ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Tuesday, 28 August 2012

കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ലോകനീക്കങ്ങള്‍

1989 ല്‍ നവമ്പര്‍ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ കുട്ടികളുടെ അവകാശത്തെ സംബന്ധിച്ച അതിപ്രധാനമായ ഉടമ്പടിയില്‍ ലോകരാഷ്ട്രങ്ങള്‍  ഒപ്പിട്ടത്.

എന്നാല്‍ ഇതിനും എത്രയോ മുമ്പുതന്നെ കുട്ടികളുടെ അവകാശത്തെ സംബന്ധിച്ച പ്രാഥമികധാരണകള്‍ ലോകവേദികളില്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. ഉദാഹരണമായി 1924 ല്‍ ലീഗ് ഓഫ് നേഷന്‍സ് കുട്ടികളുടെ അവകാശത്തെ സംബന്ധിച്ച ജനീവ പ്രഖ്യാപനം അംഗീകരിക്കുകയുണ്ടായി. അതില്‍ ഭൗതികവും മാനസികവുമായ വളര്‍ച്ചയ്ക്കുള്ള കുട്ടികളുടെ അവകാശത്തെ ഊന്നിയതോടൊപ്പം വിശപ്പ്, രോഗം, ശാരീരികാവശതകള്‍ എന്നിവയില്‍നിന്നും സാമ്പത്തികചൂഷണത്തില്‍ നിന്നും മോചിക്കപ്പെടാനുള്ള അവകാശവും കുട്ടികള്‍ക്കുണ്ടെന്ന് വിളംബരം ചെയ്യുകയുണ്ടായി.

1948 ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച മനുഷ്യാവകാശപ്രഖ്യാപനത്തിലും കുട്ടികളുടെ അവകാശത്തെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.

1959 ല്‍ യു.എന്‍ ജനറല്‍ അസംബ്ലി കുട്ടികളുടെ അവകാശപ്രഖ്യാപനം പുതുക്കിയ കാര്യവും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പ്രത്യേക അവകാശ സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച് കുട്ടികള്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന് ഈ രേഖയില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നു.

1966 ലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക അവകാശസമത്വത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മേളനത്തെ കുറിച്ചുള്ള പ്രഖ്യാപനത്തിലും കുട്ടികളെ ചൂശണത്തില്‍ നിന്ന് മോചിപ്പിക്കുവാനും വിദ്യാഭ്യാസം നല്‍കുവാനും അംഗരാഷ്ട്രങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് പ്രഖ്യാപിക്കുകയുണ്ടായി. 1979  കുട്ടികളുടെ അന്താരാഷ്ട്ര വര്‍ഷമായി പ്രഖ്യാപിക്കപ്പെട്ട സന്ദര്‍ഭത്തിലും കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നടപടികള്‍ ലോകത്ത് നടക്കുകയുണ്ടായി.

1989 നവംബര്‍ 20 ന് നടന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ രൂപപ്പെട്ട  അന്താരാഷ്ട്ര ഉടമ്പടി 1990 സപ്റ്റംബര്‍  2 ന് നിലവില്‍ വന്നു. ഇന്ന് ലോകത്ത് 192 രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചവരാണ്. ഈ ഉടമ്പടി നടപ്പിലാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഇന്ത്യ 2009 ല്‍ വിദ്യാഭ്യാസ അവകാശനിയമം പാസ്സാക്കിയത്.

1989 ല്‍ ഒപ്പിട്ട അന്താരാഷ്ട്ര ഉടമ്പടി നേരിട്ടു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കുട്ടികളുടെ അവകാശത്തെ സംബന്ധിച്ച സമഗ്രമായ പോര്‍ട്ടലിലേക്കാണ്  ഈ ലിങ്ക് നിങ്ങളെ നയിക്കുക.

1 comment: