ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Sunday, 23 December 2012

കിനാവ് - 2013

ഡയറ്റ് ലാബ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രീ സര്‍വീസ് ട്രെയിനികളുടെ നേതൃത്വത്തില്‍ നടന്ന ദ്വിദിന സഹവാസക്യാമ്പ് , കിനാവ് - 2013 ഏറെ ശ്രദ്ധേയമായി. 2013 ഡിസംബര്‍ 21,22 തീയതികളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍മ്മല്‍ കാറടുക്ക നിര്‍വഹിച്ചു. പി. ടി. എ. പ്രസിഡന്റ് മുഹമ്മദ് മായിപ്പാടി അധ്യക്ഷത വഹിച്ചു. ക്യാംപ് കോര്‍ഡിനേറ്റര്‍ എം. വി. ഗംഗാധരന്‍ വിശദീകരണം നടത്തി. സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി. രാജന്‍, എം. ജലജാക്ഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രണ്ടാം വര്‍ഷ അധ്യാപകവിദ്യാര്‍ഥികളായ മഷൂദ സ്വാഗതവും നസീമ നന്ദിയും പറഞ്ഞു.









Saturday, 22 December 2012

NEET-UG/2012 ഓണ്‍ലൈന്‍ കറക്ഷന്‍

NEET-UG/2012 ന് അപേക്ഷിച്ചവര്‍ക്ക് അവരുടെ അപേക്ഷയില്‍ എന്തെങ്കിലും തിരുത്തുകള്‍ ആവശ്യമുണ്ടെങ്കില്‍ അതിനുള്ള ഒരവസരം ലഭ്യമാക്കിയിരിക്കുന്നു. 2013 ഫെബ്രുവരി 1 മുതല്‍ 28 വരെ ഇതിനുള്ള അവസരം www.cbseneet.nic.in. എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. അയച്ച അപേക്ഷയുടെ നിജസ്ഥിതിയും 2013 ജനവരി 15 മുതല്‍ ഇതേ സൈറ്റില്‍ ലഭ്യമാകും.

മദ്രസാ അധ്യാപക പരിശീലനം

കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം മദ്രസകളെ നവീകരിക്കുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ മദ്രസാ അധ്യാപകര്‍ക്കുള്ള പരിശീലനം നടന്നു. ബേക്കല്‍ ബി. ആര്‍. സി. യില്‍ നടന്ന പരിശീലനത്തില്‍ ഇരുപതോളം അധ്യാപകര്‍ പങ്കെടുത്തു. 1 മുതല്‍ 10 വരെയുള്ള സ്കൂള്‍ വിഷയങ്ങളില്‍ കുട്ടികളെ സഹായിക്കുന്നതിനുള്ള പരിശീലനമാണ്  പ്രത്യേകസ്കീം അനുസരിച്ച് അടുത്തിടെ നിയമിതരായ അധ്യാപകര്‍ക്ക് നല്‍കിയത്. ഡയറ്റിനായിരുന്നു പരിശീലനച്ചുമതല.


ജില്ലയിലെ പരിശീലനത്തിന്റെ ഉദ്ഘാടനം ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഡി. ഡി. ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ നിര്‍വഹിച്ചു. എ. ഇ. ഒ. രവിവര്‍മന്‍, ബി പി. ഒ. വസന്തന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡയറ്റ് ഫാക്കല്‍ട്ടി ​അംഗങ്ങള്‍, ഡി. ആര്‍. ജി. മാര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.

Sunday, 16 December 2012

സ്കൂള്‍ കുട്ടികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ രേഖ (UID)

കേരളത്തിലെ മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ്, ഗ്രാന്റ്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, മത്സരങ്ങളിലേക്കുള്ള എന്‍ട്രി തുടങ്ങിയ പല കാര്യങ്ങളും UID യുടെ അടിസ്ഥാനത്തിലാണ് നിര്‍വഹിക്കപ്പെടുക എന്നതിനാല്‍  മുഴുവന്‍ കുട്ടികള്‍ക്കും അടിയന്തിരമായി ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. അധ്യാപക പാക്കേജ്, വിദ്യാഭ്യാസ അവകാശനിയമം തുടങ്ങി മറ്റനേകം കാര്യങ്ങള്‍ക്കും UID ആവശ്യമാണ് എന്നതിനാല്‍ സമയബന്ധിതമായും തെറ്റുകൂടാതെയും UID നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചേ പറ്റൂ എന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു.

