്ചു. തുടര്‍ന്ന് സിവില്‍ നിയമലംഘനമാരംഭിക്കാനുള്ള ചുമതല ഗാന്ധിജിയെ ഏല്‍പിച്ചു. സിവില്‍ നിയമലംഘനത്തിന്റെ ആദ്യപടിയെന്ന നിലക്കാണ് ഗാന്ധിജി ഉപ്പുനിയമം ലംഘിക്കാന്‍ തീരുമാനിച്ചത്. 

1930 മാര്‍ച്ച് 12 ന് സബര്‍മതി ആശ്രമത്തില്‍ നിന്ന് 78 അനുയായികള്‍ക്കൊപ്പം ഗാന്ധിജി തന്റെ സമരപ്രയാണം ആരംഭിച്ചു. അദ്ദേഹം നടന്ന വഴികളിലെല്ലാം ആയിരങ്ങള്‍ തടിച്ചുകൂടി. അനവധിയാളുകള്‍ ആവേശഭരിതരായി ജാഥയ്ക്കൊപ്പം സഞ്ചരിച്ചു.  ഒടുവില്‍ ഏപ്രില്‍ 6 ന് , 24 ദിവസം നീണ്ടുനിന്ന യാത്രക്കൊടുവില്‍, 320 കി. മീ.  സഞ്ചരിച്ച് അവര്‍ ദണ്ഡി കടപ്പുറത്തെത്തി. പുലര്‍ച്ചെ 6.30 ന് ഒരു പിടി ഉപ്പ് വാറ്റിയെടുത്തുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തെ ഗാന്ധിജിയും സമരഭടന്മാരും വെല്ലുവിളിച്ചു. തുടക്കത്തില്‍ സമരത്തെ അവഗണിച്ച ബ്രിട്ടീഷ് ഭരണാധികാരികള്‍ പിന്നീട് സമരത്തെ എങ്ങനെ നേരിടണമെന്നറിയാതെ വിഷമിച്ചു. ദണ്ഡിയില്‍ നിന്ന് വീണ്ടും മുന്നോട്ടുപോയ ഗാന്ധിജിയെ മെയ് 4 ന് അറസ്റ്റുചെയ്തു. അപ്പോഴേക്കും ഇന്ത്യയൊട്ടുക്കും അനവധിയാളുകള്‍ അതത് പ്രദേശത്ത് ഉപ്പുനിയമം ലംഘിച്ചുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തില്‍ അണിചേര്‍ന്നിരുന്നു. ഫലത്തില്‍ നിയമലംഘനപ്രസ്ഥാനം ഇന്ത്യയൊട്ടുക്കും പടര്‍ന്നു പിടിച്ചു. ഉപ്പുസത്യഗ്രഹത്തില്‍ തുടങ്ങിയ സിവില്‍നിയമലംഘന പ്രസ്ഥാനം വിദേശവസ്ത്രഷാപ്പ് പിക്കറ്റിങ്ങ് , മദ്യഷാപ്പ് പിക്കറ്റിങ്ങ് , നിയമനിഷേധം തുടങ്ങിയ പരിപാടികളിലൂടെ വികസിച്ചു. ഫലത്തില്‍ ഇന്ത്യന്‍ സമരത്തിന് പുതിയ  ദിശാബോധവും വര്‍ധിച്ച ആവേശവും പകരാന്‍ ഉപ്പ് എന്ന സമരായുധത്തിലൂടെ ഗാന്ധിജിക്ക് കഴിഞ്ഞു.
ഉപ്പുസത്യഗ്രഹത്തിന്റെ പ്രശസ്തമായ വീഡിയോ ദൃശ്യത്തിന് താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ 


ഉപ്പുസത്യഗ്രഹത്തിന്റെ അലയൊലി കേരളത്തിലും ഉണ്ടായി. കോഴിക്കോടും പയ്യന്നൂരും നടന്ന സത്യഗ്രഹത്തില്‍ അനവധിയാളുകള്‍ പങ്കുകൊണ്ടു. കെ.കേളപ്പന്‍, മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ കേരളത്തില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കി.



