ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Wednesday, 31 October 2012

' വരല്ലേ ഈ വഴിയേ '

ലഹരിവിരുദ്ധ സന്ദേശവുമായി ഡയറ്റ് കാമ്പസില്‍ എത്തിയ എക്സൈസ് സംഘം അക്ഷരാര്‍ഥത്തില്‍ അധ്യാപകവിദ്യാര്‍ഥികളെ കൈയിലെടുത്തു. കണ്ണൂര്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച്  ' വരല്ലേ ഈ വഴിയേ ' എന്ന നാടകം അവതരിപ്പിച്ചുവരുന്ന കലാകാരസംഘമാണ് ഡയറ്റില്‍ കഴിഞ്ഞയാഴ്ച എത്തിച്ചേര്‍ന്നത്. ലഹരിക്കടിപ്പെടുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയായി നാടകം മാറിയപ്പോള്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട് എന്ന തിരിച്ചറിവിലേക്കാണ് അധ്യാപകവിദ്യാര്‍ഥികള്‍ എത്തിച്ചേര്‍ന്നത്.

എക്സൈസ് ജീവനക്കാരായ പി.സി.പ്രഭുനാഥ്, എന്‍.ടി.ധൃവന്‍, സി.വി.ദിലീപ്, കെ.ഉത്തമന്‍, ബി.നസീര്‍, പി.വി.സുലൈമാന്‍, എം.വി.ഇബ്രാഹിംകുട്ടി എന്നിവര്‍ അരങ്ങിലും സിജിന്‍, പുരുഷോത്തമന്‍ എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിച്ചു.

 

മായിപ്പാടി ഡയറ്റിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെയാണ് കാമ്പസില്‍ നാടകാവതരണം നടന്നത്. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.കരുണാകരന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. വിജയന്‍ ചാലോട്, ഡോ. പി.രാജന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേന്ദ്രന്‍ സ്വാഗതവും എം.എസ്.മറിയാമത്ത് മഷൂദ് നന്ദിയും പറഞ്ഞു. എന്‍.എസ്.എസ്. യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഡോ.രഘുറാം ഭട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.