സ്കൂള്‍ കുട്ടികള്‍ക്ക് UID നല്‍കുന്നതിനുള്ള പൊതുചുമതല ഐ. ടി. @ സ്കൂളിനാണ്. സ്കൂളിലെത്തി UID പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ചുമതല അക്ഷയ, കെല്‍ട്രോണ്‍ എന്നീ ഏജന്‍സികളെ ഏല്‍പിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ഓരോ പ്രദേശത്തും ഈ ചുമതല ഏത് ഏജന്‍സിക്കാണെന്ന് കാണിക്കുന്ന പട്ടികയ്ക്ക് താഴെ ക്ലിക്ക് ചെയ്യാവുന്നതാണ്.
ഈ ഏജന്‍സി ബന്ധപ്പെടുന്നതിനനുസരിച്ച് വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കേണ്ട ചുമതല സ്കൂള്‍ ഹെഡ് മാസ്റ്റര്‍ക്കാണ്. കുട്ടിയുടെ വിവരങ്ങള്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ നിന്നും കുട്ടിയുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടും കൃത്യമായി ലഭ്യമാക്കുന്നതിനുള്ള ചുമതല ക്ലാസ് ടീച്ചര്‍ക്കാണ് നല്‍കിയിരിക്കുന്നത് . ഇതെല്ലാം സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള സര്‍ക്കുലറുകള്‍ക്ക് താഴെ ക്ലിക്ക് ചെയ്യുക.
UID ലഭിക്കുന്ന മുറയ്ക്ക് പ്രസ്തുത വിവരങ്ങള്‍ ബന്ധപ്പെട്ട് വെബ്സൈറ്റില്‍ ചേര്‍ക്കേണ്ട ചുമതല സ്കൂള്‍ ഹെഡ് മാസ്റ്റര്‍ക്കും ക്ലാസ് ടീച്ചര്‍ക്കുമായിരിക്കും. താഴെ ചേര്‍ത്ത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബന്ധപ്പെട്ട സൈറ്റില്‍ ലോഗിന്‍ ചെയ്യാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ തൊട്ടുതാഴെയുള്ള ലിങ്കിലും നല്‍കിയിരിക്കുന്നു. കൂടുതല്‍ സംശയങ്ങള്‍ എന്തുണ്ടായാലും ഐ. ടി. @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെടാന്‍ മടിക്കരുത്.

