ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Friday, 5 October 2012

ഗാന്ധിയന്‍ വിദ്യാഭ്യാസചിന്തകള്‍

കഴിഞ്ഞ രണ്ടാഴ്ചക്കാലം ഗാന്ധിജിയുടെ വിദ്യാഭ്യാസചിന്തകളിലൂടെ നാം കടന്നു പോവുകയായിരുന്നു. ചിന്തയുടെയും പ്രയോഗത്തിന്റെയും രംഗത്ത് തീര്‍ത്തും നൂതനമായ ഒരു ശബ്ദത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് അത്ഭുതാദരങ്ങളോടെ നാം അറിയുകയായിരുന്നു.

ജ്ഞാനനിര്‍മിതിവാദമാണ് ഏറ്റവും പുതിയ വിദ്യാഭ്യാസസമീപനമെങ്കില്‍ ഗാന്ധിജി തികഞ്ഞ ജ്ഞാനനിര്‍മിതിവാദിയായിരുന്നു. എന്തുകൊണ്ടെന്നാല്‍  കുട്ടികളുടെ തലയില്‍ അനാവശ്യമായ വിവരങ്ങള്‍ കുത്തിനിറക്കുന്നതിനെ അദ്ദേഹം അങ്ങേയറ്റം വിമര്‍ശിച്ചു.
പ്രായോഗികവാദമാണ് ഏറ്റവും ഫലപ്രദമായ വിദ്യാഭ്യാസ കാഴ്ചപ്പാടെങ്കില്‍ തൊഴില്‍ ചെയ്തുകൊണ്ട് പഠിക്കാന്‍ ആഹ്വാനം ചെയ്ത ഗാന്ധിജിയായിരുന്നു നാം അറിയുന്ന ഏറ്റവും വലിയ പ്രായോഗികവാദി.
ഉദ്ഗ്രഥിതമായ വിദ്യാഭ്യാസ സമീപനമാണ് ഏതുരംഗത്തും വേണ്ടതെന്ന ശരിയായ വിദ്യാഭ്യാസസമീപനത്തെ കുറിച്ചാണ് നാം വാദിക്കുന്നതെങ്കില്‍, കൈത്തൊഴിലിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആ വിദ്യാഭ്യാസ സമീപനത്തെ ആര്‍ക്കാണ് മാറ്റിവെക്കാനാവുക ?
മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസമാണ് സൈദ്ധാന്തികലോകം ശരിവെക്കുന്നതെങ്കില്‍ സംശയിക്കേണ്ട, ഗാന്ധിജി എക്കാലവും പറഞ്ഞത് മറ്റൊന്നായിരുന്നില്ല.

പാഠപുസ്തകത്തെ അമിതമായി ആശ്രയിക്കുന്നതിനെ എതിര്‍ക്കുന്നതില്‍, പരിസരത്തുനിന്നും പഠിക്കേണ്ടതിനെ കുറിച്ച് ഉത്ബോധിപ്പിക്കുന്നതില്‍, വിദ്യാഭ്യാസം സ്വാശ്രയത്വത്തില്‍ അധിഷ്ഠിതമാകേണ്ടതിനെ കുറിച്ച് ഓര്‍മിപ്പിക്കുന്നതില്‍  ഒക്കെ ഗാന്ധിജി പ്രദര്‍ശിപ്പിച്ച ക്രാന്തദര്‍ശിത്വം ലോകം തികഞ്ഞ മതിപ്പോടെയാകും വരും നാളുകളില്‍ വിലയിരുത്തുക.

 "ഗാന്ധിമാര്‍ഗം"  എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആ മൊഴികള്‍ എല്ലാ ദിവസവും വായിക്കാന്‍ കഴിയാതെ പോയവര്‍ക്കായി അവ മുഴുവനായും ഇവിടെ എടുത്തുചേര്‍ക്കുന്നു.
ആ വാക്കുകള്‍ നമുക്ക് എന്നെന്നും വഴികാട്ടട്ടെ !



