ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Thursday, 13 December 2012

വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഏകദിനശില്പശാല

ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഏകദിനശില്പശാല ജില്ലാ പഞ്ചായത്ത് കോള്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ശ്രീകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷനായിരുന്നു.
തുടര്‍ന്ന് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാനേജ്മെന്റ് പരിശീലനം, ക്ലസ്റ്റര്‍ എന്നിവയുടെ ഫലപ്രാപ്തിയും പങ്കാളിത്തവും അവലോകനം ചെയ്തു. കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയില്‍ നടന്ന സ്കൂള്‍ മോണിറ്ററിങ്ങും ബേക്കല്‍ സബ് ജില്ലയില്‍ ക്ലസ്റ്റര്‍ പരിശീലനത്തില്‍ അധ്യാപകരെ പങ്കെടുപ്പിക്കാന്‍ നടന്ന ശ്രമവും മാതൃകാപരമാണെന്ന വിലയിരുത്തലുണ്ടായി. അടുത്ത ടേമിലെ പ്രവര്‍ത്തനങ്ങളില്‍ ഏതേത് മേഖലകളില്‍ ഊന്നണമെന്ന് തീരുമാനിച്ചു.
അടുത്ത ഒരാഴ്ചക്കുള്ളില്‍ നടക്കേണ്ട ഹെഡ് മാസ്റ്റര്‍ പരിശീലനത്തിന്റെ മൊഡ്യൂള്‍ സീനിയര്‍ ലക്ചറര്‍ കമലാക്ഷന്‍ അവതരിപ്പിച്ചു. സബ് ജില്ലാ തലത്തില്‍ ഗ്രൂപ്പായിരുന്ന് നടത്തിയ ചര്‍ച്ചകള്‍ക്ക് ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ പി. വി. പുരുഷോത്തമന്‍, വേണുഗോപാലന്‍, രാമചന്ദ്രന്‍ എന്നിവര്‍ മറുപടികള്‍ നല്‍കി.
മൊത്തം ചര്‍ച്ചകളെ ക്രോഡീകരിച്ചുകൊണ്ട് അടുത്ത ഹെഡ് മാസ്റ്റര്‍ കോണ്‍ഫറന്‍സ് വന്‍വിജയമാക്കേണ്ടതിന്റെ പ്രാധാന്യം ഡയറ്റ് പ്രിന്‍സിപ്പല്‍ സി. എം. ബാലകൃഷ്ണന്‍ ഊന്നിപ്പറഞ്ഞു.
ഡയറ്റിന്റെ പരിശീലനങ്ങളെ സംബന്ധിച്ച് സീനിയര്‍ ലക്ചറര്‍ ഡോ. പി. രാജനും എസ്. എസ്. എ യുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യതീശ്വര്‍ റായിയും ഐ. ടി. @ സ്കൂള്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷും വിശദീകരണങ്ങള്‍ നല്‍കി.
എസ്. എസ്. എ ജില്ലാ കോര്‍ഡിനേറ്റര്‍ ഭാസ്കരന്‍, ഡി. ഇ. ഒ മാരായ വേലായുധന്‍, സത്യനാരായണറാവു എന്നിവരും  വിവിധ സബ് ജില്ലകളെ പ്രതിനിധീകരിച്ചെത്തിയ എ. ഇ. ഒ, ബി. പി. ഒ, ഹെഡ് മാസ്റ്റര്‍ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Thursday, 6 December 2012