Thursday, 20 September 2012

ഗാന്ധിജിയുടെ സ്വന്തം ശബ്ദം

മഹാത്മജിയുടെ വാക്കുകളും പ്രവൃത്തികളും നമ്മെ എന്നെന്നും പ്രചോദിപ്പിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദം എത്രപേര്‍ കേട്ടിരിക്കും? മുതിര്‍ന്നവരില്‍ പോലും വളരെ കുറച്ചുപേര്‍ക്കേ ആ ഭാഗ്യം ഉണ്ടായിട്ടുണ്ടാവൂ...

അദ്ദേഹത്തിന്റെ കാലത്ത് റെക്കോര്‍ഡിങ്ങ് സംവിധാനങ്ങള്‍  കുറവായിരുന്നു. സ്വാഭാവികമായും ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ രൂപത്തില്‍ കാണാന്‍ ചുരുക്കമായേ അവസരം കിട്ടൂ.

അത്തരത്തിലുള്ള ഒരു ചെറിയ വീഡിയോവിന് ഇവിടെ ക്ലിക്ക് ചെയ്യൂ. ഇതില്‍ ഗാന്ധിജിയുടെ ഒരു പ്രസംഗം മറ്റൊരാള്‍ വിവര്‍ത്തനം ചെയ്യുന്നത് കേള്‍ക്കാം.

രാഷ്ട്രപിതാവിന്റെ സ്വന്തം ശബ്ദം കുട്ടികള്‍ കേള്‍ക്കട്ടെ... തിരിച്ചറിയട്ടെ...അങ്ങനെ ആ അപൂര്‍വവ്യക്തിത്വം അവരില്‍ ഒന്നുകൂടി ദൃഢമായി പതിയട്ടെ...!

മൊഴിമുത്തുകള്‍

വിദ്യാഭ്യാസ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ അനവധി വിദ്യാഭ്യാസ ചിന്തകരുടെ ആശയങ്ങള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വലുതാണ്. സ്വന്തം ജീവിതം കൊണ്ട് അവര്‍ എഴുതിയ മഹത്തായ ആശയങ്ങളെ മൊഴിമുത്തുകള്‍ എന്ന പേരില്‍ ഈ ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ്. ഓരോ ദിവസവും പുതിയ ഒരു ഉദ്ധരണി തീര്‍ച്ചയായും മാന്യബ്ലോഗ് വായനക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.

Wednesday, 19 September 2012

എന്റെ ഗുരുനാഥന്‍

മഹാത്മാഗാന്ധിയുടെ ജന്മദിനം ഒക്ടോബര്‍ 2 ന് എത്തുകയായി. രാഷ്ട്രപിതാവിനെ കുറിച്ച്  അറിയുവാനുള്ള ഒരവസരമായി ഇതിനെ മാറ്റുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങുമല്ലോ.
എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ആവാം ?
  • മഹാത്മജിയുടെ മൂല്യവത്തായ ജീവിതാനുഭവങ്ങളില്‍ ചിലത് അസംബ്ലിയിലും ക്ലാസിലും വെച്ച് പറഞ്ഞുകൊടുക്കാം. 
  • ഇതിലൂടെ അദ്ദേഹത്തിന്റെ ആത്മകഥ വായിക്കാനുള്ള താത്പര്യം വളര്‍ത്താം
  • ഗാന്ധിജിയെ കുറിച്ച് രചിക്കപ്പെട്ടിട്ടുള്ള, വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥന്‍' പോലുള്ള കവിതകള്‍ കേള്‍ക്കാനും ആലപിക്കാനും അവസരമുണ്ടാക്കാം.
  • ഗാന്ധിജിയെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കാം.
  • ഇതുതന്നെ ഒരുദിവസം ഒരു ചോദ്യം നല്‍കിക്കൊണ്ട് ശരിയുത്തരം ഉത്തരപ്പെട്ടിയില്‍ നിക്ഷേപിക്കുന്ന രീതിയില്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു മത്സരമാക്കിമാറ്റാം. ചോദ്യങ്ങള്‍ക്ക് ഓരോന്നിനും ഉത്തരം കണ്ടെത്താന്‍ ഒന്നോരണ്ടോ ദിവസങ്ങള്‍ നല്‍കുന്നത് അന്വേഷിക്കാനുള്ള പ്രേരണയുണ്ടാക്കും. ഒടുവില്‍ ഏറ്റവും കൂടുതല്‍ ഉത്തരങ്ങള്‍ കണ്ടെത്തിയവര്‍ക്ക് അംഗീകാരം നല്‍കാം
  • ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തി ലഘുനാടകമോ സ്കിറ്റോ സംഘടിപ്പിക്കാം.
  • ഗാന്ധിജിയുടെ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാം 
സ്കൂളുകള്‍ക്ക് സഹായകമായ ചില ഇനങ്ങള്‍ ബ്ലോഗില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.