Sunday, 28 October 2012

കേരളപ്പിറവിദിനം

വീണ്ടും ഒരു കേരളപ്പിറവിദിനം വന്നെത്തിയിരിക്കുന്നു.
മേളകളുടെയും കലോത്സവങ്ങളുടെയും തിരക്കില്‍ ഈ ദിനം മുങ്ങിപ്പോകാതിരിക്കട്ടെ.
ഒരുകാലത്ത് നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഒരു ദേശത്തെ ജനതയെ ഭാഷയുടെ ചരടുകൊണ്ട് ബന്ധിപ്പിക്കപ്പെട്ടത് 1956 നവമ്പര്‍ 1 ന് ആണ്.
തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായ ചില പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ് കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടത്. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കര്‍ക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍ - കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍ക്കോടു താലൂക്കും ചേര്‍ത്താണ് കേരള സംസ്ഥാനത്തിന് രൂപം കൊടുത്തത്.
സംസ്ഥാനത്തിന്റെ തലവനായി  ബി. രാമകൃഷ്‌ണറാവു ആദ്യ ഗവര്‍ണറായി ചുമതലയേറ്റു. തിരുവിതാംകൂര്‍ - കൊച്ചിയില്‍ പ്രസിഡന്റ്‌ ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. സംസ്ഥാനത്തെ ചീഫ്‌ ജസ്റ്റിസ്‌ കെ. ടി കോശിയായിരുന്നു. ആദ്യ ചീഫ്‌ സെക്രട്ടറി എന്‍. ഇ. എസ്‌. രാഘവാചാരിയും ആദ്യ പോലീസ്‌ ഐ ജി, എന്‍. ചന്ദ്രശേഖരന്‍നായരും ആയിരുന്നു. കേരള സംസ്ഥാനത്തിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
ചരിത്രത്തിന്റെ ഭാഗമായ ഇത്തരം കാര്യങ്ങളും കേരളത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ മറ്റനേകം വശങ്ങളും  കുട്ടികളിലെത്തിക്കാന്‍ ഈ വേളയില്‍ നമുക്കു ശ്രമിക്കാം. ആഗോളവത്കരണത്തിന്റെ കുത്തൊഴുക്കില്‍ പ്രാദേശികഭാഷകള്‍ നിലനില്‍പിനായി പാടുപെടുന്ന ഈ സന്ദര്‍ഭത്തില്‍ സ്വന്തം ഭാഷയെ നിലനിര്‍ത്താനും വളര്‍ത്താനുമുള്ള ശ്രമമാണ് ലോകമാകെ നടക്കുന്നത്.
മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളിലാണ് നമ്മുടെ സര്‍ക്കാരും സാംസ്കാരികനായകന്മാരും ഏര്‍പ്പെട്ടിരിക്കുന്നത്. ഈ ശ്രമത്തില്‍ നമുക്ക് വിജയിക്കാനാവുമെന്ന് പ്രത്യാശിക്കാം. മലയാളഭാഷ പലവിധത്തിലുമുള്ള വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണിത്. എല്ലാ മലയാളികളും മലയാളം പഠിക്കുകയും ഒപ്പം മറ്റു ഭാഷകളെ അറിവുനേടാനും മറ്റുമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരു സമീപനമാണ് വേണ്ടത്. കന്നട, തമിഴ് പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അതത് ഭാഷകളും സംസ്കാരവും സംരക്ഷിക്കാനും വളര്‍ത്താനുമുള്ള സന്ദര്‍ഭവും ലഭിക്കേണ്ടതുണ്ട്.
അതുകൊണ്ട് ഉത്സവങ്ങളുടെയും മേളകളുടെയും  തിരക്കിലും ഭാഷയെ ഓര്‍ക്കാനും ശക്തിപ്പെടുത്താനും കിട്ടുന്ന ഈ അവസരത്തെ പ്രയോജനപ്പെടുത്താന്‍ ഓരോ കേരളീയനും പരിശ്രമിക്കുമെന്നു പ്രത്യാശിക്കാം.
മലയാളഭാഷയുടെ മഹിമ ലോകമൊട്ടുക്കുമെത്തിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശ്വമലയാള മഹോത്സവത്തിന് ഒക്റ്റോബര്‍ 30 ന് തിരിതെളിയുകയാണ്. ആഫ്രിക്കന്‍ നോവലിസ്റ്റും ബുക്കര്‍ പ്രൈസ് ജേതാവുമായ ബെന്‍ ഒക്രി ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക ഭാഷകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നല്ല ബോധ്യമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ഈ സമ്മേളനത്തിന്റെ മഹത്വം വര്‍ധിപ്പിക്കും.

Saturday, 27 October 2012

യു.എന്‍.ക്വിസ് - ഫലപ്രഖ്യാപനം

യു.എന്‍ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. സഹകരിച്ചവര്‍ക്കെല്ലാം ഡയറ്റിന്റെ നന്ദി രേഖപ്പെടുത്തുന്നു. വാശിയേറിയ മത്സരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും  ശരിയുത്തരങ്ങള്‍ നല്‍കിയത് ഒരാള്‍ മാത്രം . സ്കൂള്‍ അധ്യാപകന്‍ കൂടിയായ 
ശ്രീ. എ. ശ്രീകുമാര്‍ ആണ് വിജയി. അദ്ദേഹത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍ !
ശരിയുത്തരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 16 October 2012