ടി.ടി.സി. - മുന്‍വര്‍ഷത്തെ ചോദ്യങ്ങള്‍

ടി.ടി. സി. പരീക്ഷ മാര്‍ച്ച് 11 മുതല്‍ 21 നടക്കുമെന്ന അറിയിപ്പ് വന്നുകഴിഞ്ഞു. ഒന്നാം വര്‍ഷക്കാര്‍ക്ക് വിദ്യാഭ്യാസത്തിന്റെ മന:ശാസ്ത്രപരമായ അടിത്തറ, വിദ്യാഭ്യാസത്തിന്റെ ദാര്‍ശനികവും സാമൂഹ്യശാസ്ത്രപരവും ചരിത്രപരവുമായ അടിത്തറ എന്നിങ്ങനെ രണ്ടു പേപ്പറുകളിലാണ് പരീക്ഷ. ഫെബ്രുവരി മാസമാകുമ്പോഴേക്കും ബാഹ്യപരീക്ഷാ ബോര്‍ഡ് എത്തും. ഇനി രണ്ടുമാസം ബാക്കി. അതില്‍ ഒരാഴ്ച സ്കൂള്‍ സന്ദര്‍ശനത്തിനുള്ള കാലമാണ്. അതിനുമുമ്പേ തിയറി ക്ലാസുകളും സി. ഇ. പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകണം.

ടി. ടി. സി. ഒന്നാം വര്‍ഷ മന:ശാസ്ത്രം പേപ്പറുമായി ബന്ധപ്പെട്ട ഒട്ടേറെ സാമഗ്രികള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കുറച്ചുപേരെങ്കിലും അവ പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

2009, 2010, 2011, 2012 വര്‍ഷങ്ങളില്‍ മന:ശാസ്ത്രത്തില്‍ പൊതുപരീക്ഷയ്ക്കു വന്ന ചോദ്യങ്ങള്‍
'ടി. ടി. സി. സഹായി' എന്ന  ലിങ്കില്‍ നിന്നും ലഭ്യമാകുന്നതാണ്. പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ചോദ്യമാതൃകകളുമായുള്ള ബന്ധം സഹായകമാവും.  

NEET(UG) - 2013 ന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ഏറെ

അഖിലേന്ത്യാ തലത്തില്‍ MBBS, BDS കോഴ്സുകള്‍ക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവേശനപരീക്ഷയായ NEET(UG) - 2013 ന് അപേക്ഷിക്കാന്‍ സമയമായിരിക്കുന്നു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പിഴ കൂടാതെ 2012 ഡിസംബര്‍ 31 നുള്ളിലും പിഴയോടു കൂടിയാണെങ്കില്‍ 2013 ജനവരി 31 ന് ഉള്ളിലും ഓള്‍ലൈന്‍ അപേക്ഷ നല്‍കണം.

അപേക്ഷാഫീസ് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വഴിയോ, കനറാ ബാങ്ക് / സിന്റിക്കേറ്റ് ബാങ്ക് / പോസ്റ്റ്  ഓഫീസ് വഴിയോ  അടക്കാം. ഇതിനുള്ള ചെലാന്‍ CBSE യുടെ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.
തുടര്‍ന്ന് 1000 രൂപ CBSE യുടെ അക്കൗണ്ടില്‍ അടക്കണം. അതിനുള്ള സഹായം ബാങ്ക് / പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും.

ഫീസ് അടച്ചതിന്റെ വിവരങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് കണ്‍ഫര്‍മേഷന്‍ പേജ് കിട്ടാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പേജ് വലിപ്പത്തില്‍ കണ്‍ഫര്‍മേഷന്‍ പേജ് വരും. അത് പ്രിന്റ് ചെയ്യണം. ഇതിനെല്ലാമുള്ള സഹായങ്ങള്‍ ഇന്റര്‍നെറ്റ് സെന്ററുകളില്‍ നിന്ന് ലഭിക്കും.

പ്രിന്റ് ഇന്റര്‍നെറ്റ് എക്സ് പ്ലോളററിന്റെ വേര്‍ഷന്‍ 7 അഥവാ 8 ഉപയോഗിച്ച് എടുക്കുകയാണെങ്കില്‍ A4 സൈസില്‍ തന്നെ കിട്ടും. അങ്ങനെയല്ലെങ്കില്‍ പലപ്പോഴും A3 പ്രിന്റ് ആണ് ലഭിക്കുന്നതായി കാണുന്നത്. 