Saturday, 15 December 2012

LASER ശില്പശാല

ശാസ്ത്രപഠനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഐ. ടി. @ സ്കൂളുമായിച്ചേര്‍ന്ന് കാസര്‍ഗോഡ് ഡയറ്റ് ആവിഷ്കരിച്ച LASER (Learning Advancement in Science through Experiments & educational technology Resources) പദ്ധതിയ്ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള ആസൂത്രണശില്പശാലയ്ക്ക് ഐ. ടി. @ സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍ തുടക്കമായി.
ഐ. ടി. ഫാക്കല്‍ട്ടി അംഗം സുരേഷ് കോക്കോട്ട് സ്വാഗതമാശംസിച്ചു.
ഈ വര്‍ഷം ഏതാനും സ്കൂളുകളില്‍ ട്രൈ ഔട്ട് നടത്തുന്ന 'ലേസര്‍' ഫലപ്രാപ്തി വിലയിരുത്തിയശേഷം അടുത്ത വര്‍ഷം കൂടുതല്‍ സ്കൂളുകളില്‍ വ്യാപിപ്പിക്കുമെന്ന് പദ്ധതി രൂപരേഖ അവതരിപ്പിച്ചുകൊണ്ട് ഡയറ്റിലെ സയന്‍സ് ഫാക്കല്‍ട്ടി ഡോ. രഘുറാം ഭട്ട് സൂചിപ്പിച്ചു.
ശാസ്ത്രപഠനത്തിന്റെ അന്വേഷണാത്മകതയ്ക്ക് കോട്ടം തട്ടാതെ വേണം ഐ. ടി. ഉപയോഗിക്കേണ്ടതെന്ന് ഐ. ടി. ഫാക്കല്‍ട്ടി സീനിയര്‍ ലക്ചറര്‍ പി. വി. പുരുഷോത്തമന്‍ വ്യക്തമാക്കി.
ഐ. സി. ടി. സാമഗ്രികള്‍ ടീച്ചിങ്ങ് മാനുവലില്‍ ലിങ്ക് ചെയ്തുകൊണ്ടുള്ള e-TM, അധ്യാപകര്‍ക്കുള്ള അധികവിഭവങ്ങള്‍, ഹാന്റ് ബുക്കിന്റെയും പാഠപുസ്തകത്തിന്റെയും ഡിജിറ്റല്‍ കോപ്പികള്‍ എന്നിവ ഉബുണ്ടുവിന്റെ സയന്‍സ് റിസോഴ്സസ് ലിങ്ക് വഴി കാണാന്‍ പറ്റുന്ന രൂപത്തില്‍ ഉത്പന്നങ്ങള്‍ തയ്യാറാക്കാമെന്ന് മാസ്റ്റര്‍ ട്രെയിനര്‍മാരായ ശങ്കരന്‍, ബാബു ​എന്നിവര്‍ വിശദീകരിച്ചു.
സി. ഡി. ഉപയോഗിച്ച് അധ്യാപകര്‍ക്കുതന്നെ സ്വയം ഇന്‍സ്റ്റാള്‍ കഴിയുന്ന രൂപത്തില്‍ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കാവുന്നതാണെന്ന് മാസ്റ്റര്‍ ട്രെയിനര്‍ രാജന്‍ അഭിപ്രായപ്പെട്ടു.
ശശിധര, മുരളീധരന്‍, ജനാര്‍ദ്ദനന്‍, ബാലാമണി, ദിലീപന്‍, നാരായണന്‍, രാജീവന്‍, അനൂപ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ന്ന് ഏഴാം തരത്തിലെ 'പുളിയുടെ രഹസ്യം' , 'പാത്രത്തിന്റെ  ശാസ്ത്രം' എന്നീ അധ്യായങ്ങള്‍ പരീക്ഷണങ്ങള്‍, ഐ. സി. ടി. ഉപാധികള്‍, മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉപയോഗിച്ച് സമയബന്ധിതമായും ഫലപ്രദമായും പഠിപ്പിക്കുന്നതിനുള്ള ടീച്ചിങ്ങ് മൊഡ്യൂളുകള്‍ വികസിപ്പിച്ചു.
ജനവരി ആദ്യവാരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ അധ്യാപകര്‍ക്കുള്ള പരിശീലനം നടക്കും. 2013 ജനവരി 15 മുതല്‍ ഫിബ്രവരി 15 വരെയാണ് സ്കൂള്‍തല നിര്‍വഹണം.
 