യു.എന്‍.ക്വിസില്‍ പങ്കെടുക്കാം


ഒക്റ്റോബര്‍ 24 യു.എന്‍.ദിനമാണല്ലോ. ദിനാചരണവുമായി ബന്ധപ്പെട്ട് പല പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന് ഇതിന്റെ നേതൃത്വം ഏറ്റെടുക്കാം. ഈ സന്ദര്‍ഭത്തില്‍ ഏവര്‍ക്കും (വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍)പങ്കെടുക്കാവുന്ന ഒരു ക്വിസ് മത്സരം ഒരുക്കുന്നു.
മുഴുവന്‍ ഉത്തരങ്ങളും ശരിയാക്കുന്ന എല്ലാവരുടെയും പേരുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.
ഒരാള്‍ ഒരു പ്രാവശ്യമേ പങ്കെടുക്കാവൂ. താഴെ ചേര്‍ത്ത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ക്വിസ് ചോദ്യങ്ങളടങ്ങിയ പേജില്‍ എത്താനാവും. ആദ്യം പേരും വിലാസവും നല്‍കണം. തുടര്‍ന്ന്  ഓരോ ചോദ്യത്തോടൊപ്പവുമുള്ള ഉത്തരങ്ങളില്‍ നിന്ന് ശരിയായ ഉത്തരം കണ്ടെത്തണം. ശരിയായ ഉത്തരത്തോടൊപ്പമുള്ള വൃത്തത്തില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം. ഒടുവില്‍ കീഴേയുള്ള submit ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരം രേഖപ്പെടുത്തപ്പെടും.
  • കൃത്യമായ വിലാസം നല്‍കുന്നവരുടെ ഉത്തരമേ പരിഗണിക്കൂ
  • 2012 ഒക്റ്റോബര്‍ 24 വരെയാണ് സമയപരിധി
വേഗമാകട്ടേ. എവിടെ നിന്നും ആരില്‍ നിന്നും ഉത്തരം തേടാം. പഠിക്കാനും പ്രകടിപ്പിക്കാനുമുള്ള ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തൂ.
വിജയാശംസകള്‍ !
ചോദ്യാവലി

Monday, 15 October 2012

കമ്പ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയായി

ഡയറ്റിലെ ഒന്നാം വര്‍ഷ ടി.ടി.സി. (മലയാളം ബാച്ച് ) വിദ്യാര്‍ഥികളുടെ രണ്ടാംഘട്ട കമ്പ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയായി. ഇന്റര്‍നെറ്റ്, ഇ-മെയില്‍, സൗണ്ട് എഡിറ്റിങ്ങ് , ബ്ലോഗ് സര്‍ച്ചിങ്ങ്, വീഡിയോ ഡൗണ്‍ലോഡിങ്ങ്, വീഡിയോ കണ്‍വേര്‍ട്ടിങ്ങ് തുടങ്ങിയവയിലായിരുന്നു ഈ ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ രാജന്‍ മാസ്റ്റര്‍, ബാബു മാസ്റ്റര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ പി.വി.പുരുഷോത്തമന്‍, സുരേഷ് കൊക്കോട് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.