'എന്റെ ഗുരുനാഥന്‍' എന്ന കവിതയുടെ ചില ഭാഗങ്ങളുടെ ആലാപനത്തിന് ഇവിടെ ക്ലിക്ക് ചെയ്യൂ...

Saturday, 15 September 2012

ഓസോണ്‍ദിന വീഡിയോ കാണൂ...

ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണം വിപുലമായി ലോകമെങ്ങും ആഘോഷിക്കുകയാണ്. ഗൗരവപൂര്‍വമായ ഓസോണ്‍ ചിന്തയ്ക്ക് വഴിതെളിച്ച മോണ്‍ട്രിയോള്‍ ഉടമ്പടിയുടെ 25)o വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമെന്ന നിലയിലാണ് ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണം സവിശേഷശ്രദ്ധ നേടിയിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യു.എന്‍.ഇ.പി. ഓസോണ്‍ ദിനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി മുമ്പ് തയ്യാറാക്കിയ അനിമേഷന്‍ വീഡിയോ നേരിട്ട് കാണാന്‍ താഴെ ക്ലിക്ക് ചെയ്യൂ

Friday, 14 September 2012

ഗാന്ധിജിയുടെ വാക്കുകളിലൂടെ...

ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത മഹാന്മാരില്‍ എന്തുകൊണ്ടും  അഗ്രിമസ്ഥാനത്തു നില്‍ക്കുന്ന മഹാവ്യക്തിത്വത്തിന്റെ ഉടമയാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ ഗാന്ധിജിയുടെ സംഭാവനകളില്‍ ഏറ്റവും ശ്രേഷ്ടമായത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസദര്‍ശനങ്ങളും രീതിശാസ്ത്രവുമാണ്.

അതുകൊണ്ട് ഗാന്ധിജിയെ ഓര്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസചിന്തകളെ വീണ്ടും ഓര്‍മിക്കുകയും അവയുടെ അന്ത:സത്ത തിരിച്ചറിഞ്ഞ് അവ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ്. 

അതിനു സഹായിക്കും വിധം ഇനിയങ്ങോട്ട്  2012 ഒക്ടോബര്‍ 2 വരെയുള്ള ഓരോ ദിവസവും വിദ്യാഭ്യാസ സംബന്ധമായി ഗാന്ധിജിയുടെ സമാഹൃതകൃതികളില്‍ നിന്നും ലഭിക്കുന്ന ഓരോ ഉദ്ധരണി വീതം ഈ ബ്ലോഗില്‍ നല്കുവാന്‍ ഉദ്ദേശിക്കുന്നു. ഈ സംരംഭം പ്രയോജനപ്പെടുത്തുമല്ലോ.

മില്ലേനിയം അധ്യാപക പരിശീലനം ആരംഭിച്ചു

പുതിയ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ കഴിയും വിധം അധ്യാപകസമൂഹത്തെ രൂപപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പത്തുദിവസത്തെ മില്ലേനിയം അധ്യാപക പരിശീലനത്തിന് കാസര്‍ഗോഡ് ജില്ലയില്‍ തുടക്കമായി.  ഓരോ വിദ്യാഭ്യാസജില്ലയിലും ഓരോ കേന്ദ്രത്തിലാണ് പരിശീലനം ആരംഭിച്ചിട്ടുള്ളത്. 
കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയില്‍ ഹോസ്ദുര്‍ഗ് ബി.ആര്‍.സി. യില്‍ നടക്കുന്ന പരിശീലനത്തില്‍ 42 പേരും കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയില്‍ ജി.യു.പി.എസ്. കാസര്‍ഗോഡ് നടക്കുന്ന പരിശീലനത്തില്‍ 35 പേരും പങ്കെടുക്കുന്നു.

