ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Monday, 24 November 2014

ജി എച്ച് എസ് എസ് അടൂര്‍

മണ്ണില്‍ പൊന്നുവിളയിച്ച് 'കുട്ടിപ്പൊലീസ് '; ജനകീയ കൂട്ടായ്‌മയായി കൊയ്‌ത്തുത്സവം

'എല്ലാരും പാടത്ത് സ്വര്‍ണം വിതച്ചു
ഏനെന്റെ പാടത്ത് സ്വപ്നം വിതച്ചു
സ്വര്‍ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി'


ശരിയാണ്. കുന്നുകള്‍ ഇടിച്ചുനിരത്തി കെട്ടിടങ്ങളും ഫ്ളാറ്റുകളും കെട്ടിപ്പൊക്കി പണം കൊയ്യാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി വ്യാപകമാകുന്ന കാലത്താണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ മണ്ണില്‍ വിത്തിട്ട് നൂറുമേനി വിളയിച്ചത്. ആഗസ്‌റ്റ് രണ്ടിനാണ് അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന ഒരേക്കര്‍ പാടത്ത് ഇവര്‍ കൃഷിയിറക്കിയത്.
കൃഷിയുടെ വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനം
അത്യുല്‍പാദനശേഷിയുള്ള 'ജ്യോതി' വിത്തുപയോഗിച്ച് ഒറ്റ ഞാര്‍ കൃഷിരീതിയാണ് അവലംബിച്ചത്. സാധാരണ ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ 30 കിലോ നെല്‍വിത്ത് വേണമെന്നിരിക്കേ ഒറ്റ ഞാറിന് ഒരേക്കറില്‍ രണ്ടു കിലോ വിത്ത് മതി. പത്ത് ദിവസം മൂപ്പുള്ള ഞാര്‍ ഒരടി വിട്ടാണ് പറിച്ചുനട്ടത്. ഇതുമൂലം കീടശല്യം കുറഞ്ഞു. കളകള്‍ എളുപ്പത്തില്‍ പറിക്കാനും സാധിച്ചു. പറിച്ചുനട്ട്നൂറ്റിപത്താം ദിവസമാണ് കൊയ്‌തത്. ഏകദേശം പന്ത്രണ്ട് ക്വിന്റല്‍ നെല്ല് മെതിയന്ത്രത്തിന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തു. കൂടുതല്‍ ഉയരത്തില്‍ വളരാത്തതിനാല്‍ ഞാറ് പാടത്ത് മറിഞ്ഞ് വീണ് നെല്‍മണികള്‍ നശിക്കുന്ന പതിവും ഇവിടെ ഉണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ പ്രതീക്ഷ പ്രവര്‍ത്തകരുടെയും 'കുട്ടിപ്പൊലീസു'കാരുടെയും പരിചരണവുമുണ്ടായിരുന്നു. മണ്ണില്‍ പൊന്നുവിളയിക്കാന്‍ എല്ലാം മറന്ന് ഒത്തുകൂടിയപ്പോള്‍ സഫലമായത് ഒരു നാടിന്റെ കാര്‍ഷിക സംസ്‌കാരമാണ്. പഴയതലമുറ കൂടെ കൊണ്ടുനടന്നതും പുതിയ തലമുറക്ക് അന്യമായതുമായ കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനം അഡൂര്‍ പാടത്ത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. തരിശായി