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അയക്കാന്‍ ഉപയോഗിക്കേണ്ട കവറിന്റെ വലിപ്പമാണ്. A5 സൈസിലുള്ള കവര്‍ എന്നും ബ്രാക്കറ്റില്‍ 12 X 10 ഇഞ്ച് വലിപ്പമെന്നും പറഞ്ഞിരിക്കുന്നു. യഥാര്‍ഥത്തില്‍ A5 സൈസ് എന്നത് 12 X 10 ഇഞ്ച് വലിപ്പത്തിന്റെ പകുതിയേ കാണൂ. അതു പോരാ. 
അതിനാല്‍ A4 സൈസിലുള്ള കവര്‍ തന്നെ വാങ്ങുന്നതാണ് നല്ലത്. ഇതിന് എതാണ്ട് 12 X 10 ഇഞ്ച് വലിപ്പം വരും.

കണ്‍ഫര്‍മേഷന്‍ പേജില്‍ കുട്ടി, രക്ഷിതാവ്, HSS സ്കൂളിന്റെ പ്രിന്‍സിപ്പല്‍ അഥവാ ഗസറ്റഡ് ഓഫീസര്‍ എന്നിവരുടെ ഒപ്പു വേണം. ഒപ്പം കുട്ടിയുടെ ഇടതു ചുണ്ടുവിരലിന്റെ അടയാളവും വേണം. രണ്ട് ഫോട്ടോയാണ് ഒട്ടിക്കേണ്ടത്. ഒന്നില്‍ നേരത്ത സൂചിപ്പിച്ച ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഒപ്പിട്ടിരിക്കണം. ഫോട്ടോവിന്റെ പിറകില്‍ കുട്ടിയുടെ പേര്, അപ്ലിക്കേഷന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ബോള്‍ പോയിന്റ് പേന കൊണ്ട് എഴുതണം. കവറിന്റെ മുകളില്‍ ഒട്ടിക്കാനുള്ള അഡ്രസ് പേജ് സൈറ്റില്‍ നിന്നു തന്നെ ഡൗണ്‍ലോഡ് ചെയ്യണം.

ചുരുക്കത്തില്‍ വളരെ ശ്രദ്ധയോടെ വേണം ഓരോ കാര്യവും ചെയ്യാന്‍. അല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഇതൊക്കെ എളുപ്പമാണെങ്കിലും സാധാരണക്കാര്‍ക്ക് അല്പം പ്രയാസപ്പെടേണ്ടിവരും. കമ്പ്യൂട്ടര്‍ സെന്ററുകാര്‍ കാര്യങ്ങള്‍ ചെയ്തുതരുമെങ്കിലും നമ്മുടെ ശ്രദ്ധയും പ്രധാനമാണ്.

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ പേജ്, നിശ്ചിതഫീസടച്ചതിന്റെ രേഖ സഹിതം  CBSE യുടെ അസിസ്റ്റന്റ് സെക്രട്ടരിയുടെ പേരില്‍ 10.01.2013 ന് ഉള്ളില്‍ അയക്കണം.

വിലാസം :

The Assistant Secretary (NEET)
Central Board of Secondary Education,
Shiksha Kendra, 2, Community Centre,
Preet Vihar, Delhi-110 092.


2013 മെയ് 5 ന് ആണ് പ്രവേശന പരീക്ഷ. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവയാണ് അപേക്ഷാകേന്ദ്രങ്ങള്‍. ഒറ്റഘട്ടത്തില്‍ അവസാനിക്കുന്ന എഴുത്തുപരീക്ഷ വഴിയാണ് അര്‍ഹരായവരെ കണ്ടെത്തുക. ഇത് ഒബ്ജക്റ്റീവ് രീതിയിലുള്ള പരീക്ഷ ആയിരിക്കും.

NEET (UG) - 2013 നെ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് ഇവിടെ ക്ലിക്ക് ചെയ്യാം. ഇതില്‍ ഈ പരീക്ഷയെ സംബന്ധിച്ചും അപേക്ഷിക്കേണ്ട രീതിയെ കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഉണ്ട്.