Sunday, 14 October 2012

' സ്നേഹസ്പര്‍ശം 2012 ' പദ്ധതി


'നേരിട്ട് ജനങ്ങളിലേക്ക്' എന്ന സന്ദേശമുയര്‍ത്തി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് 'സ്‌നേഹസ്പര്‍ശം 2012'. ഓരോ മാസവും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കി അധ്യാപക-രക്ഷാകര്‍തൃ സമിതി പ്രസിഡന്റുമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രി കത്തുകള്‍ അയയ്ക്കുന്ന രീതിയിലാണ് സ്‌നേഹസ്പര്‍ശം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 'കാത്ത് സൂക്ഷിക്കുക; കണ്‍മണികളെ' എന്ന പേരിലുള്ള വിദ്യാഭ്യാസ മന്ത്രിയുടെ രണ്ടാമത്തെ കത്ത് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.  വിദ്യാര്‍ത്ഥികളുടെ ധാര്‍മിക ജീവിതവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് 'മോറല്‍ ഗ്രൂപ്പി'ന് രൂപം നല്‍കുകയും പി ടി എ പ്രസിഡന്റുമാര്‍ക്കും സ്‌കൂള്‍ ലീഡര്‍മാര്‍ക്കും പ്രത്യേക പരിശീലനം ലഭ്യമാക്കുകയും ചെയ്യും. സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി അടുത്തമാസം പ്രസ്തുത വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും. സംസ്ഥാനത്തെ 14,000 പ്രസിഡന്റുമാര്‍ക്ക് ഈ മാസത്തെ സ്‌നേഹസ്പര്‍ശം കത്ത് ഹെഡ്മാസ്റ്റര്‍മാര്‍ കൈമാറും.
അധ്യാപക-രക്ഷാകര്‍തൃസമിതികള്‍ക്കായി മുഖപത്രം പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ച് 'രക്ഷകര്‍ത്താവ്' എന്ന പേരില്‍ മാസിക പ്രസിദ്ധപ്പെടുത്തും. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാസിക എല്ലാ സ്‌കുളുകളിലും ലഭ്യമാക്കും. പദ്ധതിയില്‍ ഇതിനകം ആയിരക്കണക്കിന് രക്ഷകര്‍ത്താക്കള്‍ പങ്കാളികളായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
(അവലംബം : വീക്ഷണം ദിനപത്രം 2012 ഒക്റ്റോബര്‍ 14 )
 