 
" ശരിയായ വിദ്യാഭ്യാസം വിദ്യയഭ്യസിക്കേണ്ട ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലുമുള്ള ഏറ്റവും നല്ല കഴിവുകള്‍ പുറത്തുകൊണ്ടുവരലാണ്.ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ തലയില്‍ കൂമ്പാരം കൂട്ടിയതുകൊണ്ടിതു സാധ്യമാവുകകയില്ല. അവരുടെ എല്ലാ വ്യക്തിത്വങ്ങളെയും ഞെക്കിഞെരുക്കി അവരെ വെറും യന്ത്രങ്ങളാക്കുന്ന ഒരു മഹാഭാരമാണത്."
- Harijan, 01.12.1933

എനിക്കു സ്വന്തം മാര്‍ഗം അവലംബിക്കുവാന്‍ അനുമതി ലഭിക്കുകയാണെങ്കില്‍, ഞാന്‍ ഇന്നത്തെ പാഠപുസ്തകങ്ങള്‍ നശിപ്പിക്കുകയും, ഒരു വിദ്യാര്‍ഥിക്ക് അയാളുടെ തൊട്ടടുത്ത ചുറ്റുപാടുകളുമായി ഇടപെട്ടുജീവിക്കാന്‍ പറ്റുന്ന തരത്തില്‍ ഗാര്‍ഹികജീവിതവുമായി ബന്ധവും യോജിപ്പും ഉള്ള പാഠപുസ്തകങ്ങള്‍ എഴുതിക്കുകയും ചെയ്യും.”
- Young India, 01.09.1921

പാഠപുസ്തകങ്ങളില്‍ നിന്നു മാത്രം പഠിപ്പിക്കുന്ന അധ്യാപകന്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ഒന്നും പ്രദാനം ചെയ്യുന്നില്ല. അയാള്‍തന്നെ പാഠപുസ്തകങ്ങളുടെ അടിമയാവുകയാണ്. ”
- Harijan, 09.09.1929

തങ്ങള്‍ക്ക് ചുമക്കാന്‍ പ്രയാസമായത്ര പുസ്തകങ്ങളും പേറി ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്കൂളില്‍ പോകുന്നതു കാണുക ഒരു ദയനീയമായ കാഴ്ചയാണ്. ഈ സമ്പ്രദായമാകെ അടിമുടി പുന:പരിശോധന ചെയ്യണം.”
- Harijan, 09.09.1929 

മോചനമരുളുന്നതെന്തോ അതാണ് വിദ്യാഭ്യാസം എന്ന ആപ്തവാക്യം പണ്ടെന്നപോലെ ഇന്നും പ്രസക്തമാണ്. വിദ്യാഭ്യാസമെന്നതിന് ഇവിടെ ആത്മീയവിദ്യാഭ്യാസമെന്നോ മോചനമെന്നതിന് മരണാനന്തരമുള്ള ആത്മീയമുക്തിയെന്നോ കണക്കാക്കേണ്ടതില്ല....മോചനമെന്നതിന് ഇന്നത്തെ ജീവതത്തിലേതുള്‍പ്പെടെ എല്ലാതരം ദാസ്യത്തില്‍നിന്നുമുള്ള മോചനമെന്നര്‍ഥമാണ്.”
 - Harijan, 10.03.1946

"സ്വന്തം മാതൃഭാഷ മറക്കുകയോ മാതൃഭാഷാപഠനത്തില്‍ ഉപേക്ഷ കാണിക്കുകയോ , സ്വന്തം ഭാഷയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുകയോ ചെയ്യുന്ന ഒരു ഇന്ത്യക്കാരന്‍ പോലും ഉണ്ടാകരുതെന്ന് എനിക്കഭിപ്രായമുണ്ട്.”
-Young India, 1.6.19211

"ഇന്ത്യക്ക് സൗജന്യനിര്‍ബന്ധിത പ്രാഥമികവിദ്യാഭ്യാസം വേണമെന്ന തത്ത്വത്തില്‍ ഉറച്ചുവിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഉപയോഗപ്രദമായ ഒരു തൊഴില്‍ കുട്ടികളെ അഭ്യസിപ്പിക്കികയും അവരുടെ ശാരീരികവും മാനസികവും ആത്മീയവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതുവഴി മാത്രമേ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയൂ എന്നും എനിക്കഭിപ്രായമുണ്ട്.”
-Harijan, 09.10.1937

നമ്മള്‍ ഇന്നേവരെ കുട്ടികളുടെ മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുവാനും വികസിപ്പിക്കുവാനും നോക്കാതെ, സകലവിധ വസ്തുവിവരങ്ങളും അവരുടെ മനസ്സില്‍ കുത്തിനിറക്കാനാണ് ശ്രദ്ധിച്ചിട്ടുള്ളത്.”
-Harijan, 19.09.1937