മെതിയന്ത്രം ഉപയോഗിച്ച് നെല്ല് വേര്‍തിരിക്കുന്നു
കിടന്ന പാടം ഒരു കൂട്ടായ്‌മയുടെ നെല്‍ക്കതിരുകള്‍ കൊണ്ട് പച്ചപ്പായപ്പോള്‍ പര്യാപ്‌തതയിലൂന്നിയ ഒരു നാടിന്റെ വികസന വിപ്ലവം പൂവണിയുകയായിരുന്നു. മണ്ണിന്റെയും പ്രകൃതിയുടെയും മാറ്റം കണ്ടറിഞ്ഞ് പച്ചത്തത്തകളും കിളികളും പൂമ്പാറ്റകളും പാടത്ത് ഉത്സവമേളം തീര്‍ക്കുകയായിരുന്നു. പച്ചപ്പട്ട് പുടവ ചാര്‍ത്തിയ മാതിരി പ്രകൃതിരമണീയതയുടെ സൌന്ദര്യത്തിന് ആക്കം കൂട്ടുകയായിരുന്നു. തരിശുനിലം പൊന്നണിഞ്ഞപ്പോള്‍ എസ്.പി.സി. കേഡറ്റുകള്‍ക്ക് പ്രവര്‍ത്തനാനുഭവമായി കിട്ടിയത് അവരുടെ ഭാവി ജീവിതത്തിലേക്കുള്ള മഹത്തായ ഒരു പാഠമാണ്. ഉപഭോക്തൃരീതികളെ പഴിപറഞ്ഞ് കാലം കഴിക്കുന്നവര്‍ തിരിച്ചറിയണം അഡൂരിന്റെ പുതിയ തലമുറയിലെ ഈ കൂട്ടായ്‌മയെ. ഓരോ നാടിന്റെയും സാധ്യതകള്‍ക്കനുസരിച്ച് പ്രാദേശിക ഇടപെടലുകള്‍ ഉണ്ടായാല്‍ സ്വയംപര്യാപ്‌തമായ ഒരു കാര്‍ഷിക സംസ്‌കാരം നമ്മുടെ നാട്ടില്‍ ഉണ്ടാകും. തരിശുഭൂമി കൃഷിഭൂമിയാക്കുകയെന്നത് ശ്രമകരമായ ദൌത്യമാണ്. പക്ഷെ, താല്‍പര്യവും സജീവ ഇടപെടലും ഏത് ശ്രമകരമായ ദൌത്യത്തെയും വിജയത്തിലെത്തിക്കും. നെല്‍കൃഷിയെ പരിചയമില്ലാത്തവര്‍ക്ക് അഡൂരിലെ കൂട്ടായ്മ നല്‍കുന്നത് അനുഭവ സമ്പത്ത് നിറഞ്ഞ പുതിയ പാഠമാണ്. കര്‍ഷകാനുഭവങ്ങളും ശാസ്ത്രീയ നിര്‍വചനങ്ങളും ആനുപാതികമായി ഒത്തുകൂടിയപ്പോള്‍ അഡൂരിലെ നെല്‍പാടത്തില്‍ നെല്‍ക്കതിരുകള്‍ സമൃദ്ധിയോടെ വിളഞ്ഞു. 120 ദിവസത്തെ ആവേശത്തിനും അധ്വാനത്തിനും പരിസമാപ്‌തിയായി നടത്തിയ കൊയ്‌ത്തുത്സവം യഥാര്‍ത്ഥത്തില്‍ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു. വിവിധ മേഖലകളില്‍ നിന്നായി എത്തിയവര്‍ കതിരണിഞ്ഞ പാടത്തേക്കിറങ്ങിയപ്പോള്‍ അതൊരു ഉത്സവാനുഭവമായി. അതില്‍ ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, അധ്യാപകര്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍, പ്രതീക്ഷ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിങ്ങനെയുണ്ടായി. കൃഷിയിറക്കിയത് മുതലുള്ള വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനവും ഒരുക്കിയിരുന്നു.
കട്ടിപ്പൊലീസുകാര്‍ കുട്ടിക്കര്‍ഷകരായപ്പോള്‍...!

കൊയ്‌ത്തുത്സവം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്‌തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് സി.കെ. കുമാരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി.ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് അംഗം രത്തന്‍ കുമാര്‍ പാണ്ടി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ രാഗവേന്ദ്ര, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, വ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് സെക്രട്ടറി എം.പി.മൊയ്‌തു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് എ.ധനഞ്ജയന്‍, പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രകാശ് പാണ്ടി, സെക്രട്ടറി സുനില്‍,  അഗ്രികള്‍ച്ചറല്‍ അസിസ്‌റ്റന്റ് പ്രകാശ, അധ്യാപകരായ കൃഷ്‌ണപ്പ, രാജാറാമ, കര്‍ഷകനും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മാധോജി റാവു, അടുക്കം മുഹമ്മദ് ഹാജി, ഡി. കുഞ്ഞമ്പു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.
( അവലംബം : http://www.ghssadoor.blogspot.in/ )

Saturday, 22 November 2014

" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്...."


