ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Friday 26 April 2013

ഓര്‍മകളുടെ തിരുമുറ്റത്തേക്ക്...

അധ്യാപനത്തിന്റെ മധുരം ആവോളം നുകര്‍ന്ന ഓര്‍മകളുടെ തിരുമുറ്റത്തേക്ക് കൃഷ്ണന്‍ മാസ്റ്റര്‍ വീണ്ടുമെത്തുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി. വി. കൃഷ്ണനാണ് ആര്‍ട്ട് ആധ്യാപകനായി താന്‍ വളരെക്കാലം ജോലിചെയ്ത പഴയ മായിപ്പാടി ട്രെയിനിങ്ങ് സ്കൂളില്‍ 28.04.2013 ന്  എത്തുന്നത്.
ഇന്ന് ആ സ്ഥാപനം ഡയറ്റ് എന്ന പുതിയ പേരിലാണ് അറിയപ്പെടുന്നതെങ്കിലും കൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഇത് പഴയ ബേസിക് ട്രെയിനിങ്ങ് സ്കൂള്‍ തന്നെ.
തന്റെ ഒരു സഹപ്രവര്‍ത്തകന്റെ രണ്ടാം തലമുറയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന മാസ്റ്ററെ ടി. ടി. സി വിദ്യാര്‍ഥികളുടെ സഹവാസ ക്യാംപില്‍ ക്ലാസെടുക്കാന്‍ ക്ഷണിച്ചതോടെയാണ് ഈ അപൂര്‍വമായ പുന:സമാഗമത്തിനു വേദിയൊരുങ്ങിയത്.
തനിക്ക് പ്രിയതമയെ കൂടി സമ്മാനിച്ച പഴയ മായിപ്പാടി ഓര്‍മകള്‍ക്ക് സുഗന്ധം തൂകാനെന്നവണ്ണം മേഴ്സിട്ടീച്ചര്‍ കൂടി ഈ യാത്രയില്‍ ഒപ്പമുണ്ട് എന്നത് ഈ തിരിച്ചുവരവിന് ഇരട്ടിമധുരം പകരുന്നു...
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മികച്ച ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റിനുള്ള 2009ലെ കെ. എസ്. പിള്ള സ്മാരക കാര്‍ട്ടൂണ്‍ പുരസ്കാരം നേടിയത് കാര്‍ട്ടൂണിസ്റ്റ് പി. വി. കൃഷ്ണനായിരുന്നു. മലയാള രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്തെ ആചാര്യ സ്ഥാനീയനായ കെ. എസ്. പിള്ളയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഏര്‍പ്പെടുത്തിയതാണ് കാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന ഈ പുരസ്കാരം.
'സാക്ഷി' എന്ന പംക്തിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പി.വി.കൃഷ്ണന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചീഫ് ആര്‍ട്ടിസ്റ്റായിരുന്നു. മികച്ച ഫോട്ടോഗ്രാഫറും ചിത്രകാരനുമായ കൃഷ്ണന്‍ കേരള ലളിത കലാ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


വരവഴിയിലെ കൃഷ്ണസ്പര്‍ശം

No comments:

Post a Comment