പ്രൈമറിയിലും ഹൈസ്കൂളിലുമുള്ള അധ്യാപകരുടെ മിശ്രിതഗ്രൂപ്പിലാണ് പരിശീലനം നടക്കുന്നത്. അതുപോലെ ജനറല്‍ വിഭാഗത്തിലും സ്പെഷല്‍ കാറ്റഗറിയിലും പെട്ട അധ്യാപകര്‍ ഒരുമിച്ചു പങ്കെടുക്കുന്ന പരിശീലനമാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. 
അധ്യാപകരുടെ മനോഭാവത്തിലും നൈപുണിയിലും ഒരുപോലെ മാറ്റമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന മോഡ്യൂള്‍ തയ്യാറാക്കിയത് എസ്.സി.ഇ.ആര്‍.ടി.യാണ്.


കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയിലെ പരിശീലനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ ശ്രീകൃഷ്ണ അഗ്ഗിത്തായ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.ഇ.ഒ. സത്യനാരായണ അധ്യക്ഷനായിരുന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ കോഴ്സിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച വിശദീകരണം നല്‍കി. എ.ഇ.ഒ. രവീന്ദ്രനാഥ് സ്വാഗതമാശംസിച്ചു.
 
കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ പരിശീലനത്തിന്റെ ഉദ്ഘാടനം ഡി.ഇ.ഒ. കെ.വേലായുധന്‍ നിര്‍വഹിച്ചു. എസ്.എസ്.എ. ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ.എം. ബാലന്‍ പരിശീലനകേന്ദ്രം സന്ദര്‍ശിച്ചു.
കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയിലെ പരിശീലനത്തിന്റെ അക്കാദമിക മേല്‍നോട്ടം ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി.ആര്‍.ജനാര്‍ദനനും കാഞ്ഞങ്ങാട് കേന്ദ്രത്തിന്റെ അക്കാദമിക ചുമതല ഡയറ്റ് ലക്ചറര്‍ ടി.അബ്ദുള്‍ നാസിറും വഹിക്കുന്നു. ഒരോ കേന്ദ്രത്തിലും പ്രത്യേകപരിശീലനം കിട്ടിയ നാല് റിസോഴ്സ് പേഴ്സണ്‍സ് പരിശീലനത്തില്‍ ഇവര്‍ക്കൊപ്പം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു.
ഏഴു ദിവസത്തെ മാനേജ്മെന്റ് പരിശീലനം കഴിഞ്ഞാല്‍ ഐ.ടി@സ്കൂളിലെ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സഹായത്തോടെ മൂന്നു ദിവസത്തെ ഐ.ടി. പരിശീലനവും ഇവര്‍ക്കു നല്‍കും. ഒരു സ്കൂളില്‍ലിന്നും ഒരു സമയം ഒരധ്യാപകനെ മാത്രമേ പരിശീലനത്തിനു വിളിക്കുന്നുള്ളൂ എന്ന് ബന്ധപ്പെട്ട ഡി.ഇ.ഒ.മാര്‍ ഉറപ്പുവരുത്തുന്നുണ്ട്.

Thursday, 13 September 2012

പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി യോഗം

കാസര്‍ഗോഡ് ഡയറ്റിന്റെ 2012-13 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി യോഗം സപ്റ്റംബര്‍ 12 ന് ഡയറ്റില്‍ നടന്നു.

യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പലത എസ്. ആല്‍വ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ എസ്.എസ്.എല്‍.സി. റിസല്‍ട്ട് കഴിഞ്ഞ വര്‍ഷം ഗണ്യമായി ഉയര്‍ന്നതിനു പിന്നില്‍ ഡയറ്റിന്റെ ഇടപെടല്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഡി.ഡി.ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുള്‍ റഹിമാന്‍, ഡി.ഇ.ഒ സത്യനാരായണ റാവു, വാര്‍ഡുമെമ്പര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവ മാസ്റ്റര്‍, ഡി. ഇ. ഒ. കെ.വേലായുധന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


സീനിയര്‍ ലക്ചറര്‍മാരായ കമലാക്ഷന്‍, ജലജാക്ഷി, ലക്ചറര്‍മാരായ ടി.സുരേഷ്, സുരേഷ് കോക്കോട്ട് എന്നിവര്‍ പഠനറിപ്പോര്‍ട്ടുകളും അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി നിര്‍ദേശങ്ങളും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. പ്രസ്തുത നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും അടുത്ത വര്‍ത്തെ പദ്ധതിനിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കുകയെന്ന് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്‍ വ്യക്തമാക്കി. ലക്ചറര്‍ കെ. രാമചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.

Wednesday, 12 September 2012

മോണ്‍ട്രിയല്‍ ഉടമ്പടിക്ക് 25 വയസ്സ്

ഓസോണ്‍ പാളിയുടെ ശോഷണം തടയാന്‍ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിച്ച മോണ്‍ട്രിയോള്‍ ഉടമ്പടിക്ക് ഈ വര്‍ഷം 25 വയസ്സു തികയുകയാണ്. കാനഡയിലെ മോണ്‍ട്രിയോളില്‍ 1987 ല്‍ നടന്ന, 24 രാജ്യങ്ങള്‍ പങ്കെടുത്ത സമ്മേളനത്തിലായിരുന്നു ഓസോള്‍ പാളിയെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറക്കാനുള്ള ചരിത്രപരമായ ഉടമ്പടി രൂപപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ ഘടകമായ യു.എന്‍.ഇ.പി.യാണ് ഉടമ്പടി തയ്യാറാക്കുന്നതിന് നേതൃത്വം വഹിച്ചത്. ഇതിനകം 197 രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പിട്ടിട്ടുണ്ട്.
ഉടമ്പടി നിലവില്‍ വന്നത് 1987 സപ്റ്റംബര്‍ 16 ന് ആണ്. അതിന്റെ ഭാഗമായാണ് 1995 മുതല്‍ എല്ലാ വര്‍ഷവും സപ്റ്റംബര്‍ 16 ന് ഓസോണ്‍ ദിനമായി ആചരിക്കുന്നത്. മോണ്‍ട്രിയല്‍ ഉടമ്പടിക്ക് 25 വയസ്സ് തികയുന്നു എന്നതാണ് ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണത്തെ സവിശേഷമാക്കുന്നത്.

മോണ്‍ട്രിയോള്‍ ഉടമ്പടിയെ തുടര്‍ന്ന് ക്ലോറോഫ്ലൂറോ കാര്‍ബണ്‍ പോലുള്ള വിനാശകാരികളായ രാസവസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും വളരെയേറെ കുറക്കാനായിട്ടുണ്ട്. ഉദാഹരണമായി കരാര്‍ നിലവില്‍ വരുന്ന ഘട്ടത്തില്‍ ഓസോണ്‍ നശീകരണത്തിന് ഇടയാക്കുന്ന രാസവസ്തുക്കളുടെ പ്രതിവര്‍ഷ ഉത്പാദനം ഏതാണ്ട് രണ്ട് ദശലക്ഷം ടണ്‍ ആയിരുന്നു. ഇന്നത് ഏതാണ്ട് നാല്‍പതിനായിരം ടണ്‍ ആണ്. ഇതിനര്‍ഥം കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലത്തെ പ്രചരണവും നിയന്ത്രണ ശ്രമങ്ങളും കുറേയൊക്കെ ഫലം ചെയ്തിട്ടുണ്ട് എന്നുതന്നെയാണ്. ഈ ശ്രമം ഇനിയും ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണം ഏവരെയും പ്രേരിപ്പിക്കുമെന്ന് പ്രത്യാശിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് UNEP യുടെ ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ ക്ലിക്ക് ചെയ്ത് സന്ദര്‍ശിക്കൂ

 