തച്ചങ്ങാട് സ്കൂളിന്റെ ബ്ലോഗില്‍ വന്ന ഈ കുറിപ്പ് ഡയറ്റിന് കിട്ടിയ വലിയ അംഗീകാരമായി കാണുന്നു. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ ബഹുമാനപ്പെട്ട ഡിഡിഇ സി രാഘവന്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഒരു കുട്ടിയില്‍ നിന്നും വന്ന ഈ സ്വാഭാവിക പ്രതികരണം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്ന അബ്ദുള്‍ ജമാല്‍ മാഷിന് പ്രത്യേക അഭിനന്ദനം


പഠനത്തില്‍ അത്രയൊന്നും മിടുക്കനല്ലാത്ത ഒരു കുട്ടിയുടെ ചോദ്യമാണ് ഈ കുറിപ്പിലേക്ക് നയിച്ചത്. STEPS ന്റെ ഭാഗമായ രണ്ടാം യൂണിറ്റ് ടെസ്റ്റ് കഴിഞ്ഞ് ഇംഗ്ലീഷിന്റെ  ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യുകയായിരുന്നു.  അപ്പോഴാണ് അതേ പരീക്ഷയുടെ ചോദ്യപ്പേപ്പറുമായി അവന്‍ എന്റെ മുമ്പിലെത്തിയത്. ചോദ്യപ്പേപ്പറിന്റെ ഏറ്റവും മുകളിലായി അച്ചടിച്ച വാചകം ചൂണ്ടിക്കാണിച്ചു അവന്‍ ചോദിച്ചു 
"സര്‍  എന്തണ് ഈ DIET"
ചോദ്യം കേട്ട് ക്ലാസിലെ മറ്റ് കുട്ടികളും ആകാംക്ഷയോടെ എന്നെ നോക്കുന്നത് കണ്ടപ്പോള്‍ DIET നെക്കുറിച്ചു ഞാന്‍ ക്ലാസില്‍ പൊതുവായി തന്നെ വിശദീകരണം നല്‍കി. ശേഷം ഈ ചര്‍ച്ചക്ക് തുടക്കമിട്ട കുട്ടിയെ അഭിനന്ദിക്കാനും മറന്നില്ല. പിന്നീട് ഈ പരീക്ഷകളെ കുറിച്ചുള്ള അവരുടെ അഭിപ്രായം ആരാഞ്ഞു. അവരുടെ പ്രതികരണങ്ങളെല്ലാം ഏകസ്വഭാവമുള്ളവയായിരുന്നു. ഒരു പൊതുപരീക്ഷയുടെ ഗൗരവത്തിലാണ് അവര്‍ ഇതിനെ കാണുന്നത്. അവസാന പിരീഡ് ആയിരുന്നു. ചര്‍ച്ചകളും പ്രതികരണങ്ങളും ഏറെക്കുറെ അവസാനിക്കാറായപ്പോള്‍, മറ്റൊരു കുട്ടി വേറൊരു ചോദ്യവുമായി മുന്നോട്ടു വന്നു.
 "സര്‍....ഇത് പോലെയുള്ള പരീക്ഷകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഉണ്ടായിരുന്നോ?" 
"ഇല്ല. ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ആദ്യമായാണ് ഇങ്ങിനെ ഏകീകൃത സ്വഭാവത്തില്‍ പരീക്ഷ നടക്കുന്നത്" . 
ചോദ്യങ്ങളും മറുപടികളുമായി സമയം നീങ്ങിയത് അറിഞ്ഞില്ല
ദേശീയ ഗാനത്തിനുള്ള ബെല്ലടിച്ചു. ദേശീയ ഗാനവും കഴിഞ്ഞ്, 5 മിനുട്ട് ഇടവേളക്കായി ( പത്താംതരക്കാര്‍ക്ക് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ക്ലാസ് സമയം) പുറത്തേക്ക് ഓടുന്നതിനിടയില്‍ കുട്ടികളില്‍ ആരോ ഒരാള്‍ വിളിച്ച് പറയുന്നത് കേട്ടു....
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............."