Thursday, 13 December 2012

വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഏകദിനശില്പശാല

ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഏകദിനശില്പശാല ജില്ലാ പഞ്ചായത്ത് കോള്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ശ്രീകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷനായിരുന്നു.
തുടര്‍ന്ന് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാനേജ്മെന്റ് പരിശീലനം, ക്ലസ്റ്റര്‍ എന്നിവയുടെ ഫലപ്രാപ്തിയും പങ്കാളിത്തവും അവലോകനം ചെയ്തു. കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയില്‍ നടന്ന സ്കൂള്‍ മോണിറ്ററിങ്ങും ബേക്കല്‍ സബ് ജില്ലയില്‍ ക്ലസ്റ്റര്‍ പരിശീലനത്തില്‍ അധ്യാപകരെ പങ്കെടുപ്പിക്കാന്‍ നടന്ന ശ്രമവും മാതൃകാപരമാണെന്ന വിലയിരുത്തലുണ്ടായി. അടുത്ത ടേമിലെ പ്രവര്‍ത്തനങ്ങളില്‍ ഏതേത് മേഖലകളില്‍ ഊന്നണമെന്ന് തീരുമാനിച്ചു.
അടുത്ത ഒരാഴ്ചക്കുള്ളില്‍ നടക്കേണ്ട ഹെഡ് മാസ്റ്റര്‍ പരിശീലനത്തിന്റെ മൊഡ്യൂള്‍ സീനിയര്‍ ലക്ചറര്‍ കമലാക്ഷന്‍ അവതരിപ്പിച്ചു. സബ് ജില്ലാ തലത്തില്‍ ഗ്രൂപ്പായിരുന്ന് നടത്തിയ ചര്‍ച്ചകള്‍ക്ക് ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ പി. വി. പുരുഷോത്തമന്‍, വേണുഗോപാലന്‍, രാമചന്ദ്രന്‍ എന്നിവര്‍ മറുപടികള്‍ നല്‍കി.
മൊത്തം ചര്‍ച്ചകളെ ക്രോഡീകരിച്ചുകൊണ്ട് അടുത്ത ഹെഡ് മാസ്റ്റര്‍ കോണ്‍ഫറന്‍സ് വന്‍വിജയമാക്കേണ്ടതിന്റെ പ്രാധാന്യം ഡയറ്റ് പ്രിന്‍സിപ്പല്‍ സി. എം. ബാലകൃഷ്ണന്‍ ഊന്നിപ്പറഞ്ഞു.
ഡയറ്റിന്റെ പരിശീലനങ്ങളെ സംബന്ധിച്ച് സീനിയര്‍ ലക്ചറര്‍ ഡോ. പി. രാജനും എസ്. എസ്. എ യുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യതീശ്വര്‍ റായിയും ഐ. ടി. @ സ്കൂള്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷും വിശദീകരണങ്ങള്‍ നല്‍കി.
എസ്. എസ്. എ ജില്ലാ കോര്‍ഡിനേറ്റര്‍ ഭാസ്കരന്‍, ഡി. ഇ. ഒ മാരായ വേലായുധന്‍, സത്യനാരായണറാവു എന്നിവരും  വിവിധ സബ് ജില്ലകളെ പ്രതിനിധീകരിച്ചെത്തിയ എ. ഇ. ഒ, ബി. പി. ഒ, ഹെഡ് മാസ്റ്റര്‍ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Thursday, 6 December 2012

ടി.ടി.സി. - മുന്‍വര്‍ഷത്തെ ചോദ്യങ്ങള്‍

ടി.ടി. സി. പരീക്ഷ മാര്‍ച്ച് 11 മുതല്‍ 21 നടക്കുമെന്ന അറിയിപ്പ് വന്നുകഴിഞ്ഞു. ഒന്നാം വര്‍ഷക്കാര്‍ക്ക് വിദ്യാഭ്യാസത്തിന്റെ മന:ശാസ്ത്രപരമായ അടിത്തറ, വിദ്യാഭ്യാസത്തിന്റെ ദാര്‍ശനികവും സാമൂഹ്യശാസ്ത്രപരവും ചരിത്രപരവുമായ അടിത്തറ എന്നിങ്ങനെ രണ്ടു പേപ്പറുകളിലാണ് പരീക്ഷ. ഫെബ്രുവരി മാസമാകുമ്പോഴേക്കും ബാഹ്യപരീക്ഷാ ബോര്‍ഡ് എത്തും. ഇനി രണ്ടുമാസം ബാക്കി. അതില്‍ ഒരാഴ്ച സ്കൂള്‍ സന്ദര്‍ശനത്തിനുള്ള കാലമാണ്. അതിനുമുമ്പേ തിയറി ക്ലാസുകളും സി. ഇ. പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകണം.

ടി. ടി. സി. ഒന്നാം വര്‍ഷ മന:ശാസ്ത്രം പേപ്പറുമായി ബന്ധപ്പെട്ട ഒട്ടേറെ സാമഗ്രികള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കുറച്ചുപേരെങ്കിലും അവ പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

2009, 2010, 2011, 2012 വര്‍ഷങ്ങളില്‍ മന:ശാസ്ത്രത്തില്‍ പൊതുപരീക്ഷയ്ക്കു വന്ന ചോദ്യങ്ങള്‍
'ടി. ടി. സി. സഹായി' എന്ന  ലിങ്കില്‍ നിന്നും ലഭ്യമാകുന്നതാണ്. പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ചോദ്യമാതൃകകളുമായുള്ള ബന്ധം സഹായകമാവും.