Tuesday, 11 September 2012

വിഷ്വല്‍ മാത് സ് രണ്ടാം വര്‍ഷത്തിലേക്ക്

ഗണിതപഠനം ഫലപ്രദമാക്കാന്‍ കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വിഷ്വല്‍ മാത് സ് പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്  കടന്നു.
ഗണിതം കുട്ടികളെ സംബന്ധിച്ച് പണ്ടുതൊട്ടേ ഒരു പേടിസ്വപ്നമായിരുന്നു. പുതിയ പാഠ്യപദ്ധതി വന്നപ്പോഴാണ് ഈ അവസ്ഥക്ക് അല്‍പം മാറ്റമുണ്ടായത്. അപ്പോഴും ഗണിതാശയങ്ങളുടെ അമൂര്‍ത്തസ്വഭാവം അതിന്റെ അനായാസപഠനത്തിന് തടസ്സമുണ്ടാക്കുന്നു.
ഈ സാഹചര്യത്തിലാണ് ഗണിതസന്ദര്‍ഭങ്ങളെ ദൃശ്യവല്‍കരിച്ചുകൊണ്ട് ആശയരൂപീകരണം എളുപ്പമാക്കാനുള്ള ഒരു പദ്ധതിക്ക് ഡയറ്റിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയത്.വാമൊഴിത്തെളിവിനപ്പുറം കാഴ്ചത്തെളിവുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഈ പദ്ധതി ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.
ജില്ലയിലെ 20 യു.പി. സ്കൂളുകളിലാണ് ഈ പദ്ധതി നടന്നു വരുന്നത്.
ഒന്നാം വര്‍ഷത്തെ ആവേശകരമായ അനുഭവങ്ങളെ വിലയിരുത്തിയും പോരായ്മകള്‍ പരിഹരിച്ചും രണ്ടാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

Monday, 10 September 2012

K-TET ഉത്തരസൂചിക ലഭ്യമായിരിക്കുന്നു

K-TET പരീക്ഷയുടെ ഉത്തരസൂചിക ലഭ്യമായിരിക്കുന്നു.

പ്രൈമറി സ്കൂളുകളിലും ഐ.ടി.കോര്‍ഡിനേറ്റര്‍

പ്രൈമറി സ്കൂളുകളിലും ഐ.സി.ടി അധിഷ്ടിത പഠനം സജീവമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ തുടങ്ങി. ഇതനുസരിച്ച് ഹൈസ്കൂളുകളില്‍ ഐ.ടി.കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചതുപോലെ പ്രൈമറി സ്കൂളുകളിലും ഐ.ടി.കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ഐ.ടി. യോഗ്യതയുള്ള / താത്പര്യമുള്ള അധ്യാപകരെയാണ് ഇതിനായി നിയോഗിക്കുക. സ്കൂളിലെ അധ്യാപകര്‍ യോഗം ചേര്‍ന്നാണ് പ്രസ്തുത അധ്യാപകനെ / അധ്യാപികയെ കണ്ടെത്തേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് ഐ.ടി @ സ്കൂള്‍ നാലു ദിവസത്തെ പരിശീലനം നല്‍കും. തുടര്‍ന്ന് പരിശീലനം കിട്ടിയ ആള്‍ സ്കൂളിലെ ഐ.ടി. അധിഷ്ടിത പ്രവര്‍ത്തനങ്ങളെ ഏകോപിക്കുകയും മറ്റ് അധ്യാപകര്‍ക്ക് മതിയായ സഹായം നല്‍കുകയും ചെയ്യും. പരിശീലനം ലഭിക്കേണ്ട കോര്‍ഡിനേറ്റമാര്‍ 15.09.2012 നു മുമ്പായി ഐ.ടി @ സ്കൂളിന്റെ ജില്ലാ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവിന്റെ കോപ്പിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ഐ.എം.ജി.കോഴ്സിന് തുടക്കമായി

 ഐ.ടി @ സ്കൂളിന്റെയും സഹകരണത്തോടെ ഐ.എം.ജി. യും കാസര്‍ഗോഡ് ഡയറ്റും ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലെ ക്ലാര്‍ക്കുമാര്‍ക്ക് സംഘടിപ്പിച്ച ദശദിന കമ്പ്യൂട്ടര്‍ കോഴ്സ് ആരംഭിച്ചു. ഓഫീസ് ഓട്ടോമേഷന്‍, ഇന്റര്‍നെറ്റ് ഫയല്‍ഷെയറിങ്ങ് തുടങ്ങിയ മേഖലകളിലാണ് കോഴ്സ് നല്‍കുന്നത്.