****************************

5മണി വരെയുള്ള ക്ലാസും കഴിഞ്ഞ്, ട്രെയിനും കാത്ത് പള്ളിക്കര റെയില്‍വെ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍, ക്ലാസിലുണ്ടായ അവസാന കമന്റ് എന്റെ മനസ്സിലേക്ക് വീണ്ടും എത്തി......
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............."

ശരിയാണ്...... എന്റെ സ്കൂള്‍, കോളേജ് ജീവിത ഓര്‍മ്മകളില്‍ എവിടെയും ഡയറ്റിന് ഒരിടം കാണുന്നില്ല. അദ്ധ്യാപന പരിശീലന സമയത്താണെന്ന് തോന്നുന്നു ഈ വാക്ക് പരിചയപ്പെടുന്നത്. പക്ഷ, ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. ഒരു പത്താം ക്ലാസുകാരന്റെ ജീവിതത്തിലേക്ക് പ്രായോഗികതയോടെ കടന്ന് വരാന്‍ കാസറഗോഡ് ഡയറ്റിന് കഴിഞ്ഞു. തികച്ചും സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവും തന്നെ.....ഇതിന് ചുക്കാന്‍ പിടിച്ചവര്‍ ആരായാലും, അവര്‍ക്ക് വേണ്ടി ഞാന്‍ ആദരപൂര്‍വ്വം, അതിലേറെ അഭിമാനപൂര്‍വ്വം ഞാന്‍ ഈ കൊച്ചുമനസ്സിന്റെ നിഷ്കളങ്ക പ്രതികരണം സമര്‍പ്പിക്കുന്നു.......
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............."
By ABDUL JAMAL
H.S.A ENGLISH
G.H.S THACHANGAD

ഓഫീസര്‍മാരുടെ റിവ്യൂ മീറ്റിങ്ങ്

ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രതിമാസ റിവ്യൂ മീറ്റിങ്ങ് നടന്നു. ഐ ടി @ സ്കൂളില്‍ നടന്ന യോഗത്തില്‍ എ ഡി പി ഐ ജോണ്‍സ് വി ജോണ്‍ മുഖ്യാതിഥിയായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നടന്നുവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്രദ്ധേയമാണെന്നും അവ മറ്റു ജില്ലക്കാരെ കൂടി അറിയിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിഡിഇ സി രാഘവന്‍ അധ്യക്ഷനായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നടന്ന ബ്ലെന്റ് പദ്ധതി എ ഇ ഒ മാരുടെ പരിശീലനത്തില്‍ സംസ്ഥാനതലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലയില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന പരിപാടി നടപ്പിലാക്കുന്നതിനുള്ള പദ്ധതിയെ കുറിച്ച് വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന SAVE ന്റെ പ്രവര്‍ത്തകര്‍ വിവരിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍, ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഷൗക്കത്ത് അലി ഏരോത്ത് എന്നിവര്‍ വടകര വിദ്യാഭ്യാസ ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍  വിശദീകരിച്ചു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡയറ്റ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. എം ബാലന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ രാമചന്ദ്രന്‍, ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി വി പുരുഷോത്തമന്‍, കെ രാമചന്ദ്രന്‍ നായര്‍, ഡി ഇ ഒ മാരായ സൗമിനി കല്ലത്ത്, സദാശിവ നായക്ക്, എ ഇ ഒ മാര്‍, ബിപിഒ മാര്‍ എന്നിവര്‍ വിവിധ തലങ്ങളില്‍ നടന്നു വരുന്ന പരിപാടികളെ കുറിച്ച് അവലോകന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
  • സാക്ഷരം പോസ്റ്റ് ടെസ്റ്റ് നവമ്പര്‍ 28 ന് നടത്താന്‍ തീരുമാനിച്ചു. സ്കൂള്‍തല മൂല്യനിര്‍ണയം 28 ന് നടത്താനും റിപ്പോര്‍ട്ടുകള്‍ അന്നുതന്നെ ബി ആര്‍ സി കളിലേക്ക് എത്തിക്കാനും നിര്‍ദേശങ്ങള്‍ നല്‍കും. സ്കൂള്‍തല പ്രഖ്യാപനങ്ങള്‍ ഡിസംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കണം.
  • STEPS ന്റെ ഭാഗമായി ഗണിതം, ഇംഗ്ലീഷ്, ഫിസിക്സ് തുടങ്ങിയ പ്രയാസമുള്ള വിഷയങ്ങള്‍ പ്രത്യേക കോച്ചിങ്ങ് നല്‍കുന്നതിനുള്ള സാമഗ്രികള്‍ സ്കൂളുകളില്‍ എത്തിക്കാനും ധാരണയായി.
  • സ്കൂള്‍ ബ്ലോഗുകള്‍ വിജയത്തിലെത്തിച്ച മുഴുവന്‍ അധ്യാപകരെയും യോഗം അഭിനന്ദിച്ചു. ബ്ലോഗുകളില്‍ അക്കാദമിക ഉള്ളടക്കം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും വിലയിരുത്തി. ഓഫീസര്‍മാരുടെ ബ്ലോഗുകള്‍ കൂടുതല്‍ ഉള്ളടക്കം ചേര്‍ത്ത് സജീവമാക്കണമെന്നും ആഭിപ്രായങ്ങള്‍ ഉണ്ടായി.