Saturday, 13 October 2012

അയ്യങ്കാളി - നൂറ്റമ്പതാം ജന്മവാര്‍ഷികം

കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമായി നടന്ന സാമുദായിക പരിഷ്കരണത്തിന്റെ പതാകവാഹകരില്‍ പ്രമുഖനാണ് അയ്യങ്കാളി. 1863 ആഗസ്റ്റ്  28 ല്‍ ജനിച്ച അയ്യങ്കാളിയുടെ നൂറ്റമ്പതാം ജന്മവര്‍ഷത്തിലൂടെയുമാണ് പ്രബുദ്ധകേരളം ഇപ്പോള്‍ കടന്നുപോകുന്നത്.
പുലയസമുദായത്തില്‍ ജനിച്ച അയ്യങ്കാളി അടിമജീവിതം നയിക്കുകയായിരുന്ന സ്വസമുദായത്തെ ആത്മാഭിമാനമുള്ളവരും സമരസന്നദ്ധരുമാക്കി മാറ്റി. അവരെ അടിമച്ചങ്ങലയില്‍ നിന്നും വിമോചിപ്പിക്കാന്‍ സ്വജീവിതം ഉഴിഞ്ഞുവെച്ചു. ചോരപ്പുഴയില്‍ മുങ്ങിയ ഒട്ടേറെ സമരങ്ങള്‍ക്ക് അയ്യങ്കാളി നേതൃത്വം നല്‍കി.
തിരുവനന്തപുരത്തെ വെങ്ങാന്നൂരില്‍ അയ്യന്റെയും മാലയുടെയും മകനായാണ് ജനിച്ചത്.  കാളി എന്നായിരുന്നു ശരിയായ പേര്. അയ്യന്റെ മകനായതിനാലാണ് അയ്യങ്കാളി എന്ന പേര് വന്നത്. ചെറുപ്പത്തില്‍ തന്നെ കായികാഭ്യാസം പരിശീലിച്ചു.
അക്കാലത്ത് കേരളത്തിലെ പുലയസമുദായം അടിമതുല്യമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ജന്മിമാരുടെ പാടത്ത് രാപ്പകല്‍ വിയര്‍പ്പൊഴുക്കിയ ആ സാധുക്കള്‍ക്ക് മണ്ണില്‍ കുഴികുത്തി അതിലുള്ള കുഴിയിലാണ് ഭക്ഷണമായി വല്ലതും കൊടുത്തിരുന്നത്. വഴിനടക്കാനോ മാറുമറക്കാനോ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. 
ഇതെല്ലാം തിരിച്ചറിഞ്ഞ അയ്യങ്കാളി 'ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട് ' എന്ന്  പ്രഖ്യാപിച്ചു. സ്വതന്ത്രമായി വഴിനടക്കാന്‍, മാന്യമായി വസ്ത്രം ധരിക്കാന്‍, നല്ല ഭക്ഷണം കഴിക്കാന്‍, വിദ്യ അഭ്യസിക്കാന്‍, മനുഷ്യരെപ്പോലെ ജീവിക്കാന്‍ നമുക്കും അവകാശമുണ്ടെന്ന് അധ:കൃതസമൂഹത്തെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
1893 ല്‍ ധീരനായ അയ്യങ്കാളി തലയിലൊരു വട്ടക്കെട്ടും അരക്കയ്യന്‍ കുപ്പായവും ധരിച്ച് വെളുത്ത കാളകളെ പൂട്ടിയ ഒരു വില്ലുവണ്ടിയില്‍ ഊരുചുറ്റിക്കൊണ്ട് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രമാണിസങ്കല്‍പത്തെ പരസ്യമായി വെല്ലുവിളിച്ചു. ഇത് അവര്‍ണസമുദായാംഗങ്ങള്‍ക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം പകര്‍ന്നു.
ആദ്യകാലത്ത് അദ്ദേഹത്തിന്റെ സമരം ഒറ്റക്കായിരുന്നു. പിന്നീട് ഒട്ടേറെ അവര്‍ണയുവാക്കള്‍ ആ സമരത്തില്‍ അണിചേര്‍ന്നു. സംഘശക്തിയും കായികബലവുമായിരുന്നു അവരുടെ ആയുധം. സ്വാഭാവികമായും സവര്‍ണപ്രമാണികള്‍ കടന്നാക്രമണവുമായി  രംഗത്തെത്തി.
1898 ല്‍ ആറാലുംമൂടില്‍ നിന്ന് ബാലരാമപുരം ചാലിയത്തെരുവിലൂടെ വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി അയ്യങ്കാളി ഒരു യാത്ര നയിച്ചു. കടന്നാക്രമണങ്ങള്‍ പലതും ഉണ്ടായെങ്കിലും ആ ധൈര്യശാലി അതിനെയെല്ലാം ധീരമായി നേരിട്ടു. ഇതില്‍ പ്രചോദിതരായ അധ:കൃതര്‍ പല സ്ഥലങ്ങളിലും നാട്ടുനടപ്പുകളെ വെല്ലുവിളിച്ചു. 
1904 ല്‍ കേരളത്തില്‍ ആദ്യമായി അധ:കൃതര്‍ക്കായി വെങ്ങാന്നൂരില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തതും അയ്യങ്കാളി തന്നെയായിരുന്നു.