 കോഴ്സിന്റെ ഔപചാരികമായ ഉദ്ഘാടനം ഡി.ഡി.ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.പി.രാജന്‍, ഐ.ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
 



ഐ.ടി.ഫാക്കല്‍ട്ടി സീനിയര്‍ ലക്ചറര്‍ പി.വി.പുരുഷോത്തമന്‍ സ്വാഗതവും  ഐ.ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീധരന്‍ നന്ദിയും പറഞ്ഞു.

Saturday, 8 September 2012

ഈ വര്‍ഷത്തെ ഓസോണ്‍ ദിനത്തിന്റെ പ്രത്യേകത എന്ത് ?


ഓസോണ്‍ ദിനം സപ്റ്റംബര്‍ 16 ന് ആചരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയോ ? 
താഴെ ചേര്‍ത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ.
  • ഓസോണ്‍ ദിനം സപ്റ്റംബര്‍ 16 ന് ആചരിക്കാനുള്ള  കാരണമെന്ത് ?
  • ഏത് വര്‍ഷം മുതലാണ് ഓസോണ്‍ ദിനം ആചരിച്ചുതുടങ്ങിയത് ?
  • ഓസോണ്‍ ദിനം  ലോകമാകെ ആചരിക്കപ്പെടുന്നത് ഐക്യരാഷ്ട്രസംഘടനയുടെ ഒരു പദ്ധതിയുടെ ഭാഗമായാണ്. ഏതാണ് ഈ പദ്ധതി ? 
  • ഈ വര്‍ഷത്തെ ഓസോണ്‍ ദിനത്തിന്റെ പ്രത്യേകത എന്താണ് ?

Thursday, 6 September 2012

കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

ഒന്നാം വര്‍ഷ ടി.ടി.സി. മലയാളം ബാച്ചിന്റെ അഞ്ചുദിവസത്തെ കമ്പ്യൂട്ടര്‍ പരിശീലനം 2012 സപ്റ്റംബര്‍ 3 ന് ഡയറ്റില്‍ ആരംഭിച്ചു. പ്രീ-സര്‍വീസ് സീനിയര്‍ ലക്ചറര്‍ എ.മധുസൂദനന്റെ അധ്യക്ഷതയില്‍ ഐ.ടി.@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.ടി.സി.കോഴ്സിന്റെ തുടക്കത്തില്‍ തന്നെ കമ്പ്യൂട്ടര്‍ പരിശീലനം കിട്ടുന്ന ഈ ബാച്ചിലുള്ള അധ്യാപകവിദ്യാര്‍ഥികള്‍ ഭാഗ്യവാന്മാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡയറ്റ് ലക്ചറര്‍ രാമനാഥന്‍ ആശംസകള്‍ നേര്‍ന്നു.







ചടങ്ങിന് സീനിയര്‍ ലക്ചറര്‍ പി.വി.പുരുഷോത്തമന്‍ സ്വാഗതവും ലക്ചറര്‍ സുരേഷ് കോക്കോട്ട് നന്ദിയും പറഞ്ഞു.
മാസ്റ്റര്‍ ട്രെയിനര്‍മാരായ രാജന്‍ മാസ്റ്ററും ബാബു മാസ്റ്ററും ക്ലാസുകള്‍ എടുത്തു. 37 വിദ്യാര്‍ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Saturday, 1 September 2012