Friday, 7 November 2014

ബ്ലെന്റ് ഉദ്ഘാടനം - ഒരു ഫോട്ടോ ഷൂട്ട്

ബ്ലെന്റ് ഉദ്ഘാടനത്തിന്റെയും ഐ ടി സെമിനാറിന്റെയും ദൃശ്യങ്ങള്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ നിയാസ് ചെമ്മനാടിന്റെ ക്യാമറക്കണ്ണിലൂടെ....












ഡയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനം

" വിദ്യാഭ്യാസരംഗത്ത് മാതൃകകള്‍ സൃഷ്ടിക്കാനും നിലവിലുളള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇടപെടേണ്ട അക്കാദമികസ്ഥാപനമാണ് ഡയറ്റ്.
പക്ഷേ പല ഡയറ്റുകളും സമൂഹത്തിന്റെ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ല.ഡയറ്റുകള്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയില്ലാത്തവയോ ആവര്‍ത്തനവിരസതയുളളതോ ആണ് എന്ന വിമര്‍ശനം നിലവിലുണ്ട്ഓരോ വര്‍ഷവും ജില്ലിയിലെ അക്കാദമിക രംഗത്ത് എന്തു ഉണര്‍വുണ്ടാക്കാന്‍ ഓരോ ഡയറ്റിനും കഴിഞ്ഞു എന്നതില്‍ ആത്മപരിശോധന നടത്താന്‍  പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ് കാസര്‍ഗോഡ് ഡയറ്റിന്റെ ഇടപെടല്‍. ആ ഡയറ്റിലെ സാരഥികളെ എന്റെ അനുമോദനം അറിയിക്കുന്നു...."
" ചൂണ്ടുവിരല്‍ " എന്ന പ്രശസ്ത വിദ്യാഭ്യാസബ്ലോഗില്‍ വന്ന ഒരു പോസ്റ്റിലെ പരാമര്‍ശമാണിത്.
 ജില്ലയില്‍ നടന്നു വരുന്ന വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കുമുള്ള അംഗീകാരമായി ഈ വാചകങ്ങളെ കാണാവുന്നതാണ്. മറ്റനേകം പേര്‍ക്കൊപ്പം ഡയറ്റും അതിലൊരു കണ്ണിയായി പ്രവര്‍ത്തിച്ചു എന്നു മാത്രം.അതിലൂടെ ഡയറ്റിന്റെ പ്രവര്‍ത്തനവും മെച്ചപ്പെട്ടു.