1905 ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 'സാധുജനപരിപാലനസംഘം ' രൂപീകരിച്ചു. ആ സംഘത്തിന്റെ നേതൃത്വത്തില്‍ അവര്‍ണരുടെ അവകാശങ്ങള്‍ക്കായുള്ള ഒട്ടേറെ പോരാട്ടങ്ങള്‍ നടന്നു. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസാവകാശം എന്നിവയ്ക്കൊപ്പം മാറുമറക്കാനും വസ്ത്രം ധരിക്കാനും ജോലിക്ക് സ്ഥിരം കൂലിനേടാനും ഞായറാഴ്ചത്തെ വിശ്രമാവധിക്കായും അവര്‍ പോരാടി. സാധുജന പരിപാലന സംഘത്തിന്റെ സംഘടിതമായ പ്രവര്‍ത്തനം കൊണ്ട് 1907 ജൂണില്‍ അയിത്തവിഭാഗക്കാര്‍ക്കു സ്‌കൂള്‍ പ്രവേശനം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവുണ്ടായി. എന്നാല്‍, ജാതിമേധാവികള്‍ ഉത്തരവിനെതിരേ ശക്തമായി നിലകൊണ്ടു. സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സ്‌കൂള്‍ പ്രവേശനം ലഭിക്കാത്ത സ്ഥിതി കുറേക്കാലം നിലനിന്നു.
1911 ല്‍ അദ്ദേഹം ശ്രീമൂലം പ്രജാസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഹരിജനബാലന്മാര്‍ക്ക് മറ്റു കുട്ടികള്‍ക്കൊപ്പം പഠിക്കാനുള്ള അവകാശം, സൗജന്യമായ ഉച്ചഭക്ഷണം, സൗജന്യമായ നിയമസഹായം എന്നിവയ്ക്കായി സഭയില്‍ അദ്ദേഹം ശബ്ദിച്ചു.
സ്‌കൂള്‍പ്രവേശനത്തിനു വേണ്ടി നടന്ന സമരങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് 1913 ജൂണ്‍ മുതല്‍ 1914 മെയ് മാസം വരെ നീണ്ടുനിന്ന കര്‍ഷകത്തൊഴിലാളി പണിമുടക്കായിരുന്നു. ഒരു വര്‍ഷം തിരുവിതാംകൂറിലെ വയലേലകള്‍ തരിശായിക്കിടന്നു. അയ്യങ്കാളിയുടെ ആജ്ഞാശക്തിയാല്‍ ഒരു അധഃസ്ഥിതനും പാടത്തു പണിക്കിറങ്ങിയില്ല. കൃഷിഭൂമി നിറയെ പുല്ലു മൂടിയപ്പോള്‍ സവര്‍ണര്‍ ചര്‍ച്ചയ്ക്കു തയ്യാറായി. തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്നു പിന്തിരിയുകയുള്ളൂവെന്ന അയ്യങ്കാളിയുടെയും കൂട്ടരുടെയും തീരുമാനം ഒടുവിലി‍ അംഗീകരിക്കപ്പെട്ടു. അങ്ങനെ തിരുവിതാംകൂറിലെ ആദ്യത്തെ കര്‍ഷകസമരത്തിനു നേതൃത്വം കൊടുത്ത ആളായിക്കൂടി അയ്യങ്കാളി ചരിത്രത്തില്‍ സ്ഥാനം നേടി.
അയ്യങ്കാളിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അധ:കൃതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറുമറക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം 'കല്ലുമാലസമരം ' എന്ന പേരില്‍ പ്രസിദ്ധമായി.
ക്ഷേത്രപ്രവേശനവിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ ഗാന്ധിജി വെങ്ങാന്നൂരില്‍ ചെന്ന് അയ്യങ്കാളിയെ സന്ദര്‍ശിക്കുകയുണ്ടായി.
ആ ധീരനായ നവോത്ഥാനനായകന്‍ 1941 ജൂണ്‍ 18 നു മരണത്തിനു കീഴടങ്ങി.
ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും അയിത്തവും തൊട്ടുകൂടായ്മയും ഇളവില്ലാതെ തുടര്‍ന്നപ്പോഴും കേരളം അതിന്റെ ചങ്ങലക്കെട്ടുകളെ തകര്‍ക്കുന്നതില്‍ ക്രമേണ വിജയം കണ്ടു. കേരളത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തതില്‍ അയ്യങ്കാളി വഹിച്ച പങ്ക് അവിസ്മരണീയമാണ്. അതുകൊണ്ടാണ് നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അയ്യങ്കാളിയുടെ ചരിത്രപരമായ  പ്രാധാന്യം തിരിച്ചറിയാനുള്ള സന്ദര്‍ഭമായി ഈ വര്‍ഷത്തെ കാണണമെന്ന് നാം ആഗ്രഹിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
 അയ്യങ്കാളി
 കല്ലുമാലസമരം
 മഹാത്മ അയ്യങ്കാളി ; ഇതിഹാസ തുല്യനായ വിപ്ലവ നായകന്‍