സജീവമായ സ്കൂള്‍പ്രവര്‍ത്തനങ്ങളുടെ ഒരു മാസക്കാഴ്ച


ജി.യു.പി.എസ് കാഞ്ഞിരപ്പൊയിലിന്റെ 2012 ജൂലായ് മാസത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു നേര്‍ക്കാഴ്ച സ്കൂളിന്റെ ബ്ലോഗില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു...
  • വൈക്കം മുഹമ്മദ് ബഷീർ ചരമദിനാചരണം
  • സൌജന്യ യൂണിഫോം വിതരണം
  • നാടന്‍ പലഹാരങ്ങളുടെ ഗംഭീരമായ പ്രദർശനം 
  • വൈവിധ്യമായ ചാന്ദ്രദിനാചരണം
  • ഗണിതപഠനത്തിന്റെ ഭാഗമായി  ബാങ്കിലേക്ക് പഠനയാത്ര
  • ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ പ്രേംചന്ദ് അനുസ്മരണം...
പ്രവര്‍ത്തനങ്ങളുടെ നിര നീളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മുകളിലുള്ള സ്കൂള്‍ മികവുകള്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വൈവിധ്യമാര്‍ന്ന ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച സ്കൂളിന് അഭിനന്ദനങ്ങള്‍.
 
ഒപ്പം ഈ വിവരങ്ങള്‍ ഒരു ബ്ലോഗിലൂടെ പൊതുസമൂഹവുമായി പങ്കുവെച്ചുകൊണ്ട് ബ്ലോഗിനെ എങ്ങനെ സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷനുള്ള ഒരു ഉപാധിയാക്കി മാറ്റാം എന്നും  സ്കൂള്‍ അധികൃതര്‍ തെളിയിച്ചിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്കൂളിന്റെ ബ്ലോഗ് അഡ്രസ്സില്‍ ക്ലിക്ക് ചെയ്യുക
http://kanhirappoyilschool.blogspot.in

ഇന്നത്തെ മികച്ച അധ്യാപകന്‍/പിക ആരാണ് ?

വീണ്ടുമൊരു അധ്യാപകദിനം എത്തിച്ചേര്‍ന്നിരിക്കുന്നു. അധ്യാപകന്റെ സാമൂഹ്യ ഉത്തരവാദിത്തങ്ങളെ കുറിച്ച് നാം വീണ്ടും വിചിന്തനം ചെയ്യേണ്ട സന്ദര്‍ഭമാണിത്.

പഴയ കാലത്തെ നല്ല അധ്യാപകരെ ആദരപൂര്‍വം അനുസ്മരിക്കുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ക്ക് നാം സാക്ഷിയാവാറുണ്ട്. സ്കൂളില്‍ പോകാതെ മടിച്ചിരിക്കുന്ന കുട്ടികളെ വീട്ടിനുള്ളില്‍ നിന്നോ പാടത്തുനിന്നോ പറമ്പില്‍ നിന്നോ തേടിപ്പിടിക്കുക, കുളിപ്പിക്കുക, പുസ്തകങ്ങളും മറ്റും വാങ്ങിക്കൊടുക്കുക, ഭക്ഷണം നല്‍കുക  എന്നിങ്ങനെ അന്നത്തെ നല്ല അധ്യാപകര്‍ ചെയ്ത കാര്യങ്ങള്‍ നിരവധിയാണ്.
കാലം മാറി. സമൂഹവും മാറി. അതുകൊണ്ടുതന്നെ പുതിയ കാലത്തെ ഒരു നല്ല അധ്യാപകന്റെ ലക്ഷണങ്ങളും വ്യത്യസ്തമാവണം.
അതുകൊണ്ടുതന്നെ പുതിയ ഒരാലോചന പ്രസക്തമായിത്തീരുന്നു.
പുതിയ ഒരു ചര്‍ച്ചയിലേക്ക് എല്ലാ സുഹൃത്തക്കളേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.
ഇന്നത്തെ മികച്ച അധ്യാപകന്റെ /പികയുടെ സവിശേഷതകള്‍ എന്തൊക്കെയാണ് ? അഥവാ  എന്തൊക്കെയാവണമെന്നാണ്  താങ്കള്‍ കരുതുന്നത് ?

ചര്‍ച്ചാവേദി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യോജിപ്പും വിയോജിപ്പുമൊക്കെ ആ പേജില്‍ രേഖപ്പെടുത്തൂ.