എഴുത്ത് ഒരു സുന്ദരകലയാണെന്ന് ഞാന്‍ വിചാരിക്കുന്നു. അക്ഷരമാല പിഞ്ചുകുഞ്ഞുങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ചും അതു വിദ്യയുടെ ആദ്യപാഠമാക്കിയും നാമതിനെ നിഹനിക്കുകയാണ്. അങ്ങനെ നാം സമയമാകുന്നതിനു മുമ്പ് അക്ഷരമാല പഠിപ്പിക്കാന്‍ നോക്കി, കുട്ടികളുടെ വളര്‍ച്ച മുരടിപ്പിക്കുകയും എഴുത്ത് എന്ന കലാവിദ്യയെ ഹിംസിക്കുകയുമാണ്.”
-Harijan, 05.06.1937

എനിക്ക് ഒരു സ്വേച്ഛാധിപതിയുടെ അധികാരങ്ങളുണ്ടായിരുന്നുവെങ്കില്‍, ഒരു വിദേശഭാഷയിലൂടെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പഠിപ്പിക്കുന്നത് ഇന്നുതന്നെ നിര്‍ത്തലാക്കും.”
-Young India, 01.09 1921

നാട്ടിലെ ഓരോ വീടും ഓരോ വിദ്യാലയമാണ്; മാതാപിതാക്കള്‍ അധ്യാപകരും.”
-To the students, p-48

ഓരോ അധ്യാപകനും തന്റെ വിദ്യാര്‍ഥികളോടു തികച്ചും നീതി പുലര്‍ത്തണമെങ്കില്‍ അയാള്‍ക്കു കൈയെത്താവുന്ന വസ്തുക്കളില്‍നിന്ന് ദൈനംദിന പാഠങ്ങള്‍ തയ്യാറാക്കേണ്ടിവരും. അതും അയാള്‍ക്ക് തന്റെ ക്ലാസിന്റെ പ്രത്യേകാവശ്യങ്ങള്‍ക്കനുസരിച്ച് പാകപ്പെടുത്തേണ്ടിവരും.” 
-Harijan, 01.12.1933

എല്ലാ വിദ്യാഭ്യാസത്തിന്റെയും പ്രാഥമികലക്ഷ്യം വിദ്യാര്‍ഥികളുടെ സ്വഭാവരൂപീകരണമാണ്, ആകണം"
-Harijan, 01.12.1933

സ്വഭാവം കല്ലും മണ്ണും കൊണ്ട് പടുത്തയര്‍ത്താന്‍ കഴിയുന്ന ഒന്നല്ല. പ്രിന്‍സിപ്പല്‍മാര്‍ക്കോ പ്രൊഫസര്‍മാര്‍ക്കോ പുസ്തകങ്ങളുടെ താളുകളില്‍നിന്ന് നിങ്ങള്‍ക്കത് ചീന്തിത്തരുവാന്‍ കഴിയുകയില്ല. സ്വഭാവരൂപീകരണം അവരവരുടെ ജീവിതത്തില്‍നിന്നുതന്നെ ഉണ്ടായിവരണം. സത്യം പറഞ്ഞാല്‍ അത് നിങ്ങളില്‍ നിന്നുതന്നെ ഉണ്ടായിവരണം.”
-To the Students, pp.114-115

അറിവുണ്ടാകണമെങ്കില്‍ സ്കൂളിലോ കോളേജിലോ പോകണമെന്നു വിചാരിക്കുന്നത് ഒരു കടന്ന അന്ധവിശ്വാസമാണ്. സ്കൂളുകളോ കോളേജുകളോ നടപ്പിലാകുന്നതിനു മുമ്പുതന്നെ ലോകം പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ സൃഷ്ടിച്ചിട്ടുണ്ട്.”
-Young India, 25.06.1921

നിലവിലുള്ള അനേകം കൈത്തൊഴിലുകളില്‍ ഞാന്‍ തക്ലി തന്നെ എടുത്തതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചോദിക്കുമായിരിക്കും. നാമാദ്യം കണ്ടുപിടിച്ചതും അനേകം കാലങ്ങള്‍ അതിജീവിച്ചതുമായ കൈവേലകളിലൊന്നാണ് തക്ലി എന്നതാണ് കാരണം.”
-Harijan, 11.06.1938

No comments:

Post a Comment