മറ്റു വിവരങ്ങളും അപേക്ഷാഫോമും www.cbseneet.nic.in  എന്ന സൈറ്റില്‍ ക്ലിക്ക് ചെയ്താല്‍ ലഭ്യമാണ്.

Wednesday, 5 December 2012

JEE(Main) - 2013 പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ഏറെ

ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ - 2013 വഴിയാണ് ഈ വര്‍ഷം അഖിലേന്ത്യാ തലത്തിലുള്ള എന്‍ജിനീയറിങ്ങ് പ്രവേശനത്തിന് അര്‍ഹരായവരെ കണ്ടെത്തുക. ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ ഇതിനകം തന്നെ വരികയുണ്ടായി.

പ്രസ്തുത പരീക്ഷ രണ്ടു ഘട്ടങ്ങളായാണ് നടക്കുക. ഒന്നാം ഘട്ട പരീക്ഷയുടെ പേര്  JEE(Main) എന്നാണ് . ഈ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 15 ആണ്. പ്രസ്തുത അപേക്ഷയുടെ പ്രിന്റ് എടുത്ത് അയക്കേണ്ട അവസാനതീയതി ഈ മാസം 26 ആണ്.

അപേക്ഷ ഓണ്‍ലൈനില്‍ അയക്കുന്ന പ്രക്രിയയ്ക്ക് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. ഒന്നാം ഘട്ടത്തില്‍ ബന്ധപ്പെട്ട സൈറ്റില്‍ കയറി ആവശ്യപ്പടുന്ന വിവരങ്ങള്‍ നല്‍കണം. രണ്ടാം ഘട്ടത്തില്‍ ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്നും ഡി. ഡി. എടുത്ത് അതിന്റെ വിവരങ്ങള്‍ നല്‍കണം. മൂന്നാം ഘട്ടം കൂടി പിന്നിടുമ്പോള്‍ ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ പേജാണ് അപേക്ഷയെന്ന നിലയില്‍ പോസ്റ്റല്‍ ആയി അയക്കേണ്ടത്.

ഈ കണ്‍ഫര്‍മേഷന്‍ പേജില്‍ കുട്ടി, രക്ഷിതാവ്, HSS പ്രിന്‍സിപ്പല്‍ അഥവാ ഒരു ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ടിരിക്കണം. കുട്ടിയുടെ ഇടതുകൈവിരലിന്റെ ചുണ്ടൊപ്പും വേണം. രണ്ട് ഫോട്ടോവാണ് ഒട്ടിക്കേണ്ടത്. ഫോട്ടോയുടെ സൈസ്  3 X 4 ഇഞ്ച് ആണ് വേണ്ടത്. ഇത്  സാധാരണ പാസ്പോര്‍ട്ട്സൈസിനെക്കാളും അല്‍പം കുറവാണ്. ഇതില്‍ ഒരു ഫോട്ടോ നേരത്തെ സൂചിപ്പിച്ച ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണം.

പ്രിന്റ് എടുക്കുമ്പോള്‍ ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കണം. A4 സൈസ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കിട്ടണമെങ്കില്‍ ഇന്റര്‍നെറ്റ് എക്സ് പ്ലോററിന്റെ വേര്‍ഷന്‍ 7 അഥവാ 8 ഉപയോഗിച്ച് പ്രിന്റ് എടുക്കണം. അങ്ങനെയല്ലെങ്കില്‍ A3 സൈസിലുള്ള പ്രിന്റ് ആണ് കിട്ടുക. ഇന്റര്‍നെറ്റ് സെന്ററുകാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നില്ല.

ഡി. ഡി.യുടെ പിറകില്‍ കുട്ടിയുടെ പേര്, അപ്ലിക്കേഷന്‍ നമ്പര്‍ എന്നിവ എഴുതാന്‍ മറക്കരുത്.