മികച്ച ബ്ലോഗുകള്‍



http://animatedimagepic.com/image/congratulations/congratulations-1215.gif


ബ്ലെന്റ് പൂര്‍ത്തീകരണ പ്രഖ്യാപനത്തോടൊപ്പം മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാര വിതരണം നടന്നു. താഴെ ചേര്‍ത്ത സ്കൂളുകള്‍ പുരസ്കാരത്തിന് അര്‍ഹമായി.

ഹൈസ്കൂള്‍ വിഭാഗം
യു പി വിഭാഗം
എല്‍ പി വിഭാഗം
വിജയികള്‍ക്ക് ഡയറ്റിന്റെ അഭിനന്ദനങ്ങള്‍...

കാസര്‍ഗോഡ് ഇനിമുതല്‍ ബ്ലോഗ് ജില്ല

BLEND ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നവമ്പര്‍ 6 ന് നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും പി കരുണാകരന്‍ എം പി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരുന്നു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
സ്മാര്‍ട്ട് @ 10 ഡി വി ഡി യുടെ പ്രകാശനവും ഗൂഗിള്‍ അവാര്‍ഡ് നേടിയ നളിന്‍ സത്യനുള്ള പുരസ്കാരവിതരണവും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ സുജാത നിര്‍വഹിച്ചു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ബ്ലെന്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എസ്എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എം ബാലന്‍, ഡിഇഒ സൗമിനി കല്ലത്ത് ആശംസകള്‍ നേര്‍ന്നു.
ഡിഡിഇ സി രാഘവന്‍ സ്വാഗതവും ഡിഇഒ എന്‍ സദാശിവനായിക്ക് നന്ദിയും പറഞ്ഞു.







തുടര്‍ന്നു നടന്ന  ഐ ടി സെമിനാറില്‍ ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു.  
  • ഇ പി രാജഗോപാലന്‍ ( നവമാധ്യമങ്ങള്‍-ഒരു സാംസ്കാരിക വായന)
  •  ടി പി കലാധരന്‍ (നവസാങ്കേതികവിദ്യയുടെ വിദ്യാഭ്യാസ സാധ്യതകള്‍)
  •  കെ സത്യശീലന്‍ (ടെക്സ്റ്റ് ഉത്പാദനത്തിലെ നൂതനസങ്കേതങ്ങള്‍)
എന്നിവര്‍ സെമിനാറില്‍  വിഷയാവതരണം നടത്തി.
ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും കെ വിനോദ്കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു. 

Monday, 3 November 2014

BLEND ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും

BLEND ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും കാസര്‍ഗോഡ് മുനിസിപ്പല്‍ ഹാളില്‍ നവമ്പര്‍ 6 ന്. 10 മണിക്ക് പ്രഖ്യാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും പി കരുണാകരന്‍ എം പി നിര്‍വഹിക്കും. 

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യും. 

സ്മാര്‍ട്ട് @ 10 ഡി വി ഡി യുടെ പ്രകാശനം കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള നിര്‍വഹിക്കും. 

ഗൂഗിള്‍ അവാര്‍ഡ് നേടിയ നളിന്‍ സത്യനുള്ള പുരസ്കാരവിതരണം കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് ചെയര്‍ പേഴ്സണ്‍ അഡ്വ. മുംതാസ് ഷുക്കൂര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരിക്കും.

11 മണിക്ക് ആരംഭിക്കുന്ന ഐ ടി സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.

 ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ 
  • ഇ പി രാജഗോപാലന്‍ ( നവമാധ്യമങ്ങള്‍-ഒരു സാംസ്കാരിക വായന)
  •  ടി പി കലാധരന്‍ (നവസാങ്കേതികവിദ്യയുടെ വിദ്യാഭ്യാസ സാധ്യതകള്‍)
  •  കെ സത്യശീലന്‍ (ടെക്സ്റ്റ് ഉത്പാദനത്തിലെ നൂതനസങ്കേതങ്ങള്‍)
എന്നിവര്‍ വിഷയാവതരണം നടത്തും.