അയക്കുന്നതിന് മുമ്പ്  എല്ലാറ്റിന്റെയും ഓരോ ഫോട്ടോ കോപ്പി എടുത്ത് വയ്ക്കുന്നത് നല്ലതാണ്.

JEE(Main) ന് രണ്ട് പേപ്പറുകളുണ്ട്. ഒന്നാം പേപ്പര്‍ മാത്രമായോ രണ്ടുപേപ്പറും ചേര്‍ത്തോ എഴുതാം. ഒന്നാം പേപ്പര്‍ എഴുത്ത് പരീക്ഷാ രീതിയിലോ ഓണ്‍ലൈന്‍ രീതിയിലോ എഴുതാം. രണ്ടാം പേപ്പര്‍ എഴുത്തു പരീക്ഷ മാത്രമാണ്. ആര്‍ക്കിടെക്റ്റ് / പ്ലാനിങ്ങ്  കോഴ്സിനു ചേരാന്‍ ആഗ്രഹിക്കുന്നവരേ രണ്ടാം പരീക്ഷ എഴുതേണ്ടതുള്ളൂ. രണ്ടു പേപ്പറുകളുടെയും എഴുത്തു പരീക്ഷകള്‍ 2013 ഏപ്രില്‍ 7 ന് രാവിലെയും വൈകുന്നേരവുമായി നടക്കും. ഒന്നാം പേപ്പറിന്റെ കമ്പ്യൂട്ടര്‍ രീതിയിലുള്ള പരീക്ഷ ഏപ്രില്‍ 8 മുതല്‍ 25 വരെയുള്ള ഏതെങ്കിലും ഒരു ദിവസമായിരിക്കും. NIT കള്‍ , IIIT കള്‍, CFTI കള്‍ , SFI കള്‍, വിവിധ സംസ്ഥാനങ്ങളിലെ എന്‍ജിനീയറിങ്ങ് കോളേജുകള്‍ എന്നിവിടങ്ങളിലെ പ്രവേശനം ഈ പരിക്ഷയിലെ സ്കോറും +2 മാര്‍ക്കും യഥാക്രമം 60%, 40% എന്ന തോതില്‍  പരിഗണിച്ചുകൊണ്ടായിരിക്കും.

രണ്ടാം ഘട്ട പരീക്ഷയുടെ പേര്  JEE(Advanced) എന്നാണ്. JEE(Main) പരീക്ഷയില്‍ മുന്നില്‍ വരുന്ന 1,50,000 പേരെയാണ് JEE(Advanced) എഴുതാന്‍ അനുവദിക്കുക.  IIT കള്‍, ISM Dhanbad എന്നിവിടങ്ങളിലേക്ക് പ്രവേശനം കിട്ടണമെങ്കില്‍ JEE(Advanced) പരീക്ഷയില്‍  മുന്നില്‍ വരണം. ഈ പരീക്ഷ 2013 ജൂണ്‍ 2 ന് നടക്കും.

വിശദാംശങ്ങള്‍ അടങ്ങിയ ബുള്ളറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.

അപേക്ഷാഫാറത്തിനും മറ്റു വിവരങ്ങള്‍ക്കും www.jeemain.nic.in എന്ന വെബ്സൈറ്റ് നോക്കുക.

Tuesday, 4 December 2012

എയ്ഡ്സ് ബോധവത്കരണ റാലി

കാസര്‍ഗോഡ് ഡയറ്റിലെ എന്‍. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എയ്ഡ്സ് ബോധവത്കരണ റാലി നടത്തി. പുത്തിഗെ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്ത പാട്ടാളി റാലി ഉദ്ഘാടനം ചെയ്തു. മധൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സിന്ധു ആശംസകള്‍ നേര്‍ന്നു. ഒന്നാം വര്‍ഷ ടി. ടി. സി. വിദ്യാര്‍ഥികളായ സൂര്യ സ്വാഗതവും ജയപ്രസാദ് നന്ദിയും ആശംസിച്ചു. എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. കെ. രഘുരാമഭട്ട് റാലിക്ക് നേതൃത്വം നല്‍കി.
ഉദ്ഘാടനം : ജയന്ത പാട്ടാളി



ഉച്ചയ്ക്ക് ശേഷം മായിപ്പാടി ഡയറ്റ് ക്യാമ്പസില്‍ നടന്ന ആരോഗ്യക്ലാസില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജിയിലെ എയ്ഡ്സ് സെല്‍ മേധാവി ലിജി ക്ലാസ് കൈകാര്യം ചെയ്തു.

LSS, USS മാതൃകാ ചോദ്യങ്ങള്‍

എല്‍. എസ്. എസ്, യു. എസ്. എസ്. പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 2010 - 11 വര്‍ഷം മുതല്‍ രണ്ടിന്റെയും ചോദ്യരീതിയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ രീതിയിലുള്ള ചോദ്യമാതൃകകള്‍ കുട്ടികള്‍ പരിചയപ്പെടുന്നത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കും എന്നതില്‍ സംശയമില്ല. ഇത്തരം ചോദ്യങ്ങള്‍ ശേഖരിച്ചും മാതൃക പ്രകാരം നിര്‍മിച്ചു നല്‍കിയും കുട്ടികളെ സഹായിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കുമല്ലോ. ചില മാതൃകാ ചോദ്യാവലികള്‍ ചുവടെ ചേര്‍ക്കുന്നു.

Monday, 3 December 2012

സ്കൂള്‍ ഐ. ടി. കോര്‍ഡിനേറ്റര്‍ പരിശീലനം

കാസര്‍ഗോഡ് ജില്ലയിലെ പ്രൈമറി സ്കൂള്‍ ഐ. ടി. കോര്‍ഡിനേറ്റര്‍മാരുടെ ആദ്യബാച്ചുകളുടെ പരിശീലനം ആരംഭിച്ചു. കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വര്‍ ഉപജില്ലകളിലെ അധ്യാപകരുടെ പരിശീലനം ഐ. ടി.@ സ്കൂളിന്റെ ജില്ലാ റിസോഴ്സ് സെന്ററില്‍ ഐ. ടി.@ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. ഐ. ടി @ സ്കൂള്‍ പ്രോജക്റ്റിലൂടെ കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ഉണ്ടായ അഭിമാനകരമായ വളര്‍ച്ചയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ പുരുഷോത്തമന്‍ കോഴ്സിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ച് സംസാരിച്ചു. മാസ്റ്റര്‍ ട്രെയിനര്‍ ബാബു സ്വാഗതമാശംസിച്ചു. മാസ്റ്റര്‍ ട്രെയിനര്‍മാരായ ബാബു, രാജന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഉച്ചയ്ക്കുശേഷം ഡി. ഡി. ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ, ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്‍ എന്നിവര്‍ സെന്റര്‍ സന്ദര്‍ശിച്ചു.
 ഹോസ്ദുര്‍ഗ്, ചിറ്റാരിക്കല്‍, ബേക്കല്‍, ചെറുവത്തൂര്‍ സബ് ജില്ലകളിലെ അധ്യാപകരുടെ പരിശീലനം സമാന്തരമായി പെരിയ ഹയര്‍ സെക്കന്ററി സ്കൂളിലാണ് നടന്നത്. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ജലജാക്ഷി കോഴ്സിന്റെ വിശദീകരണം നടത്തി. മാസ്റ്റര്‍ ട്രെയിനര്‍മാരായ ശ്രീധരന്‍, വിജയന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡയറ്റ് ലക്ചറര്‍ സുരേഷ് കൊക്കോട് സെന്ററില്‍ സന്ദര്‍ശനം നടത്തി.
ഈ ബാച്ചുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചവരെ കൂടി ഉള്‍പ്പെടുത്തി റിസോഴ്സ് ടീമിനെ വികസിപ്പിക്കാനും കൂടുതല്‍ ബാച്ചുകള്‍ക്ക് ഒരേ സമയം പരിശീലനം നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്.